തെരഞ്ഞെടുപ്പിന് മത്സരിച്ചെന്നോ, ഞാനോ എന്ന ഭാവമായിരുന്നു ഇന്നലെ ഇന്നസെന്റിന്. കഴിഞ്ഞ ദിവസങ്ങളിലെ തിരക്കില്‍ നിന്നെല്ലാമൊഴിഞ്ഞ് തീര്‍ത്തും വിശ്രമിച്ച ദിവസം. കാരണം കേരളത്തിലെ സ്ഥാനാര്‍ത്ഥികളിലെ ഏറ്റവും തിരക്കിട്ട പര്യടനങ്ങളിലൊന്നാണ് ഇന്നസെന്റ് നടത്തിയത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും മൂന്നു തവണ തുറന്ന വാഹനത്തില്‍ പൊതുപ്രചാരണം നടത്തി. റോഡ്ഷോകള്‍, സമ്മേളനങ്ങള്‍, വ്യക്തികളേയും സ്ഥാപനങ്ങളിലുമുള്ള സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പുറമെയായിരുന്നു ഇത്. മൊത്തം 1200-ലേറെ കേന്ദ്രങ്ങള്‍ പിന്നിട്ട സൂക്ഷ്മമായ പ്രചാരണം. അതുകൊണ്ട് ഇന്നലെ മുഴുവന്‍ കുടുംബാംഗങ്ങളോടൊപ്പം വീട്ടില്‍ തന്നെ വിശ്രമിച്ചു. ഇടയ്ക്ക് സിപിഎം, എല്‍ഡിഎഫ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് വിഷയമായത്.
വോട്ടെടുപ്പിന് മുമ്പു തന്നെ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല, പിന്നെന്തിനാ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ടെന്‍ഷന്‍ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം. എംപിയായി വൈകാതെ തന്നെ വികസന നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും എംപി ഫണ്ടിനു പുറമെ മറ്റ് പരമാവധി സ്രോതസ്സുകളില്‍ നിന്ന് ഫണ്ട് ലഭ്യമാക്കി അവയില്‍ ഭൂരിപക്ഷവും നടപ്പാക്കുകയും ഇന്ത്യയിലാദ്യമായി അവ വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് ഏര്‍പ്പെടുത്തുകയും ചെയ്തു. റോഡ്, കുടിവെള്ളം, ആരോഗ്യരംഗം, സ്‌കൂള്‍ ബസ്സുകള്‍, സ്മാര്‍ട്ക്ലാസ്റൂമുകള്‍... ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വികസനമെത്താത്ത ഒരിടവും മണ്ഡലത്തില്‍ ഇല്ലെന്നു പറയാം, അപ്പോള്‍ ജയിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ വേണോ എന്നാണ് ഇന്നസെന്റിന്റെ ചോദ്യം.