മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടിയും അവതാരകയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സജീവ സാന്നിധ്യമാണ് ഇവര്‍. നിലവില്‍ ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നിഹാലും പ്രിയയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ നിരന്തരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്.
അടുത്തിടെ തങ്ങളുടെ വ്‌ലോഗിലൂടെ പ്രിയയെ ബാധിച്ച ഒരു അപൂര്‍വ രോഗത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ പുതിയ വ്‌ലോഗിലൂടെ ഈ രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും നിലവിലെ സാഹചര്യങ്ങളും തുറന്നുപറയുകയാണ് ഈ താരദമ്പതികള്‍. പ്രതിസന്ധികളെ ധീരമായി നേരിടുന്ന പ്രിയയ്ക്കും നിഹാലിനും വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നല്‍കുന്നത്.
പ്രിയയുടെ വാക്കുകള്‍... 'ഫൈബ്രോമയാള്‍ജിയ' എന്ന കണ്ടീഷനെക്കുറിച്ച് കുറേപേര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഈയൊരു കണ്ടീഷനാണെന്ന് അറിഞ്ഞിട്ട് ഒരുവര്‍ഷമായി. ട്രീറ്റ്മെന്റ് തുടങ്ങിയിട്ട് ആറ് മാസമായതേയുള്ളൂ. റുമറ്റോളജിസ്റ്റിനെയാണ് ഞങ്ങള്‍ കണ്ടത്. മരുന്നുകള്‍ ഏതാണെന്നൊന്നും പറയുന്നില്ല. ഓരോരുത്തരുടെ കണ്ടീഷന്‍ നോക്കി ഡോക്ടറാണ് മരുന്ന് തീരുമാനിക്കേണ്ടത്. ബ്ലഡ് ടെസ്റ്റ് എടുത്താണ് ഡോക്ടര്‍ എപ്പോഴും മരുന്ന് തന്നിരുന്നത്. സ്റ്റിറോയ്ഡ്സ് ആണ് തരുന്നത്. ഡോസ് കുറയ്ക്കുന്നില്ല, കൂട്ടുന്നുമില്ല. നേരത്തെ കുഞ്ഞിന് ഭക്ഷണം കൊടുക്കാന്‍ പോലും കൈ പൊങ്ങില്ലായിരുന്നു.
ബെഡില്‍ നിന്നും തനിയെ എഴുന്നേല്‍ക്കാന്‍ പറ്റില്ലായിരുന്നു.' 'പാര്‍ലറില്‍ പോയാണ് ഹെയര്‍ വാഷ് ചെയ്തിരുന്നത്. ബോഡി പെയ്നൊക്കെ ഇപ്പോള്‍ നല്ല കുറവുണ്ട്. പക്ഷേ, മരുന്ന് നിര്‍ത്താന്‍ പേടിയാണ്. പഴയ സ്റ്റേജിലേക്ക് പോവുമോ എന്നറിയില്ല. ഇതിനൊപ്പം എക്സര്‍സൈസും, വര്‍ക്കൗട്ടുമൊക്കെ തുടങ്ങാനാണ് പറഞ്ഞത്. നന്നായി നടക്കാനും പറഞ്ഞിട്ടുണ്ട്. പൊതുവെ സ്ത്രീകള്‍ക്കാണ് ഈയൊരു അവസ്ഥ വരുന്നത്. ഡോക്ടറെ കണ്ടാലേ നിങ്ങളുടെ അവസ്ഥ ഏതാണെന്ന് മനസിലാവുകയുള്ളൂ. യോഗയും, എക്സര്‍സൈുമൊക്കെ ചെയ്യുന്നത് റിലാക്സേഷനാണ്. പക്ഷേ, ശരീരം ഓക്കെയാണെന്ന് ഉറപ്പിച്ചേ അത് ചെയ്യാവൂ. ഉറക്കം കൃത്യമാക്കിയാല്‍ തന്നെ പകുതി അസുഖവും കുറയും'', പ്രിയ മോഹന്‍ വീഡിയോയില്‍ പറഞ്ഞു.
ഉറക്കം കൃത്യമാക്കിയാല്‍ തന്നെ പകുതി അസുഖവും കുറയും. ആദ്യമൊക്കെ ഇത് പ്രിയയുടെ അഭിനയമാണെന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നെയാണ് അവസ്ഥ മനസിലാക്കുന്നത്. കൂടെയുള്ളവരുടെ സപ്പോര്‍ട്ട് വളരെ പ്രധാനപ്പെട്ടതാണ്. മെന്റലി, ഫിസിക്കലി വയ്യാത്ത അവസ്ഥയാണിത്. കൃത്യമായി തന്നെ ഇതേക്കുറിച്ച് മനസിലാക്കി വേണം ട്രീറ്റ്മെന്റ് എടുക്കാന്‍ എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നുമായിരുന്നു പ്രിയയും നിഹാലും പറഞ്ഞത്.