കുഞ്ചാക്കോ ബോബന്‍ നായകനായി 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയം. സനല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപ നായര്‍ ആയിരുന്നു ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച നടി പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. പ്രിയം നടിയുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു. വിവാഹത്തിന് ശേഷം നടി പിന്നീട വിദേശത്തേക്കും കടന്നു. ഇപ്പോഴിതാ പ്രിയം സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.
പ്രിയം സിനിമയ്ക്ക് ശേഷം തനിക്ക് ഇഷ്ടം പോലെ ലവ് ലെറ്ററുകളില്‍ കിട്ടാറുണ്ടെന്ന് പറയുകയാണ് ദീപ നായര്‍ ഇപ്പോള്‍. 'ഇഷ്ടം പോലെ കിട്ടിയിരുന്നു. അജു വര്‍ഗീസ് വരെ അയച്ചിരുന്നു. അജു വിളിക്കുമായിരുന്നു. ഫോണില്‍ സംസാരിച്ചിട്ടുണ്ട് ഞാന്‍. ആ സമയത്ത് അജു ചെറുതാണ്. പണ്ടും ഇപ്പോഴും ഇന്‍സ്റ്റാ?ഗ്രാമിലും ഫേസ്ബുക്കിലും ആയാലും ആരൊക്കെ മെസേജ് അയക്കാറുണ്ടോ. അവര്‍ക്ക് മറുപടി കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഭയങ്കര സംഭവമാണത്. ഒരു സിനിമ മാത്രമാണ് ചെയ്തത്. ഇത്രയും ആള്‍ക്കാര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു, മെസേജ് അയക്കുന്നു. സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളാണ്', എന്ന് ദീപ പറയുന്നു.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. 'കുഞ്ചാക്കോ ബോബനോടൊന്നിച്ച് അഭിനയിക്കാനായി എന്റെ അച്ഛനാണ് പ്രിയം എന്ന സിനിമ നിര്‍മിച്ചത് എന്നൊരു കള്ളകഥ പ്രചരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്തത് കെ. കെ നായര്‍ സര്‍ ആണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കെ.കെ. നായരുടെ കൊച്ചുമകള്‍ തന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ ഏറെ സങ്കടം തോന്നി. ആ കുടുംബം നിര്‍മിച്ച ഒരേയൊരു സിനിമയായിരുന്നു പ്രിയം. എന്നാല്‍ ചിത്രത്തിന്റെ ക്രെഡിറ്റ് പലപ്പോഴും താന്‍ പോലുമറിയാതെ തന്റെ അച്ഛനിലേക്ക് എത്തിയതില്‍ ആ കുടുംബത്തിന് വലിയ വിഷമമുണ്ട്. തങ്ങള്‍ ചെയ്ത വലിയൊരു കാര്യത്തിന്റെ അംഗീകാരം മറ്റൊരാള്‍ക്ക് പോകുമ്പോഴുള്ള വേദനയാണ് അവര്‍ പങ്കുവച്ചത്.
ഞാന്‍ ഈ സിനിമയിലേക്ക് സിനിമാറ്റോഗ്രാഫര്‍ വിപിന്‍ മോഹന്‍ അങ്കിളും അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ ആന്റിയും കാരണമാണ് എത്തിയത്. ഒരു ദിവസം വിപിന്‍ മോഹനും ഗിരിജ ആന്റിയും വീട്ടില്‍ വന്നിരുന്നു. അന്ന് അവര്‍ അച്ഛനോടു പറഞ്ഞു കുഞ്ചാക്കോ ബോബന്‍ നായകനായിട്ട് വരുന്നതാണ് അടുത്ത സിനിമ അതിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ടെന്ന്. ആ സമയത്ത് ഞാന്‍ എഞ്ചീനീയറിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു. അന്ന് ഗൃഹലക്ഷമിയില്‍ മുഖചിത്രമായി എന്റെ ഫോട്ടോ വന്നിരുന്നു.ആ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ട് മകളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താല്പര്യമുണ്ടോ എന്ന് അച്ഛനോട് ചോദിച്ചു. അച്ഛനും അമ്മയ്ക്കും തീരെ താല്പര്യമില്ലായിരുന്നു. കാരണം സിനിമയുമായിട്ട് ഞങ്ങളുടെ ഫാമിലിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. പക്ഷെ വിപിന്‍ അങ്കിള്‍ അച്ഛനോട് പേടിക്കേണ്ട ആവശ്യമില്ലെന്നും നല്ല കഥാപാത്രമാണെന്നും പറഞ്ഞ്് സമ്മതിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലെത്തുന്നത്'-ദീപാ നായര്‍ പറഞ്ഞു.
സനല്‍ സംവിധാനം ചെയ്ത 'പ്രിയം' എന്ന ചിത്രത്തില്‍ ആനി എന്ന കഥാപാത്രത്തെയാണ് ദീപ നായര്‍ അവതരിപ്പിച്ചത്. ഹം ഹേ രാഹി പ്യാര്‍ കേ എന്ന ഹിന്ദി സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. സിനിമയ്ക്ക് ശേഷം ദീപ നായര്‍ അഭിനയരംഗത്ത് സജീവമായിരുന്നില്ല. കഴിഞ്ഞ 23 വര്‍ഷമായി കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് താരം താമസിക്കുന്നത്. രണ്ട് കുട്ടികളുമുണ്ട്. അടുത്തിടെ ആറ്റുകാല്‍ പൊങ്കാലയിടാന്‍ ദീപ നാട്ടില്‍ തിരിച്ചെത്തിയിരുന്നു.