ശരീരത്തില്‍ പുറമെയും അകത്തും പല മാറ്റങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട്. എന്നാല്‍, അത് എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാറുണ്ടോ? ചിലത് ചില രോഗലക്ഷണങ്ങളാവാം. ചിലത് കാലാവസ്ഥയുടെയോ മറ്റോ മാറ്റം കൊണ്ട് സംഭവിക്കുന്നതാകാം. അതെന്തൊക്കെയാണെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. പക്ഷേ, ചില മാറ്റങ്ങള്‍ തുടക്കത്തിലേ നാം തിരിച്ചറിയുകയാണെങ്കില്‍ ഗുരുതരമായ അസുഖമാകുന്നതിന് മുന്നെ ചെറുക്കാന്‍ സാധിക്കുകയും ചെയ്യും.
അകാരണമായി വയറുവീര്‍ക്കുന്ന പ്രശ്നം പലപ്പോഴും നേരിട്ടിട്ടുണ്ടാവാം. ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഇത് തള്ളിക്കളഞ്ഞിട്ടുമുണ്ടാകാം. നിങ്ങളുടെ വയറ്റില്‍ ആഹാരമോ ഫ്ളൂയിഡോ ഗ്യാസോ നിറയുന്നത് എപ്പോഴാണെന്ന് അറിയാമോ? ഒന്നുകില്‍ നിങ്ങളുടെ ദഹനപ്രക്രീയ ശരിയായി നടക്കാത്ത സമയത്ത്. അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഫുഡ് അലര്‍ജി സംഭവിക്കുമ്പോള്‍. ഹോര്‍മോണ്‍ തകരാറുകൊണ്ടും ഇതുസംഭവിക്കാം. വലിച്ചുവാരിത്തിന്നാലും വയറുവന്നു വീര്‍ക്കും.
തൊലിപ്പുറതത്ത് ചുവന്ന പാടുകളുണ്ടാവുക, കുരുക്കള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ പലപ്പോഴും ഹോര്‍മോണ്‍ ഇന്‍ബാലന്‍സിന്റെ ഫലമാകാം. ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ ഇതിന് കാരണമാകും. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം ഉള്ള സ്ത്രീകള്‍ക്കും മുഖക്കുരുവും പാടുകളും കൂടുതലാവാം. മുഖത്ത് കൂടുതല്‍ രോമങ്ങള്‍ വളരുന്നതും ക്രമം തെറ്റിയ ആര്‍ത്തവവുമൊക്കെ അതിന്റെ ലക്ഷണങ്ങളാണ്.
നാവില്‍ വെള്ളപ്പാടപോലെ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും. വൈറ്റമിന്‍ ബിയുടെയും അയണിന്റെയും കുറവുണ്ടെങ്കില്‍ ഇത്തരം വെള്ളപ്പാടുകള്‍ പ്രത്യക്ഷപ്പെടും. അണുബാധമൂലവും പുകയില ഉപയോഗം മൂലവും ഇത്തരം പാടുകളുണ്ടാവാം. നഖത്തില്‍ നീളത്തിലും കുറുകെയും പാടുകള്‍ വീഴുന്നതും രോഗലക്ഷങ്ങളാണ്. നീളത്തിലുള്ള പാടുകള്‍ വിളര്‍ച്ചയുടെയും വാതത്തിന്റെയും ലക്ഷണങ്ങളാണ്.
പ്രതിരോധശേഷി കുറയുമ്പോഴാണ് വായ്പ്പുണ്ണ് പിടിപെടുന്നത്. വൈറല്‍ ഇന്‍ഫെക്ഷനുണ്ടാകുമ്പോഴാണ് ചുണ്ടുകള്‍ക്കുമേല്‍ തിണര്‍പ്പ് പ്രകടമാകുന്നത്. കണ്ണും ത്വക്കും മഞ്ഞനിറമാകുന്നതും ചില രോഗലക്ഷണങ്ങളാണ്. കണ്ണ് മഞ്ഞക്കളറാകുന്നത് കരളിന്റെ ആരോഗ്യം അത്ര മെച്ചമല്ലെന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തത്തിന്റെയും സൂചനയാകാം. ശരീരത്തില്‍ ബിലിറൂബിന്‍ വര്‍ധിക്കുമ്പോഴാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത്.
കണ്ണിന് കടച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. നിങ്ങളുടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്തോ തകരാറുണ്ടായിട്ടുണ്ടെന്നതിന്റെ സൂചനയാണത്. എന്നാല്‍, ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ തനിയെ മാറാറുണ്ട്.