ശരീരത്തിനപ്പുറം മനസ്സുകളുടെ പ്രണയം എന്നും നിലനില്‍ക്കും അതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമയ്ക്കല്‍ സ്വദേശി പ്രണവും ഷഹാനയും. പ്രണവിന്റെ ശരീരം കഴുത്തിന് കീഴ്പ്പോട്ട് തളര്‍ന്നു പോയിരിക്കുകയാണ്. കൈകള്‍ മാത്രം ചലിപ്പിക്കാം. എന്നാല്‍ പ്രണവിന്റെ ഈ ശാരീരിക വൈകല്യമൊന്നും ഷഹാന എന്ന 20 കാരിക്ക് പ്രശ്നമല്ല. കാരണം അവള്‍ പ്രണയിച്ചത് ശരീരത്തിനപ്പുറം മനസ്സിനെയായിരുന്നു. ഒരുപാട് പേര്‍ എതിര്‍ത്ത പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് മൂന്നിന് വീല്‍ചെയറില്‍ ഇരുന്ന് പ്രണവ് താലികെട്ടി ഷഹാനയെ സ്വന്തമാക്കി. കഴിഞ്ഞ ദിവസം അവരുടെ ഒന്നാം വിവാഹ വാര്‍ഷികമായിരുന്നു.
പ്രണയം സത്യമാണ്, ആ സത്യമാണ് ഇന്ന് എന്റെ ചേട്ടന്റെ ഒപ്പം ജീവിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരുപാട് പേര്‍ എന്നെ തടഞ്ഞതാണ്. ഈ വിവാഹം ശരിയാവില്ല, നിന്നെ അവന്‍ മതം മാറ്റും, അതിന് വേണ്ടിയാണ് ഈ വിവാഹം എന്നൊക്കെ പലതും പറഞ്ഞു. എന്നാല്‍ എനിക്കറിയാമായിരുന്നു, എന്റെ ചേട്ടനെ. ശരീരം മാത്രമേ തളര്‍ന്നിട്ടുള്ളൂ, മനസ്സ് തളര്‍ന്നിട്ടില്ല. അത് മനസ്സിലാക്കിയാണ് ഞാന്‍ സ്നേഹിച്ചതും ഒപ്പം പോന്നതും. ഞങ്ങള്‍ക്കിടയില്‍ മതമില്ല. എന്റെ വിശ്വാസം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ എന്തും പറയട്ടെ. എല്ലാം പോസിറ്റീവായാണ് കാണുന്നത്;ഷഹാന പറയുന്നു.
ബികോം വിദ്യാര്‍ത്ഥിയായിരിക്കെ 6 വര്‍ഷം മുന്‍പ് കുതിരത്തടം പൂന്തോപ്പില്‍ നടന്ന ബൈക്ക് അപകടത്തില്‍ താഴേക്കാട് സ്വദേശി മണപറമ്പില്‍ സുരേഷ് ബാബുവിന്റെ മകന്‍ പ്രണവിന്റെ ശരീരം തളര്‍ന്നു. വീല്‍ചെയറിലേക്കു ജീവിതം മാറിയെങ്കിലും നിരാശയുടെ ഇരുട്ടറയില്‍ കഴിയാന്‍ പ്രണവ് തയാറായില്ല. നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും പ്രണവ് നിറസാന്നിധ്യമായി. അടുത്ത സുഹൃത്തായ വിനുവായിരുന്നു വര്‍ഷങ്ങളായി പ്രണവിനെ വീട്ടിലെത്തി കുളിപ്പിച്ചിരുന്നത്. വീല്‍ചെയറിലിരുന്ന് ഉത്സവ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകള്‍ ഫേസ്ബുക്കില്‍ വൈറലായി. ഇതു കണ്ടാണു തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി ഷഹാന പ്രണവിനെക്കുറിച്ച് അറിയുന്നത്.3 മാസം മുന്‍പ് ഫേസ്ബുക്കില്‍ നിന്നു ഫോണ്‍ നമ്പറെടുത്തു ഷഹാന പ്രണവിനെ വിളിച്ചു. കുറച്ചുനാള്‍ സംസാരിച്ചതോടെ ഷഹ്ന ഇഷ്ടം അറിയിച്ചു; വിവാഹം കഴിക്കാന്‍ തയാറാണെന്ന കാര്യവും.
വിഷമത്തിലായ പ്രണവ് തന്റെ പ്രണയം മറച്ചുവച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഷഹാനയുടെ വീട്ടില്‍ വിവരം അറിഞ്ഞതോടെ പ്രശ്‌നമായി. പ്രണവിന്റെ അടുത്തേക്ക് വരുന്നുവെന്നറിയിച്ച് ഷഹാന വീട്ടില്‍ നിന്ന് ഇറങ്ങി. പ്രണവിന്റെ വീട്ടുകാരും സുഹൃത്തുക്കളും ഒരു തീരുമാനമെടുത്തു. പ്രണവിന്റെ അവസ്ഥ ഷഹാന നേരിട്ടു കാണട്ടെ. മനം മാറിയാല്‍ തിരികെ വീട്ടിലെത്തിക്കാം. തുടര്‍ന്ന് ഷഹാന താഴേക്കാട്ടെ വീട്ടിലെത്തി. പ്രണവിനെ കണ്ടു; സംസാരിച്ചു. പ്രണവും വീട്ടുകാരും പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഷഹാന ഉറച്ചുനിന്നു. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഷഹ്ന പ്രണവിന്റെ സഖിയാകുകയായിരുന്നു. ഇവര്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ പ്രാര്‍ത്ഥന കൊണ്ടു മൂടുകയാണ് സോഷ്യല്‍ മീഡിയ.