ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പിൽ പ്രതികളെ എൻഐഎ സംഘം ചോദ്യം ചെയ്തു. പ്രതികളുടെ അന്താരാഷ്ട്ര ബന്ധവും സാമ്പത്തിക സ്രോതസുമാണ് അന്വേഷണ സംഘം തേടുന്നത്. അതേ സമയം ആക്രമണത്തിനായി തോക്ക് എത്തിച്ചു നൽകിയ പ്രതികളെ മുംബൈയിലെത്തിച്ചു. സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പഴുതടച്ചുളള അന്വേഷണമാണ് നടക്കുന്നത്. എൻഐഎ ചോദ്യം ചെയ്യൽ പ്രതികളുടെ അന്താരാഷ്ട്ര ബന്ധം തേടിയെന്നാണ് സൂചന. സൽമാൻ ഖാനുമായി മുൻവൈരാഗ്യമോ ശത്രുതയോ പ്രതികൾക്കില്ല എന്നും പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് ഇരുവരും കൃത്യം ഏറ്റെടുത്തതെന്നുമാണ് നിഗമനം.
ഇതിനിടെ പ്രതികൾക്ക് തോക്ക് എത്തിച്ചു നൽകിയ പഞ്ചാബ് സ്വദേശികളെ ഇന്ന് മുംബൈയിലെ കോടതിയിൽ ഹാജരാക്കി. ബിഷ്ണോയി ഗ്യാങ്ങുമായി അടുത്ത ബന്ധമുളള ഇവരിലൂടെ ആക്രമണത്തിനു പിന്നിലെ ഗൂഡാലോചന കൂടുതൽ വ്യക്തമാകും എന്നാണ് സൂചന. അടുത്ത തിങ്കളാഴ്ച്ച മുഖ്യപ്രതികളായ സാഗർ പാലിന്റെയും, വിക്കി ഗുപ്തയുടേയും കസ്റ്റഡി കാലാവധി തീരാനിരിക്കെ കൂടുതൽ കണ്ടെത്തലുകളിലേക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയേക്കും. അതേ സമയം പ്രതികളുപയോഗിച്ച തോക്കും ഏതാനും തിരകളും കണ്ടെടുത്തെങ്കിലും നിർണായ തെളിവായ മൊബൈൽ ഫോണുകൾ ഇതുവരെ കിട്ടിയിട്ടില്ല.