കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവും പരിചിതയുമായ വ്യക്തിയാണ് രേണു സുധി. അടുത്തിടെയായി രേണുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, തനിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന വിവരം ഒടുവില്‍ രേണു തന്നെ നേരിട്ട് സ്ഥിരീകരിക്കുകയായിരുന്നു. രോഗവിവരം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പിന്തുണയാണ് താരത്തിന് ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ രോഗം നിലവില്‍ മൂന്നാം ഘട്ടത്തിലാണെന്നാണ് രേണു വെളിപ്പെടുത്തിയത്.
15-ാം വയസ്സില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ചെറിയ മുഴയാണ് ഇപ്പോള്‍ കാന്‍സറായി മാറിയിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് പിന്നാലെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി നടപടികള്‍ ആരംഭിച്ച വിവരവും രേണു ഏറ്റവും ഒടുവിലായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ചികിത്സയുടെ ഭാഗമായി ശരീരത്തില്‍ പിക്ക് ലൈന്‍ ഇട്ട വിവരവും അതിന്റെ കഠിനമായ വേദനയെക്കുറിച്ചും രേണു വീഡിയോയിലൂടെ തുറന്നുപറഞ്ഞു. കീമോ ആരംഭിച്ചതോടെ മുഖത്തും ശരീരത്തിലും പാടുകള്‍ വന്നുതുടങ്ങിയെന്നും താരം പറയുന്നു. അതിശക്തമായ ശാരീരിക വേദന അനുഭവപ്പെടുമ്പോള്‍ താന്‍ ഒരു പാട്ട് പാടിയാണ് ആശ്വസിക്കാറുള്ളതെന്നും, വേദനകള്‍ക്കിടയിലും പാട്ട് പാടിക്കൊണ്ട് രേണു വീഡിയോയില്‍ പങ്കുവെച്ചു. എല്ലാവരും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും രേണു അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ശരീരത്തില്‍ പിക് ലൈന്‍ ഇട്ടതിനു നല്ല വേദനയുണ്ട്. വീട്ടില്‍ തിരിച്ചെത്തി. മുഖത്തൊക്കെ പാടുകള്‍ വന്നു തുടങ്ങി. ശരീരത്തിലുമുണ്ട്. ഭയങ്കര വേദനയുണ്ട്. വേദനയുമായി കിടക്കുമ്പോള്‍ ഞാനൊരു പാട്ട് പാടി ആശ്വസിക്കാറുണ്ട്. ആ പാട്ട് നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കും. എങ്കിലും ഞാന്‍ എന്റെ രീതിയില്‍ ഒന്നു പാടുകയാണ്'' എന്നാണ് രേണു വീഡിയോയില്‍ പറയുന്നത്. പാട്ട് പാടിയതിനുശേഷം എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും രേണു പറഞ്ഞു. നിരവധി പേര്‍ വീഡിയോക്കു താഴെ രേണുവിന് ആശ്വാസവാക്കുകളുമായി എത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന ചില വിമര്‍ശനങ്ങള്‍ക്കും തെറിവിളികള്‍ക്കും രേണു ഇതോടൊപ്പം മറുപടി നല്‍കി. ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് രോഗവിവരം അറിഞ്ഞതിന് ശേഷമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതെന്ന് രേണു വ്യക്തമാക്കി. ഭാവിയില്‍ വലിയൊരു തുക ചികിത്സയ്ക്കായി ആവശ്യമായി വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും, പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവാണ് ഇതിന് പ്രേരിപ്പിച്ചതെന്നും രേണു പറയുന്നു.
യൂട്യൂബില്‍ നിന്നായാലും സബ്‌സ്‌ക്രിപ്ഷന്‍ വഴിയായാലും ലഭിക്കുന്ന വരുമാനം മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് തന്റെ തീരുമാനമെന്ന് രേണു സുധി കൂട്ടിച്ചേര്‍ത്തു. ചികിത്സാച്ചെലവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് താന്‍ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രേണുവിന് ആശ്വാസവാക്കുകളുമായും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ത്ഥനകളുമായും രംഗത്തെത്തുന്നുണ്ട്.ൃ