സൗന്ദര്യസങ്കല്‍പ്പത്തിലെ മാറ്റ് കൂട്ടുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തലമുടി. മുടിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളെല്ലാവരും. എന്തൊക്കെ തന്നെ പരീക്ഷിച്ച നോക്കിയാലും അഴകുള്ള മുടി സൗന്ദര്യത്തിന് അവസാനമെത്തുക പ്രകൃതിയില്‍ തന്നെയാണ്. മുടിയെ കുറിച്ചുള്ള സ്ത്രീകളുടെ പ്രശനങ്ങള്‍ പലതാണ് ഉള്ളു കുറവ്,കറുപ്പു നിറം,നീണ്ട മുടി അങ്ങനെയെല്ലാം.
സാധാരണയായി, വര്‍ഷത്തില്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെയാണു മുടി വളരുക. എന്നാല്‍ പാരമ്പര്യം, മുടിയുടെ ഘടന, ആരോഗ്യം എന്നിവയെ ആശ്രയിച്ചു മുടിയുടെ വളര്‍ച്ചാതോത് വ്യത്യാസപ്പെടും. ഏതു തരം മുടിക്കും ഏറ്റവും പ്രധാനമായി വേണ്ടതു മൂന്നു കാര്യങ്ങളാണ്. രോഗമില്ലാത്ത അവസ്ഥ, പോഷകങ്ങള്‍, ആവശ്യമായ പരിചരണം.
ഇവ ചേര്‍ന്നാല്‍ അഴകും ആരോഗ്യവും തിളങ്ങുന്ന മുടി സ്വന്തമാക്കാം. മുടിയുടെ വളര്‍ച്ച കൂട്ടാന്‍ പ്രകൃതിദത്തമായ കൂട്ടുകള്‍ ഉപയോഗിച്ചുള്ള മരുന്നുകളും എണ്ണകളും സഹായിക്കും. അഴകുള്ള മുടിക്കു പ്രകൃതിയില്‍ നിന്നു തന്നെയുള്ള കൂട്ടുകള്‍ ഇതാ.
ആരോഗ്യവും അഴകുമുള്ള മുടിക്ക് എന്തെല്ലാം ചെയ്യണം?
* ഇരുമ്പ് ചീനച്ചട്ടിയില്‍ അമ്പതു ഗ്രാം ഉണക്ക നെല്ലിക്ക വേവിച്ചു കുഴമ്പു പരുവത്തിലാക്കി വയ്ക്കുക. പിറ്റേദിവസം ഇത് അരച്ചെടുത്തു തലയില്‍ പൊതിയണം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. ഇതു മുടികൊഴിച്ചില്‍ അകറ്റാനും മുടി കറുക്കാനും സഹായിക്കും.
* ഒരു പിടി നെല്ലിക്ക ഒരു കപ്പ് തൈരില്‍ കുതിര്‍ത്തു വയ്ക്കുക. ഇത് പിറ്റേദിവസം അരച്ചു ശിരോചര്‍മത്തിലും മുടിയിലും പുരട്ടി അരമണിക്കൂറിനുശേഷം കുളിക്കുക. താരന്‍ അകലാനും നര മാറാനും ഉത്തമം.
* ഒരു വലിയ സ്പൂണ്‍ മൈലാഞ്ചി ഉണക്കിപ്പൊടിച്ചതില്‍ അര ചെറിയ സ്പൂണ്‍ തേങ്ങാവെള്ളം ചാലിച്ച് തലയില്‍ പുരട്ടുന്നതു മുടിക്കു നിറം നല്‍കാന്‍ നല്ലതാണ്.
* കീഴാര്‍നെല്ലി ചതച്ചതിന്റെ നീര് (ഒരു വലിയ സ്പൂണ്‍) തലയില്‍ പുരട്ടി മസാജ് ചെയ്യുക. മുടി കൊഴിച്ചില്‍ മാറും.
* നാല് വലിയ സ്പൂണ്‍ ഉലുവ കുതിര്‍ത്ത് അരച്ചതില്‍ മൂന്ന് വലിയ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തു തലയില്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. താരന്‍ അകലും.
മുടി വളരാന്‍ എണ്ണകള്‍
* കയ്യോന്നിയില ഇടിച്ചു പിഴിഞ്ഞ നീര് അമ്പതു മില്ലി ലീറ്റര്‍ എടുക്കുക. ഇതു നാലിരട്ടി വെളിച്ചെണ്ണയില്‍ ചേര്‍ത്തു കാച്ചിയത് അരിച്ചെടുത്തു ദിവസേന തലയില്‍ പുരട്ടുക. മുടി കൊഴിച്ചില്‍ അകലും. മുടി തഴച്ചു വളരും.
