45 പവന്‍ സ്വര്‍ണം കണ്ടെത്തി യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കി സത്യസന്ധത തെളിയിച്ച ശുചീകരണ തൊഴിലാളി പത്മയെ സൂപ്പര്‍താരം രജനീകാന്ത് ആദരിച്ചു. ചെന്നൈയിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തിയ രജനീകാന്ത്, രണ്ട് പവന്‍ സ്വര്‍ണമാല സമ്മാനമായി നല്‍കിയാണ് പത്മയുടെ സല്‍പ്രവൃത്തിയെ അഭിനന്ദിച്ചത്.
കഴിഞ്ഞ ജനുവരി 11-ന് ചെന്നൈയിലെ ടി. നഗര്‍ പ്രദേശത്ത് റോഡ് വൃത്തിയാക്കുന്നതിനിടെയാണ് പത്മയ്ക്ക് ഒരു ബാഗ് ലഭിച്ചത്. പരിശോധിച്ചപ്പോള്‍ 45 പവന്‍ സ്വര്‍ണാഭരണങ്ങളാണ് അതിലുണ്ടായിരുന്നത്. ഒട്ടും വൈകാതെ പത്മ പോലീസിനെ വിവരമറിയിക്കുകയും സമീപത്തുള്ള പോണ്ടി ബസാര്‍ പോലീസ് സ്റ്റേഷനില്‍ സ്വര്‍ണം അടങ്ങിയ ബാഗ് ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് അന്വേഷണം നടത്തി സ്വര്‍ണം യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറുകയായിരുന്നു.
പത്മയുടെ ഈ നിസ്വാര്‍ത്ഥമായ പ്രവൃത്തിയെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. കൂടാതെ, പത്മയുടെ ജീവിതം സമൂഹത്തിന് ഒരു വലിയ പാഠമാണെന്നും ഇന്നത്തെ തിരക്കുപിടിച്ച ലോകത്തും മനുഷ്യത്വം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. പത്മയെ ആദരിക്കുന്ന രജനീകാന്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. സത്യസന്ധതയ്ക്ക് ലഭിച്ച ഈ അംഗീകാരം പൊതുസമൂഹത്തിന് മാതൃകയാവുകയാണ്.