കാന്‍സര്‍ ചികിത്സ സംബന്ധിച്ച പുതിയ വിവരം പങ്കുവച്ച് രേണു സുധി. രണ്ടാമത്തെ കീമോതെറാപ്പി കഴിഞ്ഞതിന് പിന്നാലെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അഞ്ച് ദിവസത്തോളം ആശുപത്രിയിലെ ഐസിയുവില്‍ മരണത്തോട് പൊരുതേണ്ടി വന്നതായി രേണു പറയുന്നു. കാന്‍സര്‍ എന്ന മാരക രോഗം ശരീരത്തെ കീഴ്‌പ്പെടുത്തിയ ശേഷം തന്റെ ജീവിതത്തിലും ചിന്തകളിലും ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചാണ് താരം പുതിയ വീഡിയോയിലൂടെ തുറന്നുപറയുന്നത്.
ആദ്യത്തെ കീമോ ചെയ്തപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി വേദനയും കടുത്ത ക്ഷീണവും വിട്ടുമാറാത്ത ഛര്‍ദ്ദിയുമാണ് ഇത്തവണ തന്നെ തളര്‍ത്തിക്കളഞ്ഞത്. തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഐസിയുവില്‍ നിന്നും ജീവനോടെ തിരികെ വരാന്‍ തുണയായതെന്ന് രേണു വിതുമ്പിക്കൊണ്ട് പറയുന്നു.
രേണു സുധിയുടെ വാക്കുകള്‍
'ഞാന്‍ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റല്‍ ഐസിയുവില്‍ ആയിരുന്നു. എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാര്‍ത്ഥന കൊണ്ട് ഞാനിപ്പോള്‍ ഡിസ്ചാര്‍ജ് ആയി. രണ്ടാമത്തെ കീമയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു. എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും നേര്‍ച്ച കഴിക്കുന്നുണ്ടെന്നും എനിക്കറിയാം.
അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാന്‍ മടങ്ങി വരുമെന്നതാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷന്‍ ഉണ്ട്. അപ്പോഴും എല്ലാവരും പ്രാര്‍ത്ഥിക്കണം. ഞാന്‍ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാന്‍ പറ്റും അസുഖത്തില്‍ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്‌നേഹവും പ്രാര്‍ത്ഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.
ഞാന്‍ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാന്‍ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങള്‍ക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ. കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്‌നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്റെ കാര്യത്തില്‍.
പക്ഷെ അവന്‍ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി. ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്. മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേര്‍ത്തു പിടിക്കുന്നത് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടര്‍ പ്രത്യേകം പറഞ്ഞു.
ഫോണ്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാന്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. ഇതെന്റെ വരുമാന മാര്‍?ഗമാണ്. എനിക്ക് വേറെ വഴിയില്ല. ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കില്‍. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യുട്യൂബ് ചാനല്‍ വരുമാനമല്ലാതെ വേറെ മാര്‍?ഗം എനിക്കില്ല. അപ്പോള്‍ എന്നെ സ്‌നേഹിക്കുന്നവര്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഈ ഒരു ചാനല്‍. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക. എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകള്‍ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാന്‍ ശ്രമിക്കുക.'
കാന്‍സര്‍ ഇല്ലെന്നും മരുന്നിന്റെ ബില്‍ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്‌ലോഗര്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബില്‍ പോലും സോഷ്യല്‍ മീഡിയയില്‍ കാണിക്കേണ്ടി വന്നതെന്നും വീഡിയോയിലൂടെ പങ്ക് വച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഇന്‍-ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്നാണ് ഞങ്ങള്‍ ഈ മരുന്ന് വാങ്ങുന്നത്. ഇതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ബില്ലിലുള്ള നമ്പറിലോ ഫാര്‍മസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാര്‍മസിക്ക് ലൈസന്‍സ് കിട്ടിയ വര്‍ഷമാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയര്‍ന്ന വില പുറത്തറിഞ്ഞ് ആളുകള്‍ വിമര്‍ശിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതില്‍ യാതൊരു കള്ളത്തരവുമില്ല'.- രേണുവിന്റെ സഹോദരി പറഞ്ഞു.