സോഷ്യല്‍ മീഡിയയില്‍ തരംഗമായ മോഹന്‍ലാല്‍ ആരാധകന്റെ ചിത്രത്തെക്കുറിച്ചുള്ള സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ലാലേട്ടന്റെ വിന്റേജ് ലുക്കുകള്‍ പ്രിന്റ് ചെയ്ത ജാക്കറ്റ് ധരിച്ച ഒരാളുടെ ചിത്രം തരുണ്‍ മൂര്‍ത്തിയുടേതാണെന്ന പ്രചരണത്തിനാണ് താരം തന്നെ ഇപ്പോള്‍ വിരാമമിട്ടിരിക്കുന്നത്.
ആ ജാക്കറ്റിന് പിന്നില്‍ ഞാനല്ല! മോഹന്‍ലാലിന്റെ പഴയകാലത്തെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ജാക്കറ്റ് ധരിച്ച ഒരാള്‍ നില്‍ക്കുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ മുഖം വ്യക്തമല്ലാത്തതിനാല്‍, മോഹന്‍ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഇതെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ 'സിംപ്ലി മോളിവുഡ്' എന്ന ഇന്‍സ്റ്റാഗ്രാം പേജിലെ പോസ്റ്റിന് താഴെ തരുണ്‍ നേരിട്ടെത്തി മറുപടി നല്‍കി. 'നിര്‍ഭാഗ്യവശാല്‍ അത് ഞാനല്ല!' എന്നായിരുന്നു തരുണിന്റെ രസകരമായ കമന്റ്. സംവിധായകന്റെ ഈ വെളിപ്പെടുത്തലോടെ, ലാലേട്ടനോടുള്ള തന്റെ ഇഷ്ടം ജാക്കറ്റിലൂടെ പ്രകടിപ്പിച്ച ആ അജ്ഞാതനായ ആരാധകന്‍ ആരാണെന്ന തിരച്ചിലിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
അതേസമയം, 'എല്‍366' മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'എല്‍366' (L366) എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് കോപ്പ് ഡ്രാമയായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ടി.എസ്. ലവ്ലജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ലാലേട്ടന്‍ എത്തുന്നത്. 'തുടരും' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ആ സൂപ്പര്‍ഹിറ്റ് ടീം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്റ്റര്‍ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് യൂണിഫോം അണിയുന്ന ചിത്രമാണിത്. പൊലീസ് യൂണിഫോമില്‍ തന്നെയാണ് ആദ്യ ലുക്ക് പോസ്റ്ററും പുറത്തെത്തിയിരിക്കുന്നത്. എന്നാല്‍ അത് വീട്ടകത്തിലുള്ള പൊലീസുകാരനാണെന്ന് മാത്രം. ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തിയതുപോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം.
ഷര്‍ട്ടിന്റെ ഇന്‍സര്‍ട്ട് അഴിച്ചിട്ടുണ്ട്, ബൂട്ടുകള്‍ കൈയില്‍ പിടിച്ച്, കാലില്‍ സ്ലിപ്പര്‍ ആണ് ധരിച്ചിരിക്കുന്നത്. ടി എസ് ലവ്‌ലജന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മനുഷ്യ രൂപത്തിലുള്ള ശുദ്ധമായ സ്‌നേഹം എന്നാണഅ അണിയറക്കാര്‍ കഥാപാത്രത്തെ പോസ്റ്ററിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ഇറങ്ങിയ ഉടന്‍ വന്‍ വരവേല്‍പ്പാണ് പോസ്റ്ററിന് ലഭിക്കുന്നത്.
പുതിയ ചിത്രത്തിന് വേണ്ടി പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വര്‍ഷങ്ങളായി നിലനിര്‍ത്തിയിരുന്ന താടിയുള്ള ഗെറ്റപ്പ് അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. താടി പൂര്‍ണ്ണമായും നീക്കി കട്ടി മീശ വച്ചാണ് പൊലീസ് ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 366-ാം ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്.