മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികള്‍; മുഖ്യമന്ത്രിക്ക് കത്തയച്ച്‌ നടൻ ജിഷിന്‍ മോഹന്‍

Malayalilife
മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികള്‍; മുഖ്യമന്ത്രിക്ക് കത്തയച്ച്‌ നടൻ  ജിഷിന്‍ മോഹന്‍

നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. എന്നാൽ ഇപ്പോൾ 
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചതോടെ സീരിയല്‍ താരങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് നടന്‍ ജിഷിന്‍ മോഹന്‍. നടന്‍ സോഷ്യല്‍ മീഡയയില്‍ കത്തിന്റെ പകര്‍പ്പ്  പങ്കുവെയ്ക്കുകയും ചെയ്തു.

ജിഷിന്റെ കുറിപ്പ്,

ഇത് ഞാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അയച്ച Email ആണ്. ഒട്ടനവധി കലാകാരന്മാര്‍ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാന്‍ മടി കാണിക്കുന്ന പ്രശ്‌നങ്ങള്‍. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴില്‍ മേഖലയില്‍ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല. ഞാനും എന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയില്‍ പെടുത്തുന്നു എന്ന് മാത്രം. കത്തിന്റെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്നു :

Dear Sir,
ഞാനൊരു സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണ്. പേര് ജിഷിന്‍ മോഹന്‍. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയല്‍ ആര്‍ട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാര്‍ഗ്ഗം സീരിയല്‍ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയല്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം. ഒന്നോ രണ്ടോ സീരിയല്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവര്‍ വിചാരിക്കുന്നത് പോലെ അതി സമ്ബന്നതയില്‍ ജീവിക്കുന്നവര്‍ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാര്‍. ഒരു മാസം ഷൂട്ടിനു പോയാല്‍ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകള്‍, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകള്‍ ഒന്നും തന്നെ ഉണ്ടാകാറില്ല. ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോണ്‍ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വര്‍ണ്ണം ഇതുവരെ തിരിച്ചെടുക്കാന്‍ സാധിച്ചില്ല. മുന്‍പോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ഉറക്കമില്ലാതെ കുറേ രാത്രികള്‍..

ഒരു സീരിയല്‍ കുടുംബം എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല. പ്രൊഡ്യൂസര്‍, ഡയറക്ടര്‍, ക്യാമറാമാന്‍ തുടങ്ങി പ്രോഡക്ഷനില്‍ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷന്‍ ബോയ് വരെയുള്ളവരുടെ ജീവിതമാര്‍ഗ്ഗമാണ്. എല്ലാ തൊഴില്‍ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങള്‍ പാലിച്ച്‌ ഷൂട്ടിംഗ് പുനരാരംഭിക്കുവാന്‍ അനുവാദം നല്‍കണം എന്ന് അപേക്ഷിക്കുന്നു. 

Actor jishin mohan letter to cm pinarayi vijayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES