മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രമുഖ യൂട്യൂബറും സിനിമാ റിവ്യൂവറുമായ അശ്വന്ത് കോക്കിനെതിരെ (അശ്വന്ത്) പൊലീസ് വീണ്ടും കേസെടുത്തു. ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ് നടക്കാവ് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ പൊലീസിന് ഹാജരാക്കിയ ലൈസന്‍സിന്റെ കാലാവധി ഒരു വര്‍ഷം മുന്‍പേ അവസാനിച്ചതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
2005 ഫെബ്രുവരി 17-ന് അനുവദിച്ച ഡ്രൈവിങ് ലൈസന്‍സാണ് അശ്വന്തിന്റെ കൈവശം ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി 2025 ഫെബ്രുവരി 16-ന് അവസാനിച്ചിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാതെയാണ് ഇയാള്‍ മദ്യലഹരിയില്‍ വാഹനം ഓടച്ച് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് നഗരത്തില്‍ അശ്വന്ത് മദ്യപിച്ച് ഓടിച്ച വാഹനം അപകടം സൃഷ്ടിച്ചത്. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറിലും ഇരുചക്രവാഹനത്തിലും അതിശക്തമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
അപകടം ഉണ്ടാക്കിയ ഉടന്‍ തന്നെ വാഹനവുമായി സ്ഥലത്തുനിന്ന് കടന്നുകളയാന്‍ അശ്വന്ത് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ നടക്കാവ് പൊലീസിന് കൈമാറിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തുകയും മദ്യപിച്ചിരുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
അപകടത്തില്‍ തകരാര്‍ സംഭവിച്ച വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അപകടം നടന്ന ദിവസം ഡ്രൈവിങ് ലൈസന്‍സ് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കൈവശമില്ലെന്നായിരുന്നു അശ്വന്തിന്റെ മറുപടി. ലൈസന്‍സ് വീട്ടിലാണെന്നും പിന്നീട് സ്റ്റേഷനില്‍ എത്തിക്കാമെന്നും ഇയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ ഹാജരാക്കിയ ലൈസന്‍സ് രേഖകള്‍ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വന്‍ വീഴ്ച പുറത്തുവന്നത്. ലൈസന്‍സിന്റെ കാലാവധി തീര്‍ന്നിട്ട് ഒരു വര്‍ഷത്തിലേറെയായെന്ന് വ്യക്തമായതോടെ അശ്വന്ത് വീണ്ടും നിയമക്കുരുക്കിലായി.
ലൈസന്‍സ് ഇല്ലാതെയും കാലാവധി കഴിഞ്ഞ രേഖകള്‍ വച്ചും വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം പുതിയ കേസ് ചാര്‍ജ് ചെയ്യുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. ഇതോടെ കേസില്‍ അശ്വന്തിനുള്ള ശിക്ഷാ നടപടികള്‍ കൂടുതല്‍ കടുക്കും. അതേസമയം, വിഷയം ഗൗരവമായി എടുത്ത മോട്ടോര്‍ വാഹന വകുപ്പും അശ്വന്തിനെതിരെ കര്‍ശന നിലപാടിലാണ്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പശ്ചാത്തലത്തില്‍, ഇയാളുടെ ലൈസന്‍സ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുതുക്കി നല്‍കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
അപകടത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ അശ്വന്ത് കോക്ക്, തന്റെ യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പങ്കുവെച്ച സിനിമാ റിവ്യൂവിനിടെ സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. തനിക്ക് സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്നും ഇനി ഒരിക്കലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്നും ഇയാള്‍ വീഡിയോയിലൂടെ വ്യക്തിമാക്കിയിരുന്നു.