മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ ഇവര്‍ യൂ ട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്ന വിഡിയോകള്‍ ശ്രദ്ധേയമാകാറുണ്ട്. നടി പൂര്‍ണിമയുടെ സഹോദരി കൂടിയാണ് പ്രിയ.ഇപ്പോഴിതാ, തങ്ങളുടെ വിവാഹജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുവരും.
പൂര്‍ണിമയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംസാരിക്കാനുമുള്ള സാധ്യത തുറന്നു തന്നെന്ന് യുട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗില്‍ പ്രിയയും നിഹാലും വെളിപ്പെടുത്തി
മൂന്നു വര്‍ഷം മുമ്പ് വലിയ വഴക്കുണ്ടായി. മിഡ് ലൈഫ് ക്രൈസിസ് എന്നു പറയാം. വക്കീലന്‍മാരെ വരെ കണ്ടു. എടുത്തു പറയാന്‍ ഒരു കാരണം ഉണ്ടായിരുന്നില്ല. ഫ്രസ്‌ട്രേഷനും എടുത്ത് ചാട്ടവുമായിരുന്നു. മകന്‍ ജനിച്ച സമയമായിരുന്നു. അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ടുമാകാം.
കുടുംബങ്ങള്‍ ഇടപെട്ടത് കൊണ്ടാണ് പെട്ടെന്നൊരു വിവാഹമോചനമെന്ന ചിന്ത മാറിപ്പോയത്. അനുവും (പൂര്‍ണിമ) ഇന്ദ്രേട്ടനും ഞങ്ങളോടു സംസാരിച്ചു. അല്ലെങ്കില്‍ വിവാഹമോചനത്തില്‍ എത്തിയേനെ. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്.
അതു കൊണ്ടു മാത്രമല്ല പിരിയാതിരുന്നത്. ആ തീരുമാനം ഒരു എടുത്തചാട്ടമായി സ്വയം തോന്നിയിരുന്നു. ഈഗോയും സാമ്പത്തിക സ്വാതന്ത്ര്യവും ഉള്ള ഇക്കാലത്ത് വിവാഹമോചനം എളുപ്പമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് പ്രയാസം'. - ഇരുവരും പറയുന്നു.
കല്യാണം കഴിഞ്ഞ സമയത്ത് സീരിയലില്‍ അഭിനയിച്ചിരുന്നു. മകന്‍ വേദു വന്നതോടെയാണ് മുഴുവന്‍ സമയവും വീട്ടിലാകുന്നത് പ്രസവാനന്തരം കുറച്ച് വിഷാദ അവസ്ഥ വരുമല്ലോ. ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഴുവന്‍ സമയം കുഞ്ഞിനെ നോക്കലുമൊക്കെ ആയതോടെയാണ് സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ തുടങ്ങിയത്. ആ സമയത്താണ് തങ്ങള്‍ വഴക്കിട്ട് തുടങ്ങിയതെന്നും പ്രിയ പറഞ്ഞു.