Latest News

അശ്ലീലതയോടെ ഫോട്ടോ എഡിറ്റ്; ചിത്രം മോശമാക്കി പ്രചരിപ്പിച്ചു; നാണംകെട്ട പ്രവൃത്തി; എന്റെ അന്തസ്സിന് കളങ്കം; ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് നടി അന്ന രാജന്‍ 

Malayalilife
 അശ്ലീലതയോടെ ഫോട്ടോ എഡിറ്റ്; ചിത്രം മോശമാക്കി പ്രചരിപ്പിച്ചു; നാണംകെട്ട പ്രവൃത്തി; എന്റെ അന്തസ്സിന് കളങ്കം; ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് നടി അന്ന രാജന്‍ 

തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടി അന്ന രേഷ്മ രാജന്‍. നടിമാരുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീല രൂപത്തില്‍ പ്രചരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പങ്കുവെച്ചാണ് നടി പ്രതികരിച്ചത്. ഇത്തരം വികൃത പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിനെയും സൈബര്‍ വിംഗിനെയും നടി ടാഗ് ചെയ്തിട്ടുണ്ട്. 

ഒരു പ്രത്യേക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് അന്ന രേഷ്മ രാജന്റെ ഫോട്ടോ അശ്ലീലത നിറച്ച് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നയ്ക്ക് ഒപ്പം മലയാളത്തിലെ മറ്റ് പ്രമുഖ നടിമാരുടെ ചിത്രങ്ങളും ഇത്തരത്തില്‍ വികൃതമായി എഡിറ്റ് ചെയ്ത് ഈ അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കാനും തന്നെ വ്യക്തിഹത്യ ചെയ്യാനും വേണ്ടി മനഃപൂര്‍വ്വം ചിലര്‍ ചെയ്ത പ്രവൃത്തിയാണിതെന്ന് നടി ചൂണ്ടിക്കാട്ടി. ഈ നികൃഷ്ടമായ പ്രവൃത്തി ലജ്ജാകരവും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്നും, തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അന്ന വ്യക്തമാക്കി. 

'ഈ അക്കൗണ്ടിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകാനാണ് തീരുമാനം. അശ്ലീല ചിത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചവര്‍ക്കും അത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചവര്‍ക്കുമെതിരെ ശക്തമായ പോലീസ് പരാതി നല്‍കും. നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരും. ദയവായി ആരും ഇത്തരം മോശം ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യരുത്,' എന്ന് തെളിവുകള്‍ സഹിതം നടി കുറിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെ നടി ഈ പോസ്റ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. 

അടുത്തിടെ ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തിയ വേളയിലെ തന്റെ ചില വീഡിയോ ക്ലിപ്പുകള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടതിനെക്കുറിച്ചും അന്ന മുന്‍പ് മനസ്സ് തുറന്നിരുന്നു. ഭക്തിനിര്‍ഭരമായ ആ അന്തരീക്ഷത്തെ വക്രീകരിക്കുന്ന രീതിയില്‍ ചില നിമിഷങ്ങള്‍ മാത്രം കട്ടെടുത്ത് പ്രചരിപ്പിച്ചത് തന്നെ ഏറെ വേദനിപ്പിച്ചെന്നും, അത് ആരുടെയെങ്കിലും ഭക്തിയെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. 

 ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ നടി പുതിയ സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ആരംഭിച്ചപ്പോഴും മോശം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സബ്സ്‌ക്രിപ്ഷന്‍ എന്നാല്‍ മോശം ഉള്ളടക്കങ്ങള്‍ നല്‍കലല്ലെന്നും, തികച്ചും പ്രൊഫഷണലായതും മാന്യതയുള്ളതുമായ സര്‍ഗ്ഗാത്മക ചര്‍ച്ചകള്‍ക്ക് മാത്രമുള്ള ഇടമാണിതെന്നും അനാവശ്യമായ ഒന്നും അവിടെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അന്ന വ്യക്തമാക്കിക്കൊടുത്തു. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ അന്ന രാജന്‍, നിലവില്‍ സിനിമകളിലും ഉദ്ഘാടന വേദികളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് നടിയുടെ തീരുമാനം.

anna Reshma cyber Police Complaint

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES