ഒരാളെ പോലെ ഒന്‍പത് പേരുണ്ടെന്നാണ് ചൊല്ല്..എന്നാലും തിരൂരുകാരന്‍ വഹാബിനോട് ചങ്ങാതിമാര്‍ പറയുന്നത് ഇങ്ങനെയും ഉണ്ടോ ഒരു സാമ്യമെന്നാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മമ്മൂട്ടിയുടെ അപരനാണ് ഈ തിരൂര്‍കാരന്‍. പേരന്‍പിന്റെ വിജയലഹരിയില്‍ മമ്മൂട്ടി നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടിയുടെ അപരന്‍ എന്ന പേരില്‍ ഒരാളുടെ ചിത്രം പ്രചരിക്കുന്നത്. തിരൂരുകാരന്‍ വഹാബാണ് മമ്മൂട്ടിയുടെ അപരനായി ശ്രദ്ധ നേടുന്നത്.
യുഎഇയിലെ അല്‍ ഐനിലാണ് വഹാബ് താമസിക്കുന്നത്. തിരൂരുകാരനായ വഹാബ് തന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് വഹാബ് മമ്മൂട്ടിയുമായുള്ള രൂപസാദൃശ്യത്തില്‍ ശ്രദ്ധ നേടുന്നത്. വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം ഈ അപരന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിക്കും അപരന്‍, 'അല്‍ ഐനില്‍ ഉള്ള തിരൂര്‍കാരന്‍ വഹാബ്' എന്ന ചെറു കുറിപ്പോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്. രൂപസാദ്യശ്യത്തില്‍ മമ്മൂട്ടിയുമായി ഏറെ സാമ്യമുണ്ട് ഇദ്ദേഹത്തിന്. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതേസമയം വഹാബ് കീബോര്‍ഡ് പ്ലയറും സംഗീതഞ്ജനുമെല്ലാമാണെന്നാണ് സൂചന. അസാമാന്യമായ രൂപസാദൃശ്യമാണ് വഹാബിന് മമ്മൂട്ടിയുമായിട്ടുള്ളത്. അതേ ഹെയര്‍ സ്റ്റൈലും മീശയും നിറവുമെല്ലാം അതുതന്നെ. ഒറ്റ നോട്ടത്തില്‍ ആരായാലും ഒരു നിമിഷം ഇത് മമ്മൂട്ടിയാണെന്നേ കരുതൂ. എന്തിനേറെ പറയുന്നു മമ്മൂട്ടിയുടെ കവിളിലെ മറുക് പോലും വഹാബിന് അതേപടിയുണ്ട്. ദുബായ് മെട്രോയിലും മറ്റും നില്‍ക്കുന്ന ചിത്രങ്ങളും വഹാബിന്റെതായി പ്രചരിക്കുന്നുണ്ട്. കണ്ണാടി വച്ച ചിത്രങ്ങള്‍ കണ്ടാല്‍ മമ്മൂട്ടിയല്ലെന്ന് ആരും പറയില്ല, ഇതൊടെ മമ്മൂട്ടിക്കൊപ്പം അപരന്‍ വഹാബിനെയും ആരാധകര്‍ ഏറ്റെടുക്കുകയാണ്. പാവങ്ങളുടെ മമ്മൂട്ടി എന്നും ആരാധകര്‍ വഹാബിനെ വിശേഷിപ്പിക്കുന്നു..
നേരത്തെ ദുല്‍ഖര്‍ സല്‍മാനും പൃഥിരാജിനുമൊക്കെ അവരെ വെല്ലുന്ന തരത്തില്‍ അപരന്‍മാര്‍ എത്തിയിരുന്നു. ദുല്‍ഖറിന് രണ്ട് അപരന്‍മാരാണ് എത്തിയത്. മലപ്പുറം സ്വദേശിയായ അന്‍ഷാദും ഖത്തര്‍ സ്വദേശിയായ മറ്റൊരാളും. രണ്ടു പേരും ദുല്‍ഖറിന്റെ തനിപകര്‍പ്പായിരുന്നു. കൂളിങ്ങ് ഗ്ലാസ് വച്ചാല്‍ പിന്നെ അന്‍ഷാദ് ദുല്‍ഖര്‍ തന്നെയായി മാറും. ഇതിന് മുന്‍പ് നടന്‍ പൃഥ്വിരാജിന്റെ അപരനെയും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. പൃഥിരാജിന്റെ അപരനായി എത്തിയ സൂരജും തിരൂരുകാരന്‍ തന്നെയായിരുന്നു. 80 ശതമാനത്തോളമായിരുന്നു പൃഥിയും സൂരജും തമ്മിലുണ്ടായ സാമ്യം.