നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനില്‍ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇവര്‍ക്കൊപ്പം മകനും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാൽ ഇപ്പോൾ ജിഷിന് പങ്കുവച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്.
ജിഷിൻ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും മകന്റെ ഓൺലൈൻ ക്ലാസ് തുടങ്ങിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പറയുന്നത്. വിദ്യാരംഭം കുറിച്ച് ഓൺലൈൻ ക്ലാസിലേക്ക് മകൻ പ്രവേശിച്ചത് മാത്രമല്ല തന്നെ എഴുത്തിനിരുത്തിയപ്പോൾ നടന്ന സംഭവബഹുലമായ കാര്യങ്ങളും താരം വെളിപ്പെടുത്തി.
കുറിപ്പിങ്ങനെ
വിദ്യാരംഭം!! എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓൺലൈൻ ക്ലാസ് ഇന്ന് ആരംഭിച്ചു.. ഈ തലമുറയുടെ വിധി. സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോൾ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓർമ്മ വന്നു. അന്ന് നമ്മുടെ ഗ്രാമത്തിൽ എടേത്ത് നാരാണേട്ടൻ എന്ന് പറയുന്ന തലമുതിർന്ന കാരണവർ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയിൽ എഴുതിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിനെ അവർ ഇപ്പോഴും ഓർക്കുന്നു. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.