ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ സൗബിന്‍ ഷാഹിറിന്റെ അഭിനയത്തെ സൂപ്പര്‍താരം രജനീകാന്ത് തുറന്നുപ്രശംസിച്ചു. ആദ്യം നടനില്‍ വിശ്വാസമില്ലായിരുന്നെങ്കിലും, അഭിനയപ്രകടനം കണ്ട് ഞെട്ടിപ്പോയി എന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. കൂലിയുടെ ഓഡിയോ ലോഞ്ച് ചടങ്ങിലായിരുന്നു താരം സംസാരിച്ചത്. ഫഹദ് ഫാസില്‍ ചെയ്യാനിരുന്ന വേഷമാണ് ചിത്രത്തില്‍ സൗബിന്‍ കൈകാര്യം ചെയ്യുന്നതെന്ന് രജനീകാന്ത് വെളിപ്പെടുത്തി. ''വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ആദ്യം ഫഹദ് ഫാസിലിനെ കരുതിയിരുന്നെങ്കിലും, തിരക്കു കാരണം സാധ്യമായില്ല. പിന്നീട് ലോകേഷ് സൗബിനെ നിര്‍ദേശിച്ചു. ആദ്യം അദ്ദേഹത്തില്‍ വിശ്വാസമില്ലായിരുന്നു, പക്ഷേ സംവിധായകന്റെ ആത്മവിശ്വാസം കണ്ടതിനാല്‍ എതിര്‍ത്തില്ല,'' രജനീകാന്ത് പറഞ്ഞു.
ഷൂട്ടിംഗിനിടയില്‍ സൗബിന്റെ ചില സീനുകള്‍ കണ്ടപ്പോഴാണ് നടന്റെ കഴിവ് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രണ്ടുമൂന്ന് സീനുകള്‍ കണ്ടപ്പോള്‍ ഞാന്‍ വിസ്മയപ്പെട്ടു. എന്തൊരു നടനാണ്! ഹാറ്റ്‌സ് ഓഫ് ടു യൂ,'' രജനീകാന്ത് പറഞ്ഞു. അതേസമയം, സൗബിനെ പ്രശംസിക്കുന്നതിനിടെ രജനീകാന്ത് ഉപയോഗിച്ച ചില വാക്കുകള്‍ ആരാധകരുടെ വിമര്‍ശനത്തിന് ഇടയായി. നടനെ 'ബോഡി ഷെയിം' ചെയ്തുവെന്നാരോപിച്ച് നിരവധി പേര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചു. അഭിനയം പ്രശംസിക്കുമ്പോള്‍ ശാരീരിക സവിശേഷതകളെ കുറിച്ച് പരാമര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം.