നവജാതശിശുക്കള്‍ക്കും കുട്ടികള്‍ക്കും സോപ്പും ഡിറ്റര്‍ജന്റും അടങ്ങാത്ത, പി.എച്ച് മൂല്യം 5.5 ഉള്ള ദ്രവരൂപത്തിലുള്ള ക്ലീന്‍സറുകളാണ് നല്ലത്. പ്രത്യേകിച്ച് കുഞ്ഞിന്റേത് വരണ്ട ചര്‍മമോ എക്‌സിമ ഉള്ള ചര്‍മമോ ആണെങ്കില്‍. അധിക ചര്‍മരോഗ വിദഗ്ധരും സെറ്റഫില്‍ ഉല്‍പന്നങ്ങളാണ് നിര്‍ദേശിക്കാറ്. കുളിപ്പിക്കുന്ന വെള്ളത്തില്‍ സുഗന്ധമില്ലാത്ത കുളിയെണ്ണകള്‍ ചേര്‍ക്കാവുന്നതാണ്. സീസെയിം ഓയില്‍, അവീനോ ബാത്ത് ഓയില്‍ എന്നിവ മികച്ച കുളിയെണ്ണകളാണ്. എസ്.എല്‍.എസ് അടങ്ങാത്ത ബേബി ഷാംപുകള്‍ കണ്ണില്‍ എരിച്ചിലും വെള്ളമൊഴുക്കലും ഉണ്ടാക്കില്ല. അതിനാല്‍ ദിവസവും ഉപയോഗിക്കാന്‍ സുരക്ഷിതവുമാണ്. സസ്യ എണ്ണയോ ലാനോലിനോ അടങ്ങിയ മോയിസ്ചറൈസറുകള്‍ ഗന്ധമില്ലാത്തതായിരിക്കണം. വേനല്‍ക്കാലത്ത് ലോഷനുകളും തണുപ്പുകാലത്ത് ക്രീമുകളും ഉപയോഗിക്കുക. ബ്ലാന്‍ഡ് പെട്രോളിയം ജെല്ലി അല്ലെങ്കില്‍ കൊക്കോ ബട്ടര്‍ എന്നിവ വിഷമുക്തവും സംരക്ഷകങ്ങള്‍ ചേര്‍ക്കാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവ സെന്‍സിറ്റീവായ ചര്‍മക്കാര്‍ക്കും യോജിച്ചതാണ്.
ആറുമാസത്തില്‍ കുറഞ്ഞ പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ ഡോക്ടര്‍മാര്‍ സണ്‍സ്‌ക്രീന്‍ ശിപാര്‍ശ ചെയ്യാറില്ല. രണ്ട് വയസ്സുവരെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പുറത്തുപോകുമ്പോള്‍ കുട്ടിയെ തൊപ്പി അണിയിക്കുകയോ കുട ചൂടിക്കുകയോ ചെയ്യാം. സുഖകരമായ, ഭാരം കുറഞ്ഞ, വായുസഞ്ചാരം നല്‍കുന്ന ഫുള്‍ സ്ലീവ് വസ്ത്രങ്ങളാണ് അനുയോജ്യം. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കലാമിന്‍ അല്ലെങ്കില്‍ സിങ്ക് അടിസ്ഥാനമായ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം. രണ്ട് വയസ്സിന് ശേഷം കുട്ടികള്‍ക്ക് അനുയോജ്യമായ സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കാം. ഡയപ്പര്‍ ധരിക്കുന്ന ഭാഗത്തെ ഈര്‍പ്പം വലിച്ചെടുക്കാന്‍ ടാല്‍ക്കം പൗഡര്‍ സഹായിക്കും. ചര്‍മമടക്കുകള്‍ അഴുകുന്നത് പ്രതിരോധിക്കാന്‍ ഇത് സഹായിക്കും. ടാല്‍ക്കം പൗഡറുകളില്‍ അടങ്ങിയിരിക്കുന്ന ബോറിക് ആസിഡ് കുട്ടികളില്‍ ഛര്‍ദ്ദി, വയറിളക്കം, ശ്വാസകോശത്തില്‍ നീര്‍വീക്കം, അപസ്മാരം എന്നിവയുണ്ടാക്കും. ടാല്‍ക്കം പൗഡര്‍ കുട്ടികള്‍ ശ്വസിക്കാനിടയാകുന്നത് അപകടമുണ്ടാക്കുമെന്നതിനാല്‍ പൗഡര്‍ പഫ് ഉപയോഗിക്കരുത്. കഴുത്തിലും കക്ഷത്തും പൗഡര്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ കൈവിരല്‍ കൊണ്ട് പുരട്ടുക.