താരങ്ങളെ കാണാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനുമുളള അവസരങ്ങളുമൊന്നും ആരാധകര്‍ പാഴാക്കാറില്ല. മലയാളികളാണെങ്കില്‍ പറയുകയും വേണ്ട. താരങ്ങളുടെ വാഹനങ്ങളുടെ പിന്നാലെ പോയി വീഡിയോയും സെല്‍ഫിയുമൊക്കെ എടുക്കാനും അടുത്ത് നില്‍ക്കാനുമൊക്കെ ആരാധകര്‍ മത്സരമാണ്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ലേഡി സൂപ്പര്‍ സ്റ്റാറിനെ കണ്ട് നിന്ന് അമ്മയെ മറന്നു പോയ ഒരു യുവാവിന്റെ വാര്‍ത്തയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ കണ്ടപ്പോള്‍ സ്വന്തം അമ്മയെ കുറച്ചു നേരത്തേക്ക് മറന്നുപോയ മകന്റെ രസകരമായ ഒരു സംഭവമാണ് വാര്‍ത്തയാകുന്നത്. പെന്ഷന് വിവരം അന്വേഷിക്കാനാണ് യുവാവ് അമ്മയോടൊപ്പെ ട്രഷറിയിലെത്തിയത്. . തിരക്കു കാരണം മകന് അകത്തേക്കു കയറിയില്ല. പെന്ഷന് കാര്യം തിരക്കാന്‍ അമ്മയെ ട്രഷറിയില്‍ വിട്ട് മഞ്ജു വാരിയരുടെ ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ പോയതാണ് മകന്.എന്നാല്‍ ഷൂട്ടിങ് കണ്ട് സമയം പോയതറിഞ്ഞില്ല. മഞ്ജു വാരിയരുടെ സിനിമാ ഷൂട്ടിങ് കണ്ടുനിന്ന യുവാവ് ഒപ്പം വന്ന അമ്മയെ മറന്നു.ആവശ്യങ്ങള്‍ കഴിഞ്ഞ് ഇറങ്ങിയ അമ്മ, മകനെ കണ്ടില്ല.ഏറെ നേരം കാത്തിരുന്നെങ്കിലും മകന് വന്നില്ല. കൂടെ വന്ന മകനെ കാണാതെ മണിക്കൂറോളം അമ്മ അലഞ്ഞു. പക്ഷേ മകനെ കണ്ടില്ല.കൈയില്‍ മൊബൈല്‍ ഫോണും ഇല്ലായിരുന്നു.
തുടര്‍ന്ന് അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറി. പക്ഷേ താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറോടു പറഞ്ഞ സ്ഥലത്ത് എത്തി കുറെ നേരം കറങ്ങിയെങ്കിലും വീട് കണ്ടെത്താനായില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിനു സമീപം റോഡരികില്‍ ഇറക്കി വിടുകയായിരുന്നു.
വഴിയരികില്‍ നിറഞ്ഞ കണ്ണുകളുമായി നിസ്സഹായതയില്നിന്ന വീട്ടമ്മയോടു കാര്യമന്വേഷിച്ച സമീപവാസികള്‍ പൊലീസിനെ അറിയിച്ചു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പൊലീസ് മകന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തി. അപ്പോഴാണ് മകന് ട്രഷറിയുടെ സമീപമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജുവാരിയര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പൊലീസ് മകനെ വിളിച്ചു വരുത്തി അമ്മയെ ഒപ്പം വിടുകയായിരുന്നു.