നേരിന്റെ കണ്ണീര്‍ നനവും സ്‌നേഹത്തിന്റെ ആര്‍ദ്രതയും ചേര്‍ന്നൊരു ഹ്രസ്വ ചിത്രം.പ്രേക്ഷകരില്‍ നന്മയുടെ പൂക്കാലം പകര്‍ന്ന് 'നിന്നോളം' ശ്രദ്ധേയമാകുന്നു. കുഞ്ഞു മനസ്സിലെ നന്മകളുടെ കഥയുമായി എത്തിയ 'നിന്നോളം' കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കഥാപരിസരം മുതല്‍ അവതരണം വരെ പുതുമയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പ്ലാന്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ബന്ധങ്ങളുടെ ആഴവും നന്മയുമാണ് പറയുന്നത്. പത്താം ക്ലാസുകാരി ദിവ്യയും അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. കളക്ടറാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ദിവ്യയും പ്ലാന്റേഷന്‍ തൊഴിലാളിയായ അമ്മ സുജയും അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം പൂര്‍വ്വ വിദ്യാര്‍ഥികളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് സിനിമ കണ്ട് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിനന്ദിക്കുകയുണ്ടായി. എഐ സാധ്യതകള്‍ക്കൂടി ഉപയോഗിച്ചാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
പുതിയ കാലത്തെ കുട്ടികളുടെ കഥയാണ് സിനിമ പറയുന്നതെന്നും സിനിമയെക്കുറിച്ച് പഠിക്കുന്നതിനൊപ്പം ബന്ധങ്ങളുടെ ഊഷ്മളതയും വിദ്യാര്‍ത്ഥികളിലേക്ക് പകരുന്നതിനാണ് 'നിന്നോളം' ഒരുക്കിയതെന്നും ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപികയായ അപ്‌സര പി. ഉല്ലാസ് പറയുന്നു.
അശ്വിനി അജികുമാര്‍, ആര്‍തര്‍ അജി, അനഘ ദിലീപ്, അപ്‌സര പി. ഉല്ലാസ്, വിധു ആര്‍, സുരേഷ് കുമാര്‍ എസ്, സന്തോഷ് കുമാര്‍ എസ്, ദിനേശ് കുമാര്‍, ഗൗതം നിമേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സംവിധാനം: പി. അയ്യപ്പദാസ്
നിര്‍മാണം: ജ്യോതിസ് പി. ഉല്ലാസ്, വിധു ആര്‍.
രചന: അരുണ്‍ എഴുത്തച്ഛന്‍
ക്യാമറ: ജിജു വിഷ്വല്‍
എഡിറ്റര്‍: ബിബിന്‍ ബാബു
ഗാനരചന: ഡോ. ആര്‍. അപര്‍ണ
മേക്കപ്പ്: സുബിന്‍ മാരാമണ്‍
https://youtu.be/dr3r9y3dams