നടി മഞ്ജു പിള്ളയുടെ മകള്‍ ദയ സുജിത്തിനെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വ്‌ലോഗര്‍ ഷെഫീന ബീവിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് രംഗത്തെത്തി. കൊലപാതകം എന്നത് നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നായിരുന്നെങ്കില്‍, തന്നെ സംബന്ധിച്ച് അങ്ങനെയുള്ള ആളുകള്‍ തന്റെ ലിസ്റ്റില്‍ ആദ്യമുണ്ടാകുമായിരുന്നു എന്നാണ് രഞ്ജിനി പ്രതികരിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍മണിക്കൊപ്പം സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രഞ്ജിനി ഹരിദാസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
നാം ഇപ്പോള്‍ 2026-ല്‍ എത്തി നില്‍ക്കുമ്പോഴും സൈബര്‍ ലോകത്തെ ആളുകളുടെ ചിന്താഗതികള്‍ക്ക് മാറ്റമൊന്നും വന്നിട്ടില്ലെന്ന് രഞ്ജിനി ചൂണ്ടിക്കാണിക്കുന്നു. ഏകദേശം ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കരിയറിന്റെ തുടക്കകാലത്ത് താന്‍ നേരിടേണ്ടി വന്ന അതേ മാനസിക ബുദ്ധിമുട്ടുകളും സൈബര്‍ ആക്രമണങ്ങളും തന്നെയാണ് ഇന്നും പെണ്‍കുട്ടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം മോശം മനോഭാവമുള്ള മനുഷ്യര്‍ ഇപ്പോഴും സമൂഹത്തില്‍ സജീവമായി നിലനില്‍ക്കുന്നുണ്ടെന്നത് ഏറെ സങ്കടകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറുകയും വസ്ത്രധാരണത്തിന്റെയോ ജീവിതരീതികളുടെയോ പേരില്‍ അവരെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയാ വ്‌ലോഗര്‍മാരുടെ പ്രവണതയ്ക്ക് എതിരെയാണ് രഞ്ജിനിയുടെ ഈ ശക്തമായ പ്രതികരണം. ഇന്‍ഫ്‌ലുവന്‍സര്‍മാരെന്ന പേരില്‍ മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കേണ്ടതുണ്ടെന്ന നിലപാടിലാണ് താരം. രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍
എന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ അബ്യൂസ് ചെയ്തത് ഞാന്‍ ഇട്ട വസ്ത്രങ്ങള്‍ കാരണമാണ്. അതിന്റെ പേരില്‍ ഞാന്‍ കേട്ട അത്രയും തെറി ആ സമയത്ത് മറ്റാരും കേട്ടിട്ടില്ല. ഒരു സമൂഹത്തിലെ കൊറേ ആള്‍ക്കാര് വന്നിട്ട് സെക്ഷ്വലി ഓരോ കാര്യങ്ങള്‍ പറഞ്ഞ് നമ്മളെ ബ്രേക്ക് ഡൗണ്‍ ആക്കും. ഞാന്‍ കേള്‍ക്കാത്ത തെറികളില്ല. പച്ചത്തെറികളാണ്. അതുകൊണ്ട് തന്നെ ഒരു സമയത്ത് കേരളത്തിനോട് എനിക്ക് വെറുപ്പായിരുന്നു. ഞാന്‍ ഞാനായി നില്‍ക്കുന്നത് എല്ലാവര്‍ക്കും ഒരു പ്രശ്‌നമായിരുന്നു. ഞാന്‍ സംസാരിക്കുന്ന, ചിരിക്കുന്ന, ആള്‍ക്കാരോട് പെരുമാറുന്ന രീതി, വസ്ത്രം, എല്ലാവര്‍ക്കും പ്രശ്‌നമായിരുന്നു. ഞാന്‍ തെറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല.
2026ല്‍ എത്തി നില്‍ക്കുമ്പോഴും ഇരുപത് മുപ്പത് വര്‍ഷം മുന്‍പ് ഞാന്‍ നേരിട്ട അതേ പ്രശ്‌നങ്ങള്‍ ഇന്നും ഉണ്ട്. അങ്ങനത്തെ ആള്‍ക്കാര്‍ ഇന്നുമുണ്ട്. അതും ഒരു സ്ത്രീ. കൊലപാതകം ലീഗലായിരുന്നുവെങ്കില്‍ എന്റെ ലിസ്റ്റില്‍ അവരുടെ പേര് ഉണ്ടാകുമായിരുന്നു. അവര്‍ക്ക് എതിരെ കുറേ പേര്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ,സന്തോഷം തോന്നി. സമൂഹം കുറേ മാറിയിട്ടുണ്ട്. പണ്ട് പ്രതികരിക്കാത്തവര്‍ക്ക് ഇന്നൊരു മീഡിയം ഉണ്ട്. എത്ര പേരാണ് ദയയ്ക്ക് ഒപ്പമുള്ളത്. ഒപ്പം ഷെഫീന ബീവിയ്ക്ക് എതിരേയും.
ഇത് ഷെഫീന കാണുകയാണെങ്കില്‍. നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം? ശ്രദ്ധ നേടലാണോ നിങ്ങളുടെ ഉദ്ദേശം? നിങ്ങള്‍ക്ക് എന്റെ പ്രായമാണോന്ന് അറിയില്ല. നിങ്ങളുടെ കുടുംബ പാരമ്പര്യവും കുട്ടികളും ഒന്നും അറിയില്ല. നിങ്ങളുടെ ചെറുപ്പം വളരെ മോശമായിരുന്നുവെന്ന് എനിക്ക് മനസിലാക്കാന്‍ പറ്റും. ജീവിതത്തില്‍ കുറേ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. നിങ്ങളെ ആരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ട്. സമൂഹത്തില്‍ ഇങ്ങനെയുള്ള വിഷം തുപ്പുന്നത് അതുകൊണ്ടാണ്. നിങ്ങള്‍ക്ക് വലിയ എന്തോ പ്രശ്‌നം ഉണ്ട്. നിങ്ങള്‍ക്ക് സഹായം ആവശ്യമാണ്. ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ സെല്‍ഫ് റെസ്‌പെക്ടും ഇല്ലാതെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. ദയയ്ക്ക് ഇതൊന്നും ബാധിക്കില്ല. നിങ്ങളാരാണെന്ന് മഞ്ജു ചേച്ചിക്കും ഒരു വിഷയമല്ല.
ഇപ്പോള്‍ അവരെ(ഷെഫീന) കുറിച്ച് കേരളം മൊത്തം സംസാരിക്കുന്നുണ്ടല്ലോ. അതല്ലേ അവര്‍ക്ക് വേണ്ടിയിരുന്നത്. പ്രശസ്ത എങ്ങനെ വേണമെങ്കിലും കിട്ടും. പക്ഷേ ഒരു ചോയ്‌സ് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് അത്രയും മോശമായിട്ടുള്ള കാര്യങ്ങള്‍ പറയുന്നവരെ പൂട്ടാന്‍ തീര്‍ച്ചയായും നമ്മുടെ രാജ്യത്ത് ഉണ്ട്. നിയമപരമായി പോവുകയാണെങ്കില്‍ ഈ കൊച്ചിന്റെ ചാനല്‍ പൂട്ടിക്കാം. നിങ്ങള്‍ കുറ്റം പറഞ്ഞോളൂ. പക്ഷേ മര്യാദയ്ക്ക് പറയൂ