അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് മോഡേണ്‍ വസ്ത്രത്തില്‍ എത്തിയ മീരയ്ക്ക് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദന്‍ രംഗത്തെത്തിയിരിക്കയാണ്.
ഗ്രാമീണ വേഷങ്ങളിലൂടെയാണ് മീര നന്ദന്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളികളുടെ അടുത്ത വീട്ടിലെ കുട്ടിയുടെ രൂപവും ഭാവവുമായിരുന്നു മീരയ്ക്ക്. എന്നാല്‍ ഈയിടയായി താരം പങ്കുവയ്ക്കുന്ന ചില ചിത്രങ്ങള്‍ ആരാധകര്‍ക്ക് അത്ര ദഹിക്കുന്നില്ല. ദുബായില്‍ ജോലി ചെയ്യുന്ന മീര കൂടുതല്‍ സ്റ്റൈലിഷും മോഡേണുമായി മാറിക്കഴിഞ്ഞു. ചുവപ്പു നിറത്തിലുള്ള മുട്ടുവരെയുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവെച്ച മീരയ്ക്ക് വലിയ രീതിയിലാണ് വിമര്‍ശനം നേരിട്ടത്. നാടന്‍ വേഷങ്ങളില്‍ മാത്രം കണ്ടിട്ടുള്ള നടിയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. നിരവധിപേര്‍ താരത്തിനെതിരെ വിമര്‍ശനവും അശ്ലീല കമന്റുമായി രംഗത്തെത്തി. ഇതിനെതിരെ താരം പ്രതികരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തന്റെ വസ്ത്രാധാരണ തന്റെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞുകൊണ്ട് പിന്നീട് തന്റെ മോഡേണ്‍ ലുക്കിലെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഇപ്പോള്‍ വസ്ത്രാധാരണത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ പ്രതികാരവുമായി രംഗത്തെത്തിയിരിക്കയാണ് താരം.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദന്‍ പ്രതികരിക്കുന്നു. തന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.ഇന്‍സ്റ്റഗ്രാമില്‍ മീര പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് ചിലര്‍ വിമര്‍ശനമുന്നയിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മീര.പണ്ടൊക്കെ പുറത്ത് പോവുമ്പോള്‍ ആളുകള്‍ വന്ന് പറയാറുള്ളത് സിനിമയിലൊക്കെ കാണാറുണ്ടെന്നാണ്. ചാനലിലെ പ്രോഗാം നന്നാവുന്നുണ്ടെന്നും പറയാറുണ്ട്. ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറി. രണ്ട് ദിവസം കഴിഞ്ഞാണ് ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകള്‍ തന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞില്ലെന്നും മീര പറഞ്ഞു.
അതിന് ശേഷമാണ് താന്‍ പോസ്റ്റ് ചെയ്തത്. താന്‍ നോക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ തന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുവന്നത്. അതിന് നീളം കുറവാണെന്ന് തനിക്ക് തോന്നിയിട്ടില്ല. വാര്‍ത്തകള്‍ കണ്ട് തന്റെ അമ്മാമ വിളിച്ചിരുന്നു.എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്'' എന്ന് ചോദിച്ചു. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് തോന്നിയതെന്നും മീര പറഞ്ഞു.ഒരു പാട് മോശം കമന്റുകള്‍ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു.