മറിമായം സീരിയലിലെ മന്‍മഥനും സുരാജ് വെഞ്ഞാറമൂടും തമ്മിലുള്ള ബന്ധം അറിയുമോ? നടന്‍ റിയാസിന്റെ വിശേഷങ്ങള്‍ അറിയാം

Malayalilife
topbanner
മറിമായം സീരിയലിലെ മന്‍മഥനും സുരാജ് വെഞ്ഞാറമൂടും തമ്മിലുള്ള ബന്ധം അറിയുമോ? നടന്‍ റിയാസിന്റെ വിശേഷങ്ങള്‍ അറിയാം

മഴവില്‍ മനോരമയിലെ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് മറിമായം. സമകാലിക പ്രസക്തമായ ആക്ഷേപഹാസ്യ സീരിയലായ മറിമായത്തിലൂടെ പ്രശസ്തനായ നടനാണ് മറിമായം മന്‍മഥന്‍. മറിമായത്തിലൂടെ എത്തി പ്രശസ്തനായ നടന്‍ റിയാസിന്റെ വിശേഷങ്ങള്‍ അറിയാം.

തിരുവനന്തപുരത്ത് നെടുമങ്ങാട് സ്വദേശിയാണ് റിയാസ് എന്ന നര്‍മ്മകല റിയാസ്. കലാരംഗത്ത് ചെറുപ്പം മുതലേ വളരെ താല്‍പര്യമുണ്ടായിരുന്ന വ്യക്തിയായ റിയാസ് ഡിഗ്രി കഴിഞ്ഞപ്പോള്‍ സ്വന്തമായി 'നര്‍മ്മകല' എന്ന ട്രൂപ്പ് തുടങ്ങിയ ആളാണ്. ഈ ട്രൂപ്പില്‍ നിന്നും പയറ്റിതെളിഞ്ഞവരാണ് ഇപ്പോള്‍ പല ചാനലുകളിലും കോമഡി ഷോകളില്‍ വാഴുന്നത്. നടന്‍ സുരാജ് വെഞ്ഞാറമൂടും ഈ ട്രൂപ്പിന്റെ സൃഷ്ടിയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ മിമിക്രിയിലും മോണോ ആക്ടിലുമൊക്കെ സജീവമായി മത്സരങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്ന റിയാസിനെ തേടി സമീപകാലത്ത് മാത്രമാണ് അവസരങ്ങള്‍ എത്തിയത്. എന്നാല്‍ അതില്‍ റിയാസിന് പരിഭവമൊന്നുമില്ല.  സജീവമായ കലാജീവിതത്തിന്റെ 25  ാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും റിയാസ് എന്ന പേരും കലാകാരനും അംഗീകരിക്കപ്പെടാന്‍ 'മറിമായ'ത്തിലെ മന്‍മഥന്‍ വേണ്ടി വന്നു എന്നു മാത്രം.

ദൂരദര്‍ശനില്‍ 'ടേക്ക് ഫോര്‍ ഓക്കെ' എന്ന സീരിയലിലാണ് റിയാസ് ആദ്യം അഭിനയിച്ചത്. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് 'ജഗപോഗ'യിലെ മധുസാറിന്റെ ഡ്യൂപ്പായാണ്. പിന്നീട് പ്രോഗ്രാം പ്രൊഡ്യൂസറായി. 'ദേ മാവേലി കൊമ്പത്തി'ലെ പാട്ടുകളൊക്കെ അക്കാലത്ത് ചാനലിനു വേണ്ടി വിഡിയോ ചെയ്തു. ഇതു വരെ അമ്പതോളം സീരിയലുകളിലും പത്തോളം സിനിമകളിലും താരം അഭിനയിച്ചു. പക്ഷേ ബ്രേക്കായത് 'മറിമായ'മാണ്. 'തട്ടീം മുട്ടീം' വഴിയാണ് 'മറിമായ'ത്തില്‍ അവസരം കിട്ടിയത്. ഇപ്പോള്‍ 7 വര്‍ഷമായി 'മറിമായ'ത്തിന്റെ ഭാഗമാണ് റിയാസ്. മണികണ്ഠന്‍ പട്ടാമ്പിയുമായി ചേര്‍ന്നാണ് 'അളിയന്‍ വേഴ്‌സസ് അളിയ'ന്റെ ആശയം റിയാസ് ഉണ്ടാക്കിയത്. അതിലെ അഭിനയത്തിന് 2017 ലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡും റിയാസിന് ലഭിച്ചു.

സുരാജ് വെഞ്ഞാറമൂടിന്‌റെ ഗുരുസ്ഥാനത്തുള്ള റിയാസിന് ഇപ്പോഴും നടനുമായി നല്ല ബന്ധമുണ്ട്. സിനിമയിലുമൊന്നും സജീവമായിട്ടില്ലെങ്കിലും സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പണ്ട് തന്നെ സുരാജിന് വലിയ ആരാധക പിന്തുണയുണ്ടായിരുന്നു എന്ന് റിയാസ് പറയുന്നു. അതേസമയം തന്നെ ഏറെ വിഷമിപ്പിച്ച ഒരു അനുഭവവും താരം പങ്കുവയ്ക്കുന്നു. കഴിഞ്ഞ ഓണത്തിന് സുരാജിന്റെ വീട്ടില്‍ നിന്നാണ് റിയാസ് ഊണ് കഴിച്ചത്. അന്ന്, ''അടുത്ത ഓണത്തിന് ഞാന്‍ ഉണ്ടാകുമോയെന്ന് അറിയില്ല'' എന്ന് സുരാജിന്റെ അച്ഛന്‍ പറഞ്ഞിരുന്നു. 'അതൊന്നും നമ്മുടെ കൈയിലല്ലല്ലോ'യെന്ന് റിയാസും മറുപടി പറഞ്ഞു. അതിനു ശേഷം മൂന്നു മാസം കഴിഞ്ഞപ്പോഴായിരുന്നു സുരാജിന്റെ അച്ഛന്റെ മരണം. ഇത് റിയാസിന് ഇപ്പോഴും ഒരു നോവാണ്. ഇപ്പോഴും സുരാജ് അത് പറയുമെന്നും റിയാസ് പറയുന്നു. ഒപ്പം തനിക്ക് സംസ്ഥാന അവാര്ഡ് ലഭിച്ചത് കാണാന്‍ വാപ്പച്ചിയും മമ്മിയും ഉണ്ടായില്ലെന്ന സങ്കടവും റിയാസിനുണ്ട്. അവരുടെ പ്രോല്‍സാഹനം കൊണ്ടാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും താരം പറയുന്നു. അഭിനയരംഗത്ത് സജീവമായതോടെ റിയാസിന് ട്രൂപ്പ് നോക്കിനടത്താന്‍ പറ്റാതായി. ടീ സ്പിരിറ്റും നഷ്ടമായതോടെ നര്‍മകല എന്ന ട്രൂപ്പിനെ മറ്റൊരു ട്രൂപ്പിന് കൈമാറേണ്ടിയും വന്നു. എങ്കിലും ഇപ്പോള്‍ റിയാസിന് നഷ്ടബോധമൊന്നുമില്ല. നൈനയാണ് റിയാസിന്റെ ഭാര്യ. മൂന്ന് ആണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
 

marimayam manmadhan

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES