ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഷോയിലെ വിജയി അനുമോളും റണ്ണറപ്പായ അനീഷും തമ്മിലുള്ള ശീതയുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനകളാണ് പലപ്പോഴും പുറത്തുവരുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് സംഘടിപ്പിച്ച ഡിജിറ്റല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് അനീഷ് നടത്തിയ ചില പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.
വേദിയില്‍ വെച്ച് അനുമോളുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ അനീഷ്, തനിക്ക് ലഭിച്ച ഈ പുരസ്‌കാരം ഒരു 'സ്വീറ്റ് റിവഞ്ച്' (മധുര പ്രതികാരം) പോലെയാണ് അനുഭവപ്പെടുന്നത് എന്ന് പരസ്യമായി പ്രസ്താവിച്ചു. ഇത് വെറും തമാശയാണെന്ന് അനീഷ് പിന്നീട് തിരുത്തിയെങ്കിലും, അനുമോളെ പരോക്ഷമായി കുത്തുന്ന രീതിയിലുള്ള സംസാരമാണിതെന്ന വിമര്‍ശനവുമായി ബിഗ് ബോസ് ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു.
അനുമോളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കര്‍ക്കശമായ മറുപടിയാണ് അനീഷ് നല്‍കിയത്. തങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂ എന്നും അത് അങ്ങനെ തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അനീഷ് വ്യക്തമാക്കി. അനീഷിന്റെ വാക്കുകളിങ്ങനെ: 'അനുമോളുടെ കയ്യില്‍ നിന്നാണ് എനിക്ക് അവാര്‍ഡ് ലഭിച്ചത്. അതൊരു സ്വീറ്റ് റിവഞ്ച് പോലെയാണ് എനിക്ക് തോന്നുന്നത്. തമാശയായി പറയുന്നതാണ്. ആ സെന്‍സില്‍ എടുക്കണം. ആരുമറിയാതെ കിടന്ന എന്നെ ബി?ഗ് ബോസ് ആണ് എന്നെ ഇവിടം വരെ എത്തിച്ചത്. അതിനുള്ള നന്ദിയും കടപ്പാടും എന്നും എന്റെ ഉള്ളില്‍ ഉണ്ടായിരിക്കും. ഞാനും അനുവും തമ്മില്‍ പ്രൊഫഷണല്‍ ബന്ധം മാത്രമെ ഉള്ളൂ. അത് അങ്ങനെ തന്നെ കൊണ്ടു പോകാനാണ് എനിക്ക് ഇഷ്ടവും. ലൈന്‍ കട്ട് തന്നെയാണ്. എനിക്ക് ഒളിവോ മറവോ ഇല്ല. ഒരുപാട് ഓവര്‍ ക്യൂട്ട്നെസ് ഒന്നും വാരി വിതറാനും അറിയില്ല.'
എന്നാല്‍ ഈ വ്യക്തത വരുത്തലിനിടയില്‍ അനുമോളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില പരിഹാസങ്ങളും അനീഷിന്റെ ഭാഗത്തുനിന്നുണ്ടായി. തനിക്ക് മറ്റുള്ളവരെപ്പോലെ ഒളിവോ മറവോ ഇല്ലെന്നും, അമിതമായ ക്യൂട്ട്നെസ് വാരി വിതറാന്‍ തനിക്കറിയില്ലെന്നുമുള്ള അനീഷിന്റെ വാക്കുകള്‍ അനുമോളെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
അനീഷിന്റെ ഈ പ്രസംഗത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ബിഗ് ബോസ് ഫൈനലില്‍ അനുമോള്‍ വിജയിയായത് അനീഷിന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും, അതുകൊണ്ടാണ് ഓരോ വേദികളിലും അവരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഷോയ്ക്കുള്ളില്‍ അനീഷ് അനുമോളോട് പ്രണയം വെളിപ്പെടുത്തിയപ്പോള്‍ അത് നിഷേധിച്ചതിലുള്ള പകയാണ് ഇത്തരം 'കുത്തലുകള്‍ക്ക്' പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുമ്പോള്‍, അനീഷ് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു പൊതുവേദിയില്‍ വെച്ച് സഹപ്രവര്‍ത്തകയെ ഇത്തരത്തില്‍ അപമാനിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ആളുകളും.
അനുമോളുടെ വിജയം പിആര്‍ വര്‍ക്കിന്റെ ഫലമാണെന്നും അനീഷായിരുന്നു യഥാര്‍ത്ഥ വിജയിയെന്നും ഒരു വിഭാഗം വാദിക്കുമ്പോഴും, അനീഷിന്റെ ഇപ്പോഴത്തെ പെരുമാറ്റം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ചേരുന്നതല്ലെന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. കര്‍ഷകനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമെന്ന നിലയില്‍ ബിഗ് ബോസില്‍ വലിയ ജനപിന്തുണ നേടിയ അനീഷ്, പുറത്തിറങ്ങിയ ശേഷം ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. അനുമോളെ വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരു ചെറിയ അവസരം പോലും അനീഷ് പാഴാക്കുന്നില്ലെന്നും, പരാജയത്തെ അന്തസ്സോടെ സ്വീകരിക്കുന്നതിന് പകരം ഇത്തരത്തില്‍ പ്രതികരിക്കുന്നത് ശോഭനമല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പൊതുവായ അഭിപ്രായം.