ആര്‍ത്തവ ദിനങ്ങളില്‍ ഗാനരംഗം ചിത്രീകരിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കുമെതിരെ നടി അയേഷ ഖാന്‍. തന്റെ തുറന്നുപറച്ചിലിനോടുള്ള പ്രതികരണങ്ങള്‍ ഭയപ്പെടുത്തുന്നതായും പരിഹാസങ്ങള്‍ 'ഡാര്‍ക്ക് ഹ്യൂമര്‍' ആകുന്നതിലെ ഖേദവും നടി മോജോ സ്റ്റോറിയുടെ വിമന്‍ ഓഫ് ഇന്ത്യ ഉച്ചകോടിയില്‍ പ്രകടിപ്പിച്ചു. രണ്‍വീര്‍ സിംഗ് നായകനായ, ആദിത്യ ധര്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ധുരന്ധറി'ലെ 'ഷരാരത്ത്' എന്ന ഗാനരംഗത്തെക്കുറിച്ചാണ് അയേഷ ഖാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നത്.
ആഗോളതലത്തില്‍ 1300 കോടി രൂപ നേടിയ 'ധുരന്ധറി'ലെ 'ഷരാരത്ത്' ഗാനം രണ്ട് ദിവസമെടുത്താണ് അയേഷ ഖാന്‍ ക്രിസ്റ്റല്‍ ഡിസൂസയ്ക്കൊപ്പം നൃത്തം ചെയ്തത്. ഈ സമയത്ത് താന്‍ ആര്‍ത്തവത്തിലായിരുന്നുവെന്നും, ശാരീരിക ബുദ്ധിമുട്ടുകളില്ലായിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും അയേഷ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വെളിപ്പെടുത്തലിന് പിന്നാലെ താന്‍ വലിയ തോതില്‍ ട്രോളിന് ഇരയായെന്നും, ട്രോള്‍ ചെയ്തവരില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നുവെന്നും നടി ചൂണ്ടിക്കാട്ടി.
'ഈയിടെയായി നിങ്ങള്‍ എന്തു ചെയ്താലും പറഞ്ഞാലും അതെല്ലാം തമാശയും 'ഡാര്‍ക്ക് ഹ്യൂമറും' നേരമ്പോക്കുമായി മാറുന്നത് ഖേദകരമാണ്. എല്ലാറ്റിനെയും ചിരിയോടെ സമീപിക്കാന്‍ കഴിയുന്നത് നല്ല കാര്യമാണ്. എന്നാല്‍, എല്ലാറ്റിനെയും ഏതു നേരവും പരിഹസിച്ചു ചിരിക്കുന്നത് അത്ര രസകരമായ ഒന്നല്ല,' അയേഷ പ്രതികരിച്ചു. ആര്‍ത്തവം സ്വാഭാവിക ശാരീരിക പ്രക്രിയയാണെന്നും, അതിനെക്കുറിച്ച് സംസാരിക്കുന്നത് സാധാരണമാണെന്നും അയേഷ പറഞ്ഞു.
'എനിക്കത് സാധാരണമായ ഒന്നായതുകൊണ്ട് ഞാന്‍ അത് കരുതിയിരുന്നത് കൂടിയല്ല. ഓരോ മാസവും നാം ഈ സൈക്കളിലൂടെ കടന്നുപോകുന്നുണ്ട്. ആര്‍ത്തവസമയത്ത് നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്,' അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ആര്‍ത്തവം പെട്ടെന്നൊരു നാഷണല്‍ ജോക്കായി മാറിയത് ഏറെ വേദനാജനകമായെന്ന് അവര്‍ പറഞ്ഞു. ആണ്‍മക്കളേയും സഹോദരന്മാരേയും ആര്‍ത്തവത്തെക്കുറിച്ച് ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും അയേഷ ഊന്നിപ്പറഞ്ഞു. 'ഈ തമാശകളെല്ലാം പുരുഷന്മാരില്‍ നിന്നാണ് വന്നതെന്ന് എനിക്കുറപ്പാണ്,' അവര്‍ പറഞ്ഞു.