* കറിവേപ്പില, ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവിന്റെ ഇതള്‍ ഇവ നാലിരട്ടി എണ്ണയില്‍ ഇട്ടു കാച്ചിയെടുക്കുക. ഇതു ദിവസേന തലയില്‍ പുരട്ടണം.
* കറ്റാര്‍വാഴയുടെ ഉള്ളിലെ നീരെടുത്ത് നാലിരട്ടി എണ്ണയില്‍ കാച്ചുക. ഇതു ദിവസവും തലയില്‍ തേച്ചു കുളിക്കുക.
മുടിക്കും വേണം പോഷകമുള്ള ആഹാരം
* നെല്ലിക്കാ ജ്യൂസ് അല്‍പം പഞ്ചസാര ചേര്‍ത്തു കഴിക്കുന്നതു മുടിയുടെ വളര്‍ച്ചയെ സഹായിക്കും.
* ദിവസവും ഒരു വലിയ സ്പൂണ്‍ എള്ള് കഴിക്കുക. എള്ള് അല്‍പം ശര്‍ക്കര ചേര്‍ത്തോ വീട്ടില്‍ത്തന്നെ എള്ളുണ്ടയുണ്ടാക്കിയോ കഴിക്കാം.
* മുപ്പത് മില്ലി ലീറ്റര്‍ കറ്റാര്‍വാഴയുടെ നീരില്‍ തൊണ്ണൂറ് മില്ലി ലീറ്റര്‍ വെള്ളം ചേര്‍ത്തു കുടിക്കുക.
* ചെറുപയര്‍ മുളപ്പിച്ചോ അല്ലാതെയോ വേവിച്ചത്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയില്‍ മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ സാലഡാക്കി കഴിക്കുന്നത് ഉത്തമമാണ്.
മുടിയെ എങ്ങനെ പരിചരിക്കാം
* മുടിയില്‍ എണ്ണ തേച്ചു മസാജ് ചെയ്യുന്നതു മുടിക്കു നല്ലതാണ്. അറ്റം പിളരുന്നതു തടയാന്‍ വരണ്ട മുടിയുള്ളവര്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും തലയില്‍ നന്നായി എണ്ണ തേച്ചു പിടിപ്പിക്കണം.
* എണ്ണ തേച്ച് അര മണിക്കൂറോ രണ്ട് മണിക്കൂറോ ഇരിക്കേണ്ടതില്ല. പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുന്നതാണു നല്ലത്. എണ്ണ തേച്ചു കഴിഞ്ഞു ശരീരം ചൂടാവരുത്. എണ്ണ തേച്ചു ജോലികള്‍ ചെയ്യുകയോ ശരീരം വിയര്‍ക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്താല്‍ തല ചൂടാവും. ഇതു മുടി കൊഴിയാന്‍ ഇടയാക്കും. എണ്ണമെഴുക്ക് കളയാന്‍ പയറുപൊടിയോ കടലമാവോ താളിയോ ഉപയോഗിക്കാം. കുറഞ്ഞ അളവിലാണ് എണ്ണ തേക്കുന്നതെങ്കില്‍ വെറുതെ കഴുകി വൃത്തിയാക്കിയാല്‍ മാത്രം മതിയാകും.
* ദിവസവും ഷാംപൂവോ താളിയോ പുരട്ടുന്നതു മുടിക്കു നല്ലതല്ല. ആഴ്ചയിലൊരിക്കല്‍ മൈല്‍ഡ് ഷാംപൂവോ താളിയോ തേച്ചു കുളിക്കണം. ഇതു ശിരോചര്‍മത്തിലെ അഴക്കും പൊടിയും അകലാന്‍ സഹായിക്കും. കടലമാവ് തേങ്ങാപ്പാലില്‍ ചേര്‍ത്തു തല കഴുകുന്നതു മുടി വൃത്തിയാകാന്‍ നല്ലതാണ്.
* ചൂടുവെള്ളത്തില്‍ കുളിക്കുന്നതു മുടി കൊഴിയാന്‍ ഇടയാക്കും. ചൂടാറിയ ശേഷം കുളിക്കുന്നതാണ് ഉത്തമം.