മലയാള സിനിമയില്‍ തന്റെതായ സ്ഥാനമുള്ള നടനാണ് ഇന്നസെന്റ്. സിനിമാ നടനായി എത്തിയ നടന്‍ എംപിയായി രാഷ്ട്രീയത്തിലും തിളങ്ങിയിരുന്നു. ഇന്നസെന്റും ഭാര്യ ആലീസും കാന്‍സറിനോട് പോരാടി വിജയിച്ചവരാണ്. ഒരു കാന്‍സര്‍ സര്‍വൈവര്‍ ആയതിനാല്‍ തന്നെ രോഗം നേരത്തെ കണ്ടുപിടിക്കാനും മറ്റുമായി എംപിയായിരുന്ന സമയത്ത് ഇന്നസെന്റ് ഒട്ടെറെ കാര്യങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ തെരെഞ്ഞെടുപ്പില്‍ വീണ്ടും ഒരങ്കത്തിന് തയ്യാറാവുകയാണ് ഇന്നസെന്റ് ഈ അവസരത്തില്‍ വോട്ട് തേടി ഒരു വീട്ടമ്മയുടെ വീട്ടിലെത്തിയപ്പോള്‍ താരത്തിനുണ്ടായ കണ്ണുനിറയുന്ന ഒരു അനുഭവമാണ് വൈറലാകുന്നത്.
ഇന്ന് രാവിലെയാണ് അങ്കമാലിയുടെ സമീപപ്രദേശമായ കരയാംപറമ്പിലെ അജിതയുടെ മുല്ലോത്ത് വീട്ടില്‍ ഇന്നസെന്റ് എത്തിയത്. എന്നാല്‍ പിന്നീട് ഇന്നസെന്റിന്റെയും അജിതയുടെയും അമൂല്യമായ പുഞ്ചിരികളാല്‍ കരയാംപറമ്പ് ചിരിയ്ക്കാംപറമ്പായി മാറുകയായിരുന്നു. ആരോഗ്യമുള്ള ചാലക്കുടി എന്ന ആശയം മുന്നില്‍ക്കണ്ട് ഇന്നസെന്റ് മുന്‍കയ്യെടുത്ത് ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് അനുവദിച്ചിരുന്നു. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ഉടന്‍ അവിടെ നടത്തിയ പരിശോധനയിലാണ് അജിതയ്ക്ക് (50) കാന്‍സറിന്റെ ആദ്യ ഘട്ടം സ്ഥിരീകരിച്ചത്. 2017 നവംബര്‍ 1നായിരുന്നു അജിതയുടെ മാമോഗ്രാം പരിശോധന. ഒരു മാസത്തിനുള്ളില്‍ത്തന്നെ ശസ്ത്രക്രിയയ്ക്കു വിധേയയായ അജിത ഇപ്പോള്‍ പൂര്‍ണആരോഗ്യവതിയായി തന്റെ ബില്‍ഡിംഗ് ബിസിനസ്സില്‍ സജീവമായിരിക്കുന്നു. രണ്ടു പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ജയ്ഷോര്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അഞ്ചു സെന്റുവരെ വലിപ്പമുള്ള ചെറിയ പ്ലോട്ടുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന രംഗത്താണ് കാന്‍സറിനെ ധീരതയോടെ എതിരിട്ട് തോല്‍പ്പിച്ച ഈ സംരഭകയുടെ പ്രവര്‍ത്തനം.
പ്രശസ്ത അര്‍ബുദരോഗവിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ മേല്‍നോട്ടത്തിലാണ് അജിതയുടെ ചികിത്സ. 'പ്രാരംഭഘട്ടത്തില്‍ത്തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ എനിയ്ക്ക് ഒരു ആശങ്കയുമുണ്ടായില്ല,' ഇന്നസെന്റാണ് താന്‍ ഇപ്പോള്‍ ജീവനോടെ ഇരിയ്ക്കാന്‍ കാരണമെന്നും അജിത സന്തോഷകണ്ണീരോടെ പറയുന്നു. അജിതയുടെ ആത്മവിശ്വാസവും ഊര്‍ജസ്വലതയും തനിയ്ക്ക് ഏറെ പ്രചോദനം നല്‍കിയെന്ന് ഇന്നസെന്റ് പറഞ്ഞു. അജിത നല്‍കിയ തണുത്തവെള്ളവും കുടിച്ചാണ് ഇന്നസെന്റും സംഘവും യാത്ര തുടര്‍ന്നത്.