ഇനി ഒരിക്കലും ഒന്നിക്കാന്‍ സാധിക്കില്ലെന്ന ഉറച്ച തീരുമാനത്തോടെ വേര്‍പിരിഞ്ഞവരായിരുന്നു ലിസിയും പ്രിയദര്‍ശനും. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പിരിഞ്ഞു ജീവിക്കാന്‍ സാധിക്കില്ലെന്നും ഒരാള്‍ക്ക് കൂട്ടായി മറ്റൊരാള്‍ വേണമെന്ന യാഥാര്‍ത്ഥ്യം ഇരുവരും അകല്‍ച്ചയിലൂടെ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ഒരുമിക്കുകയായിരുന്നു. തുടര്‍ന്ന് ആ സന്തോഷ വാര്‍ത്തയുമായാണ് 2026 എന്ന പുതു വര്‍ഷം പിറന്നതും.
സംവിധായകന്‍ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് കൈകോര്‍ത്തു പിടിച്ചെത്തിയ ഇരുവരുടേയും ദൃശ്യങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു ആരാധകര്‍ക്ക്. ഇപ്പോഴിതാ, രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ഇരുവരും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്.
ലിസിയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മമ്മൂട്ടിയെ പ്രശംസകള്‍ കൊണ്ട് മൂടുന്ന കുറിപ്പാണ് ലിസി എഴുതിയിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പാന്‍-ഇന്ത്യന്‍ ചിത്രം 'പാട്രിയറ്റിന്റെ' വോയിസ് റെക്കോര്‍ഡിംഗിനായി തങ്ങളുടെ ഉടമസ്ഥതയിലുള്ള 'ലെ മാജിക് ലാന്റണ്‍' സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലിസി തന്റെ സന്തോഷം അറിയിച്ചത്. മമ്മൂട്ടിയുടെ മാറാത്ത ലുക്കിനെയും ഊര്‍ജ്ജസ്വലതയെയും കുറിച്ചാണ് ലിസി കുറിപ്പില്‍ പ്രധാനമായും പറയുന്നത്.
മുപ്പതുകളില്‍ കണ്ട അതേ ആകര്‍ഷണീയതയും ഊര്‍ജ്ജവും ഇന്നും മമ്മൂക്കയില്‍ പ്രകടമാണെന്ന് ലിസി കുറിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യം തങ്ങള്‍ക്ക് വലിയൊരു ബഹുമതിയാണെന്നും ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും ലിസി കുറിച്ചു. അതേസമയം, ലിസിക്കും പ്രിയദര്‍ശനും ഒപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം മമ്മൂട്ടിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
വിവാഹമോചനത്തിന് 10 വര്‍ഷം തികയവേയാണ് ലിസിയും പ്രിയദര്‍ശനും വീണ്ടും ജീവിതത്തില്‍ ഒരുമിച്ചത്. ഈ താരദമ്പതികളെ മുഴുവന്‍ സ്‌നേഹിച്ചിരുന്നവരുടെ ആഗ്രഹമായിരുന്നു ഈ ഒന്നിക്കല്‍. മോഹന്‍ലാലും സിബി മലയിലും മമ്മൂക്കയും ഒക്കെ അടുങ്ങുന്ന സുഹൃത് വലയത്തിന് വലിയ സങ്കടമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞിരുന്നത്. ചെറിയ പിണക്കങ്ങളുടെ പേരില്‍ അകന്ന ഇരുവരും വിവാഹമോചനത്തിലേക്ക് കടന്നത് വലിയ ഞെട്ടലും ആഘാതവുമായിരുന്നു പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിച്ചത്.