ശരീരത്തെയും മനസിനെയും ഒരു പോലെ സ്വാധീനിക്കുന്ന, ഓര്‍മശക്തിയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്ന വ്യായാമം.തിരക്കേറിയ ജീവിതത്തില്‍ എല്ലാ സമ്മര്‍ദങ്ങളെയും അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഒരനുഗ്രഹമായി മാറുകയാണ് യോഗ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരികബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈര്‍ഘ്യം കൂട്ടുന്ന വ്യായാമം അതാണു യോഗാഭ്യാസം. സര്‍വരോഗ സംഹാരിയെന്നതടക്കം പല വിശേഷങ്ങളുണ്ട് യോഗക്ക്. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കു യോഗാഭ്യാസം തീര്‍ച്ചയായും ആശ്വാസം പകരും.
യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാര്‍ഥന അല്ലെങ്കില്‍ ധ്യാനത്തോടെയായിരിക്കണമെന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. ആന്തരികബാഹ്യശുദ്ധിയും യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്. രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലര്‍ച്ചെയാണ് ഏറ്റവും ഉത്തമം. ഒരിക്കലും ധൃതിയില്‍ ചെയ്യാന്‍ ശ്രമിക്കുകയുമരുത്.
നമ്മുടെ ഹൃദയ താളം, രക്തത്തിന്റെ ഒഴുക്കിന്റെ താളം, മര്‍ദ്ദം,ദഹനം നടക്കുന്നത്, തുടങ്ങിയവ മനസ്സിലാക്കാനും കാലക്രമേണ അവയെ നിയന്ത്രിക്കാനും യോഗ പരിശീലകര്‍ക്ക് കഴിയും.പക്ഷേ അതൊക്കെ സാധിച്ചെടുക്കണമെങ്കില്‍ കഠിനമായ പരിശീലനവും മുടങ്ങാത്ത അഭ്യാസവും വേണം.അതു കൊണ്ട് ഗഹനമായ വിഷയങ്ങളെക്കുറിച്ച് ആദ്യം തന്നെ ഉത്കണ്ഠ പുലര്‍ത്താതെ, താരതമ്യേന ലളിതവും എന്നാല്‍ കൂടുതല്‍ ഫലവത്തുമായ സൂര്യനമസ്‌ക്കാരം പോലെ ഉള്ളവ പരിശീലിക്കാന്‍ ശ്രമിക്കുക.ക്രമേണ മനസ്സിനെ ബാധിക്കുന്ന അസുഖങ്ങളായ ക്രോധം, ശോകം, വിദ്വേഷം, അതിമോഹം, അനുരാഗം, അസൂയ, കുശുമ്പ്, മദം, മാത്സര്യം തുടങ്ങിയവയും ശാരീരികമായി അമിത വണ്ണം, അമിത രക്തസമ്മര്‍ദം, പ്രമേഹം, ആസ്ത്മ, അസ്ഥി സന്ധി രോഗങ്ങള്‍, മലബന്ധം, അജീര്‍ണ്ണം തുടങ്ങിയ രോഗങ്ങളേയും ചെറുക്കാവുന്നതാണ്.
ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള യോഗ, ആയുര്‍വേദം, ജ്യോതിഷം, വാസ്തു തുടങ്ങിയവയുടെ ബാഹ്യകവചത്തില്‍ പൊതിഞ്ഞ് എന്തും വില്‍ക്കാം എന്ന ഒരു സ്ഥിതി നിലവിലുണ്ട്.അതിനാല്‍ പരസ്യവാചകങ്ങള്‍ മാത്രം വിശ്വസിച്ച് ഈ പേരുകള്‍ കേള്‍ക്കുമ്പോഴേക്കും എടുത്ത് ചാടിയാല്‍ വീഴുന്നത് ചതിക്കുഴിയിലേക്കാവും എന്ന ബോധത്തോടെ യഥാര്‍ത്ഥ അറിവുള്ളവരില്‍ നിന്ന് മാത്രം ഉപദേശം സ്വീകരിച്ച് കൃത്യമായി യോഗ പരിശീലിച്ച് ആരോഗ്യവാന്മാരും സന്മനസ്സിന്‍ ഉടമകളും ആയിത്തീരുക.