മലയാളക്കരയിലേക്ക് ഒരു വമ്പന്‍ സിനിമാ കൊടുങ്കാറ്റ് എത്തിച്ചുകൊണ്ട്, മുകേഷ് മെഹ്തയുടെയും സി.വി. സാരഥിയുടെയും നേതൃത്വത്തിലുള്ള E4 എന്റര്‍ടൈന്‍മെന്റ്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോബല്‍ പ്രോജക്ടായ 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്' ന്റെ കേരളത്തിലെ വിതരണാവകാശം ഔദ്യോഗികമായി സ്വന്തമാക്കി. പുഷ്പ 2, അനിമല്‍, ലിയോ, അവതാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ കേരളത്തില്‍ എത്തിച്ച E4 എന്റര്‍ടൈന്‍മെന്റിന്റെ പങ്കാളിത്തം ചിത്രത്തിന് റെക്കോര്‍ഡ് ബ്രേക്കിംഗ് റിലീസ് ഉറപ്പാക്കുന്നു.
കെവിഎന്‍ പ്രൊഡക്ഷന്‍സുമായും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമായും ചേര്‍ന്നുള്ള E4 എന്റര്‍ടൈന്‍മെന്റ് ന്റെ ഈ കൂട്ടുകെട്ട് സിനിമാ മേഖലയിലെ സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണ്. കേരളത്തില്‍ റോക്കിംഗ് സ്റ്റാര്‍ യഷിന്റെ ബ്രാന്‍ഡ് വാല്യു സമാനതകളില്ലാത്തതാണ്. നിലവില്‍ കേരളത്തില്‍ ഒരു ഇതരഭാഷാ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന വിഹിതം കെജിഎഫ് 2-ന്റെ പേരിലാണ്. യുവാക്കളുടെയും മാസ്സ് പ്രേക്ഷകരുടെയും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമായി ടോക്‌സിക് മാറിക്കഴിഞ്ഞ സാഹചര്യത്തില്‍, കേരളത്തിലെ 350-ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഈ സഹകരണത്തെക്കുറിച്ച് E4 എന്റര്‍ടൈന്‍മെന്റ് ന്റെ മുകേഷ് മെഹ്ത പറഞ്ഞത് ഇങ്ങനെ,
''കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ഈ ബ്രഹ്മാണ്ഡ ചിത്രമായ ടോക്‌സിക്കിന്റെ കേരളത്തിലെ വിതരണച്ചുമതല ഞങ്ങളെ ഏല്‍പ്പിച്ചതില്‍ ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ഇത്രയും വലിയൊരു പ്രോജക്റ്റിന്റെ ഭാഗമാകുന്നത് ഒരു ബഹുമതി തന്നെയാണ്. ടോക്‌സിക് ഒരു ബോള്‍ഡ് സിനിമാറ്റിക് സ്റ്റേറ്റ്‌മെന്റ് എന്ന് തന്നെ പറയാം, കേരളത്തിലുടനീളമുള്ള പ്രേക്ഷകര്‍ക്ക് ഈ ലാന്‍ഡ്മാര്‍ക്ക് ചിത്രം ഏറ്റവും ഗംഭീരമായി അനുഭവിക്കാനാവുമെന്ന് ഞങ്ങള്‍ തീര്‍ച്ചയായും ഉറപ്പാക്കും.''
ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന് പുറമെ, വമ്പന്‍ വിതരണക്കാരാണ് ടോക്‌സിക്കുമായി സഹകരിക്കുന്നത്. ഉത്തരേന്ത്യയില്‍ അനില്‍ തഡാനിയുടെ എഎ ഫിലിംസ് യഷിനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍, തെലുങ്ക് സംസ്ഥാനങ്ങളില്‍ ദില്‍ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് (SVC) ചിത്രം വിതരണം ചെയ്യും. പ്രശസ്ത സംവിധായിക ഗീതു മോഹന്‍ദാസിന്റെ തിരിച്ചുവരവ് ഈ വിതരണ ശൃംഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചിച്ച് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം മൊഴിമാറ്റി എത്തും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട തന്റെ ഫിലിം മേക്കിംഗ് ശൈലിയുമായി ഗീതു മോഹന്‍ദാസ് കേരളത്തിലെ വേരുകളിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വെങ്കട്ട് കെ. നാരായണയും യഷും ചേര്‍ന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്ന റോക്കിംഗ് സ്റ്റാറിന്റെ ഈ വരവ് ഒരു ബോക്‌സ് ഓഫീസ് സ്‌ഫോടനമാകുമെന്ന് ഉറപ്പാണ്. 2026 മാര്‍ച്ച് 19-ന് ടോക്‌സിക് ആഗോളതലത്തില്‍ തീയറ്ററുകളിലെത്തും.