Latest News

ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍; ഉപയോഗിക്കുന്ന രീതികള്‍ അറിയാം

Malayalilife
ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍; ഉപയോഗിക്കുന്ന രീതികള്‍ അറിയാം

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നിരവധി ശാരീരിക-മാനസിക ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് സാനിറ്ററി പാഡുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അസൗകര്യങ്ങള്‍. ശാരീരിക അസ്വസ്ഥതകള്‍, ഇടയ്ക്കിടെ പാഡ് മാറ്റിവെയ്‌ക്കേണ്ടിവരുന്ന സാഹചര്യം, ഉപയോഗിച്ച പാഡുകളുടെ സുരക്ഷിത സംസ്‌കരണത്തിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ പലര്‍ക്കും ആശങ്കയും അസൗകര്യവും സൃഷ്ടിക്കുന്ന വിഷയങ്ങളായി തുടരുകയാണ്. ഈ വെല്ലുവിളികള്‍ക്ക് ഒരു പ്രായോഗിക പരിഹാരമെന്ന നിലയിലാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ പരിഗണിക്കപ്പെടുന്നത്. പാഡുകളേക്കാള്‍ ഉപയോഗത്തില്‍ കൂടുതല്‍ സൗകര്യമുള്ളതും, സുരക്ഷിതവും, പ്രകൃതിക്ക് ദോഷം വരുത്താത്തതുമായ മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവദിനങ്ങളെ ആശ്വാസകരമാക്കാന്‍ സഹായിക്കും.

ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പരിശീലനം നേടിയാല്‍, ആര്‍ത്തവകാലത്ത് പോലും ജോലി, യാത്ര, വ്യായാമം എന്നിവയടക്കം എല്ലാ പ്രവര്‍ത്തനങ്ങളും തടസ്സമില്ലാതെ നടത്താന്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗപ്രദമാണ്. 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാനാകുന്നതിനാല്‍, ഒരിക്കല്‍ വാങ്ങിയാല്‍ ദീര്‍ഘകാലം ഉപയോഗിക്കാവുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നു. നിരവധി കമ്പനികളുടെ മെന്‍സ്ട്രല്‍ കപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. പക്ഷെ, സുരക്ഷയും സുഖപ്രദമായ അനുഭവവും ഉറപ്പാക്കാന്‍, ഗുണമേന്മയുള്ള മെന്‍സ്ട്രല്‍ കപ്പുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇത്തരം ഗുണമേന്മയുള്ള ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മ അലര്‍ജി, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ' 

ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും അവ ശരിയായ രീതിയില്‍ വൃത്തിയാക്കേണ്ടത് പ്രധാനമാണ്. മെന്‍സ്ട്രല്‍ കപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ പുറത്തെടുക്കേണ്ടതാണ്. ആര്‍ത്തവ രക്തം ഒഴിവാക്കി വൃത്തിയാക്കാത്ത പക്ഷം ബാക്ടീരിയല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കപ്പ് എങ്ങനെ ഇന്‍സേര്‍ട്ട് ചെയ്യണമെന്നും, എങ്ങനെ പുറത്തെടുക്കണമെന്നും കൃത്യമായി മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. കപ്പ് ഉപയോഗിക്കുമ്പോള്‍ കൈകളുടെ ശുചിത്വവും ശ്രദ്ധിക്കണം. ശരിയായ നിലയില്‍ ഉപയോഗിച്ചാല്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായ സംരക്ഷണം ലഭിക്കും.

അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാം

പലതരം ആശങ്കകളുടെ പേരില്‍ ഇന്നും ചിലര്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ മടിക്കുന്നു. കപ്പ് നിറഞ്ഞുകവിഞ്ഞുപോകുമോ എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകാം. എന്നാല്‍ ഇത് ഒരു തവണ ഉപയോഗിക്കുന്നതിലൂടെ തന്നെ മാറിപ്പോകുന്ന ഭയമാണ്. കപ്പ് നിറയുമ്പോള്‍ അത് തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. വസ്ത്രങ്ങളിലേക്കും മറ്റിടങ്ങളിലേക്കും പരക്കുന്നതിനുമുമ്പ് രക്തം കളഞ്ഞശേഷം വീണ്ടും കപ്പ് ഉപയോഗിക്കാനാകും.

ഗര്‍ഭധാരണത്തെ ബാധിക്കുമോ എന്നതാണ് മറ്റൊരു ആശങ്ക. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പിനും ഗര്‍ഭധാരണത്തിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. മെന്‍സ്ട്രല്‍ കപ്പ് ശരീരത്തിനകത്ത് സ്ഥിരമായി വയ്ക്കുന്ന ഒന്നല്ല. ഗര്‍ഭപാത്രത്തില്‍ നിന്ന് വരുന്ന ആര്‍ത്തവ രക്തം ശേഖരിക്കുക എന്നതാണ് മെന്‍സ്ട്രല്‍ കപ്പിന്റെ ലക്ഷ്യം.

ഏത് വലുപ്പത്തിലുള്ളത് തിരഞ്ഞെടുക്കണം?

പുതുതായി മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാനൊരുങ്ങുന്നവരെ കൂടുതലായി ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യം, ഏത് വലുപ്പത്തിലുള്ള കപ്പ് തിരഞ്ഞെടുക്കണമെന്നതുതന്നെയാണ്. വിപണിയില്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ സാധാരണയായി സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നീ വലുപ്പങ്ങളില്‍ ലഭ്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരേ വലുപ്പം അനുയോജ്യമല്ല. ശരീരഘടന, ആര്‍ത്തവകാലത്തെ രക്തസ്രാവത്തിന്റെ അളവ്, പ്രായം എന്നിവ കപ്പ് തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായി പരിഗണിക്കേണ്ട ഘടകങ്ങളാണ്. കുറഞ്ഞ രക്തസ്രാവമുള്ള കൗമാരപ്രായക്കാര്‍ക്ക് പൊതുവേ സ്‌മോള്‍ സൈസ് കപ്പുകളാണ് അനുയോജ്യമെന്ന് വിദഗ്ധര്‍ പറയുന്നു. 20 വയസിനു മുകളില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മീഡിയം സൈസ് മെന്‍സ്ട്രല്‍ കപ്പുകളാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. രണ്ടോ മൂന്നോ സ്വാഭാവിക പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ലാര്‍ജ് സൈസ് കപ്പുകളാണ് അനുയോജ്യം.

menstrual cup use

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES