നിങ്ങളുടെ ചര്‍മ്മം ചിലപ്പോള്‍ വരണ്ടതാക്കും. മഞ്ഞുകാലത്താണ് ഇത് കൂടുതല്‍ സംഭവിക്കുന്നത്, തൊടുമ്പോള്‍ വരണ്ട പരുക്കന്‍ ചര്‍മ്മം നിങ്ങള്‍ക്ക് അനുഭവപ്പെടും.. ചിലപ്പോള്‍ ഇത് അടരുകളായി മാറിയേക്കാം. ചര്‍മത്തിന്റെ ഏറ്റവും പുറത്തുള്ള പാളിയില്‍ വേണ്ട ആരോഗ്യകരമായ കൊഴുപ്പുകളും ഘടകങ്ങളും ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
സാധാരണയായി മൃതചര്‍മങ്ങളും സ്വാഭാവിക എണ്ണമയവുമാണ് ചര്‍മത്തിന്റെ ഏറ്റവും മുകളിലുള്ള പാളികളിലുണ്ടാവുക. അതാണ് ചര്‍മത്തെ വളരെ മൃദുവായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. പക്ഷേ ചര്‍മത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയില്‍ ജലാംശമില്ലെങ്കില്‍ ചര്‍മം വരണ്ടതാകാന്‍
സാധ്യതയുണ്ട്. ചര്‍മം വരളാനുള്ള മറ്റുള്ള കാരണങ്ങള്‍ ഇവയാണ്:-
1. സുഗന്ധമുള്ള സൗന്ദര്യ ഉത്പന്നങ്ങള്‍
ശരീരത്തിന് സുഗന്ധം പകരാന്‍ നമ്മളുപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളും ചര്‍മത്തിന് അലര്‍ജിയുണ്ടാക്കുന്നവയാണ്. ചര്‍മവീക്കം, ചൊറിച്ചില്‍ അങ്ങനെ പല അസ്വസ്ഥതകളും ഇതുണ്ടാക്കും. അത്തരം അലര്‍ജികള്‍ ചര്‍മത്തെ വരണ്ടതാക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളില്‍ കടുത്ത മണമുള്ള ഡിയോഡറന്റുകള്‍, പെര്‍ഫ്യൂമുകള്‍ മുതലായവ ചര്‍മവുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യമൊഴിവാക്കുക. പെര്‍ഫ്യൂം പോലെയുള്ള വസ്തുക്കള്‍ തീര്‍ത്തും ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ അത് വസ്ത്രങ്ങളില്‍ മാത്രമായി പുരട്ടാം. അതിനു ശേഷം ആ വസ്ത്രങ്ങളണിയാം.
2. സോപ്പിന്റെയും ഷാംപുവിന്റെയും അമിത ഉപയോഗം
കുളിക്കാനുപയോഗിക്കുന്ന ചില സോപ്പുകള്‍, ഷാംപു, അലക്കാനുപയോഗിക്കുന്ന സോപ്പുപൊടികള്‍ എന്നിവ ശരീരത്തിലും തലയോട്ടിയിലും പലവിധത്തിലുള്ള അലര്‍ജികള്‍ക്ക് കാരണമാകാറുണ്ട്. എണ്ണമയത്തെ വലിച്ചെടുക്കാനുള്ള ശേഷി അവയ്ക്കുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ ഫെയ്‌സ്വാഷുകള്‍, അലക്കാനുള്ള സോപ്പുപൊടി, കുളിക്കാനുള്ള ബോഡിവാഷുകള്‍ തുടങ്ങിയവ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം.
3. ജനിതകപരമായ കാരണങ്ങള്‍
ചിലരുടെ ചര്‍മം വരണ്ടതാകാനുള്ള കാരണം ജനിതകപരമായിരിക്കും. ജനസംഖ്യയില്‍ പത്തു ശതമാനത്തിലധികം പേരും വരണ്ട ചര്‍മത്താല്‍ ദുരിതമനുഭവിക്കുന്നവരാണ്. എക്‌സിമ പോലെയുള്ള ചര്‍മരോഗത്തിലേക്ക് പലപ്പോഴും നയിക്കുന്നത് വരണ്ട ചര്‍മമാണ്. വരണ്ട ചര്‍മമുള്ളവര്‍ നിങ്ങളുടെ കുടുംബത്തിലുണ്ടെങ്കില്‍ എല്ലാവരും തന്നെ മോയിസ്ചറൈസിങ് ക്രീമുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്
4. കട്ടിയുള്ള വെള്ളം
കാല്‍സ്യം, മഗ്‌നീഷ്യം പോലെയുള്ള ധാതുക്കള്‍ കൂടുതലായടങ്ങിയ വെള്ളം ഉപയോഗിക്കുന്നത് ചര്‍മം വരളാന്‍ കാരണമാകാം. ഇത് ചര്‍മത്തിനുമേല്‍ ഒരു പാളി സൃഷ്ടിക്കുന്നതിനാല്‍ അത് ചര്‍മം വരണ്ടതാകാന്‍ കാരണമാകുന്നു. ജലശുദ്ധീകരണ സംവിധാനം വീട്ടിലുണ്ടായാല്‍ ഈ സ്ഥിതി ഒഴിവാക്കാം. അതുകൂടാതെ വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.
5. ദീര്‍ഘനേരം ചൂടുവെള്ളത്തിലുള്ള കുളി
ചൂടുവെള്ളം വീഴുന്ന ഷവറിനു താഴെനിന്ന് ദീര്‍ഘസമയമെടുത്തു കുളിച്ചാല്‍ അത് തീര്‍ച്ചയായും ചര്‍മം വരളാന്‍ കാരണമാകും. പ്രത്യേകിച്ചും നല്ല തണുപ്പുള്ള കാലാവസ്ഥയില്‍. അത് പലവിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഇത് ചര്‍മത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെടാന്‍ കാരണമാകും. ചൂടുവെള്ളത്തില്‍ കുളിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ വളരെ വേഗം കുളിച്ച് തോര്‍ത്താന്‍ ശ്രദ്ധിക്കണം.
കറ്റാര്‍വാഴ മാജിക്കല്‍ പായ്ക്ക്
ഒരു വലിയ സ്പൂണ്‍ കറ്റാര്‍വാഴ ജെല്ലിലേക്ക് ഒരു ചെറിയ ഷിയ ബട്ടര്‍ ചേര്‍ത്തു നന്നായി യോജിപ്പിച്ചു മുഖത്തു പുരട്ടാം. അര മണിക്കൂറിനുശേഷം വെള്ളത്തില്‍ മുക്കിയ തുണികൊണ്ടു തുടച്ചു മാറ്റാം.<