പ്രേക്ഷകപ്രീതിയാര്‍ജ്ജിച്ച് മുന്നേറുന്ന ബിഗ്‌ബോസ് ഒരു എലിമിനേഷന്‍ റൗണ്ടിന് കൂടി സാക്ഷിയായി. ഇന്നലെ നടന്ന എലിമിനേഷനില്‍ പുറത്തായത് ദിയ സനയാണ്. എല്ലാവരോടും മാപ്പു പറഞ്ഞും അരിസ്‌റ്റോ സുരേഷിന്റെ കാലില്‍ തൊട്ട് വണങ്ങിയുമാണ് ദിയ ബിഗ് ബോസിന് പുറത്തേക്ക് പോയത്. മത്സരാര്‍ഥികളില്‍ പലരും പൊട്ടിക്കരഞ്ഞാണ് ദിയയെ യാത്രയാക്കിയത്.
ശ്രീനിഷ്, ബഷീര്‍, ദിയ സന എന്നിവരാണ് ഈ റൗണ്ടില്‍ എലിമിനേഷനില്‍ എത്തിയത്. തന്റെ കുടുംബത്തെ മിസ് ചെയ്യുന്നത് കൊണ്ട് പുറത്ത് പോകുവാന്‍ ഒരുക്കമാണെന്ന് ബഷീര്‍ അറിയിച്ചപ്പോള്‍ ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടെന്നും ചികിത്സ തുടരാന്‍ പുറത്തേക്ക് പോകാന്‍ തയ്യാറാണെന്ന് ദിയ സനയും മോഹന്‍ലാലിനോട് പറഞ്ഞു. അതേസമയം തനിക്ക് ഇവിടെ തുടരാനാണ് ആഗ്രഹമെന്നാണ് ശ്രീനിഷ് പറഞ്ഞത്. മത്സരരാര്‍ഥികളുടെ അഭിപ്രായം ആരാഞ്ഞെങ്കിലും വോട്ടിന്റെ അടിസ്ഥാനത്തിലാണ് ദിയയെ ബിഗ് ബോസ് പുറത്താക്കിയത്.
എല്ലാവരേയും മിസ് ചെയ്യുമെന്നായിരുന്നു ബിഗ്‌ബോസിന്റെ തീരുമാനം കേട്ട ദിയയുടെ പ്രതികരണം. പേളി ഉള്‍പെടെ എല്ലാവരോടും മാപ്പു ചോദിക്കാനും ദിയ മറന്നില്ല. ബിഗ് ബോസില്‍ താന്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് അരിസ്റ്റോ സുരേഷിനെയാണെന്നും ഏറ്റവും കൂടുതല്‍ മാപ്പ് ചോദിക്കാനുള്ളത് സുരേഷിനോടാണെന്നും പറഞ്ഞ ദിയ സുരേഷിന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയശേഷമാണ് ബിഗ് ബോസിന് പുറത്തേക്ക് പോയത്.
ബിഗ് ബോസില്‍ ആകാംഷയോടെയാണ് എത്തിയതെന്നും താന്‍ ഒരുപാട് ക്ഷമ ഞാന്‍ പഠിച്ചെന്നും പറഞ്ഞ ദിയ ചില കാര്യങ്ങള്‍ പറഞ്ഞത് ഫലിപ്പിക്കാനായില്ലെന്നും പറഞ്ഞു. ദിയയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്ന അര്‍ച്ചനയും ദിയ പുറത്തായത് സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.