അവതാരകയായും നടിയായും നിറയെ ആരാധകരെ സ്വന്തമാക്കിയിട്ടുളള താരമാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയില്‍ ആശ എന്ന കഥാപാത്രമായി എത്തുകയാണ് താരം. രസകരമായ കുറിപ്പുകളും അനുഭവക്കഥകളും കവിതകളുമൊക്കെ അശ്വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച് മനോഹരമായ ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
രാവിലെ പാലു വാങ്ങാന്‍ സാറച്ചന്റെ വീട്ടിലാണ് പോവുക. പിന്‍വാതില്‍ക്കല്‍ ആളനക്കം കേള്‍ക്കുമ്പോഴേ ടീച്ചറമ്മ ഇറങ്ങി വരും. അലൂമിനിയം ബക്കറ്റില്‍ കാര്‍ത്തികേയന്‍ ചേട്ടന്‍ വെളുപ്പിനെ കറന്നു വച്ചിരിക്കുന്ന പാലില്‍ നിന്ന് അര ലിറ്റര്‍ അളന്നെടുത്ത് മൊന്തയില്‍ പകര്‍ന്നു തരും. ചിലപ്പോള്‍ തലേന്നു മുറിച്ച വരിക്ക ചക്കയില്‍ നിന്നൊരു കഷ്ണമോ കാറ്റു വീഴ്ത്തിയ നാട്ടു മാമ്പഴങ്ങളില്‍ നിന്ന് മൂന്നാലെണ്ണമോ പത്രക്കടലാസ്സില്‍ പൊതിഞ്ഞ് കൈയില്‍ തരും. ഉറയ്ക്ക് തൈര് വേണമെന്ന് അമ്മ പറഞ്ഞു വിടുന്ന ദിവസം സ്റ്റീല്‍ ഗ്ലാസ്സിലോ ഡവറയിലോ കുറച്ച് കട്ട തൈരാകും തന്നു വിടുക.
സൊസൈറ്റിയില്‍ പാലെടുക്കാത്ത ദിവസത്തിന്റ പിറ്റേന്നാണെങ്കില്‍ ഒരു തൂക്കു പാത്രം നിറയെയുണ്ടാവും തൈര്. രണ്ടു കയ്യും നിറച്ച് കയ്യാലയിലെ കുത്തു കല്ലിറങ്ങുമ്പോള്‍ ഉരുണ്ടു വീഴരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കും. മൂടു ചളുങ്ങിയ സ്റ്റീല്‍ മൊന്തയപ്പോള്‍ പഴയ വീഴ്ചകളെ പെറ്റിക്കോട്ടിന്റെ ഞൊറിയില്‍ ഒളിപ്പിക്കാന്‍ വെറുതെ ശ്രമിക്കും. അപ്പോഴെല്ലാം ടീച്ചമ്മയുടെ നീളന്‍ 'താര' മാലയുടെ അറ്റത്ത് ചുവന്ന ചില്ലുപാളി ലോക്കറ്റിനുള്ളില്‍ ഗുരുവായൂരപ്പന്‍ ഇങ്ങനെ ഊഞ്ഞാലാടി കളിക്കുന്നുണ്ടാവും.
വലുതാവുമ്പോള്‍ ഇതുപോലെയൊന്ന് എനിക്കും വാങ്ങണമെന്ന് അപ്പോഴെല്ലാം മനസ്സില്‍ ഉറപ്പിക്കും. വെള്ളയില്‍ പിങ്ക് പൂക്കളുള്ള കോട്ടാ സാരിയുടുത്ത് ഞാന്‍ പാലളക്കാന്‍ അടുക്കളപ്പുറത്ത് വരുന്നതോര്‍ക്കും. അന്ന് പാലു വാങ്ങാന്‍ മൊന്തയും കൊണ്ട് പിന്നാമ്പുറത്ത് വരുന്ന ഒരു മെല്ലിച്ച പെറ്റിക്കോട്ടുകാരിയെ ഓര്‍ക്കും. അവള്‍ക്ക് മാമ്പഴം എണ്ണിക്കൊടുക്കാതെ, മാമ്പഴക്കുട്ട മുന്നിലേക്ക് നീക്കി വച്ച് ഇഷ്ടം പോലെ എടുത്തോളാന്‍ പറയണം എന്നോര്‍ക്കും. അവളെന്റെ താര മാലയിലെ ലോക്കറ്റു കൂട്ടില്‍ തിളങ്ങുന്ന ഗുരുവായൂരപ്പനെ കൗതുകത്തോടെ നോക്കുന്നതോര്‍ക്കും. കാലം ഏതോ വഴിക്കൊക്കെ ഓടി ഓടി പോയി. ഞാന്‍ ഒരിക്കലും തൊഴുത്തു നിറയെ പശുക്കളുള്ള വീട്ടിലെ കോട്ടാ സാരിക്കാരി ആയില്ല. കൗതുകക്കണ്ണുള്ള പെണ്‍കുട്ടികള്‍ ആരും എന്റെ പായല്‍ ചുമരുള്ള പിന്നാമ്പുറത്ത് പാലിന് കാത്തു നിന്നില്ല. ഔട്ട് ഓഫ് ഫാഷനായ ലോക്കറ്റുകളെ പ്രദര്‍ശനത്തിന് വച്ച് ഒരു ജ്യൂവലറിയും എന്റെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയില്ല.
ഞാന്‍ മറന്നിട്ടും ഗുരുവായൂരപ്പന്‍ മറന്നില്ലെന്ന് തോന്നുന്നു. ഇന്ന് രാവിലെ 'ചക്കപ്പഴ'ത്തിന്റ ലൊക്കേഷനില്‍ വന്ന പാടേ ഇവിടുത്തെ അച്ഛമ്മ അകത്തെ മുറിയില്‍ വിളിച്ചു കൊണ്ട് പോയി കൈയില്‍ വച്ച് തന്നതാണിത്!
ചുവപ്പു മാറി നീലയായെങ്കിലും ഒരു കുഞ്ഞു സ്വപ്നം കാലദേശങ്ങള്‍ കടന്ന് തേടി വന്ന വിധമോര്‍ത്ത് അമ്പരന്നിരിപ്പാണ്. ഞാനൊന്നും അറിഞ്ഞില്ലേ എന്ന് മിണ്ടാതെ കറങ്ങുന്ന ഭൂമിയ്ക്കും, എന്നോ പറത്തി വിട്ട സ്വപ്നങ്ങളെ മറക്കാതെ തിരികെ കൊണ്ടു തന്ന് വിസ്മയിപ്പിക്കുന്ന ആകാശത്തിനും നന്ദി!