മലദ്വാരത്തിലെ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സ്. ഹെമറോയ്ഡുകള്‍ എന്നും പറയാറുണ്ട്. മൂലക്കുരുവെന്നാണ് പൊതുവേ ഇത് ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത്.വേദനയും ചൊറിച്ചിലും രക്തസ്രാവവുമൊക്കെയായി പൈല്‍സിന്റെ (അര്‍ശസ്സ്/മൂലക്കുരു) അസ്വാസ്ഥ്യങ്ങള്‍ ചെറുതല്ല. രോഗം നിയന്ത്രിക്കാനും. ചികിത്സ ഫലപ്രദമാക്കാനും ഒപ്പം പെട്ടെന്ന് ആശ്വാസം ലഭിക്കാനും ചില മാര്‍ഗങ്ങള്‍
മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതല്‍ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈല്‍സുണ്ടാകാം.
ഇത്തരത്തില്‍ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളില്‍ മര്‍ദം കൂടുമ്പോള്‍ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും.
നാരുള്ളവ നന്നായി കഴിച്ചോളൂ
പൈല്‍സ് വരാനും വന്നാല്‍ തീവ്രമാകാനും കാരണം മലബന്ധമാണ്. മലബന്ധം കുറയ്ക്കാനായി നാരുകള്‍ കൂടിയ ഭക്ഷണം ശീലമാക്കണം.
ഇതിനായി പഴങ്ങളും പച്ചക്കറികളും ഓട്‌സ് പോലുള്ളവയും ശീലിക്കണം. അതിനു പുറമേ ബാര്‍ലി, ബീന്‍സ്, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം.
രാത്രിഭക്ഷണം നാരുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാളയംകോടന്‍ പഴവും രാത്രിയില്‍ കഴിക്കുന്നതു നല്ലത്.
കാലുകള്‍ ഉയര്‍ത്തിവയ്ക്കാം
മലശോധനയ്ക്കായി ടോയ്ലറ്റില്‍ ഏറെ നേരം ചെലവഴിക്കുന്നവര്‍ക്കാണ് പൈല്‍സിനു സാധ്യത കൂടുതല്‍.
ശോധനയ്ക്ക് ഉള്‍പ്രേരണ തോന്നുമ്പോള്‍ മാത്രം പോവുക. അമിത സമ്മര്‍ദം ചെലുത്താതിരിക്കുക.
യൂറോപ്യന്‍ സ്‌റ്റൈല്‍ ക്ലോസറ്റ് ഉപയോഗിക്കുമ്പോള്‍ ചെറിയ സ്റ്റൂളോ മറ്റോ ഉപയോഗിച്ച് കാലുകള്‍ അല്‍പം ഉയര്‍ത്തിവയ്ക്കുന്നതു ശോധന കൂടതല്‍ സുഗമമാക്കും.
സിറ്റ്‌സ് ബാത്
പൈല്‍സിനു പെട്ടെന്ന് ആശ്വാസം നല്‍കുന്ന മാര്‍ഗമാണ് സിറ്റ്‌സ് ബാത്.
പൃഷ്ഠഭാഗം പൂര്‍ണമായും താഴ്ത്തിവയ്ക്കാവുന്ന ഒരു ബേസിനില്‍ ഇളം ചൂടുവെള്ളമെടുത്ത് 10-15 മിനിറ്റു നേരം ഇരിക്കുന്നതാണ് സിറ്റ്‌സ് ബാത്.
അണുനാശിനിയായ അയൊഡിന്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ഉപ്പ് എന്നിവയിലൊന്ന് ആ വെള്ളത്തില്‍ ചേര്‍ക്കുന്നതും കൂടുതല്‍ നല്ലതാണ്.
ആശ്വാസം 10 മിനിറ്റില്‍
പൈല്‍സിന്റെ വേദനയും അസ്വസ്ഥതയും വേഗത്തില്‍ ശമിക്കാന്‍ ഐസ് പാക്ക് ആ ഭാഗത്ത് വയ്ക്കാം.
ഐസ് കട്ട പൊടിച്ച് ഒരു പ്ലാസ്റ്റിക് കവറിലാക്കി അതു തുണിയില്‍ പൊതിഞ്ഞ് മലദ്വാര ഭാഗത്തുവയ്ക്കുക.
10 മിനിറ്റു നേരം ഐസ് പാക്ക് വച്ചു വിശ്രമിച്ചാല്‍ അസ്വസ്ഥതകള്‍ മാറും.
കൂടുതല്‍ വെള്ളം കുടിക്കണം
നിസ്സാരമെന്നു തോന്നാമെങ്കിലും പൈല്‍സ് രോഗിക്ക് മലബന്ധം കുറയ്ക്കാനും തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ അകറ്റാനും വെള്ളം കൂടി കൂട്ടണം.
രാവിലെ ഉണര്‍ന്നാലുടന്‍ ഇളം ചൂടുവെള്ളം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുന്നതും ഉത്തമം.
ഇഞ്ചിനീരും തേനും ചേര്‍ത്ത നാരങ്ങാവെള്ളം കുടിക്കുന്നതു പൈല്‍സിന്റെ വീക്കം കുറയ്ക്കും.
ആര്‍ക്കൊക്കെ പൈല്‍സ് വരാം ?
ഏതുപ്രായക്കാര്‍ക്കും സ്ത്രീപുരുഷഭേദമെന്യേ പൈല്‍സ് വരാം. ഗര്‍ഭിണികളിലും പ്രായമായവരിലും ഇത് കൂടുതല്‍ കാണുന്നു. ഗര്‍ഭിണികളില്‍ രക്തക്കുഴലുകള്‍..വികസിക്കുന്നതാണ് കാരണം. ഗര്‍ഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈല്‍സ് മൂലമുള്ള അസ്വസ്ഥതകള്‍ കൂടുന്നത്.
സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവര്‍ക്ക്.
മലവിസര്‍ജ്ജനത്തിനായി കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക്.
മലബന്ധം മൂലം മലവിസര്‍ജനത്തിന് അമിതമായി മുക്കുന്നവര്‍ക്ക്.
അമിതവണ്ണവും അമിതഭാരവും ഉള്ളവരില്‍ പൈല്‍സ് സാധ്യത കൂടുതലാണ്.
കൂടുതല്‍ സമയം ഇരിക്കുന്നത്.
വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങള്‍ ചെയ്യുന്നത് ശീലമാക്കിയവര്‍ക്ക് രോഗസാധ്യതയുണ്ട്.
ശക്തമായ ചുമ, ഛര്‍ദി, തുമ്മല്‍, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങള്‍ എന്നിവയും പൈല്‍സിന് കാരണമാകാം.