Latest News

എന്തായാലും 'കടിച്ചുതൂങ്ങാന്‍' താല്‍പര്യമില്ല; അതൊക്കെ വെറും ആരോപണം മാത്രമാണ്; അല്ലെങ്കില്‍ കേട്ടവര്‍ തെളിയിക്കട്ടെ; എല്ലാവരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്; ആ നിര്‍ണായക ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ത്ത് ശ്വേത മേനോന്‍; ഈ മാസം 27ന് എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും

Malayalilife
എന്തായാലും 'കടിച്ചുതൂങ്ങാന്‍' താല്‍പര്യമില്ല; അതൊക്കെ വെറും ആരോപണം മാത്രമാണ്; അല്ലെങ്കില്‍ കേട്ടവര്‍ തെളിയിക്കട്ടെ; എല്ലാവരുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്; ആ നിര്‍ണായക ഹര്‍ജിയില്‍ അന്‍സിബയെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ത്ത് ശ്വേത മേനോന്‍; ഈ മാസം 27ന് എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും

താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ നിയമപോരാട്ടം കൂടുതല്‍ ശക്തമാകുന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടി അന്‍സിബ ഹസ്സനെ കക്ഷി ചേര്‍ക്കുന്നതിനെ നടി ശ്വേതാ മേനോന്‍ ശക്തമായി എതിര്‍ത്തു. ശ്വേതയുടെ ഈ എതിര്‍പ്പില്‍ എറണാകുളം മുന്‍സിഫ് കോടതി ഈ മാസം 27-ന് വിശദമായ വാദം കേള്‍ക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനം കോടതി വിലക്കിയതിനെതിരെ നടനും കമ്മിറ്റി മുന്‍ കണ്‍വീനറുമായ രമേഷ് പിഷാരടിയും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റേ ഉത്തരവിനോടുള്ള തന്റെ എതിര്‍പ്പ് പിഷാരടിയും കോടതിയെ അറിയിക്കും. രമേഷ് പിഷാരടിയുടെ വാദവും കോടതി 27-ന് തന്നെയാണ് കേള്‍ക്കുക. അതുവരെ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടക്കാല സ്റ്റേ തുടരാന്‍ കോടതി ഉത്തരവിട്ടു. 

'അമ്മ'യുടെ നിലവിലെ ബൈലോ പ്രകാരം അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനമില്ലെന്നും, അതിനാല്‍ ഇപ്പോള്‍ രൂപീകരിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നുമാണ് ശ്വേതാ മേനോന്റെ ഹര്‍ജിയിലെ പ്രധാന വാദം. സംഘടനയുടെ ഭരണസമിതി രാജിവെക്കുകയാണെങ്കില്‍, പുതിയൊരു ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ദൈനംദിന ചുമതലകള്‍ രാജിവെച്ച സമിതിക്ക് തന്നെയായിരിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

കോടതി ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്നും രമേഷ് പിഷാരടി രാജി പ്രഖ്യാപിച്ചിരുന്നു. സംഘടനയെ കോടതി കയറ്റാന്‍ തനിക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. താന്‍ ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ശ്വേത ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും പിഷാരടി പറഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് സംഘടനയില്‍ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതെന്നും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു. 

സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് കോടതി സ്റ്റേ അനുവദിക്കുകയെന്ന് അദ്ദേഹം ചോദിച്ചെങ്കിലും, കൂടുതല്‍ നിയമപോരാട്ടങ്ങള്‍ക്കില്ലെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. വരും ദിവസങ്ങളില്‍ താരസംഘടനയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്നാണ് സൂചന.

amma adhoc committee court

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES