സിനിമയില്‍ നിന്നാരംഭിച്ച് മിനിസ്‌ക്രീനില്‍ സ്വന്തം ഇടം ഉറപ്പിച്ച താരമാണ് ധന്യ മേരി വര്‍ഗീസ്. സീത കല്യാണം' എന്ന സീരിയലിലൂടെയാണ് ധന്യ മേരി വര്‍ഗീസ് സിനിമയേക്കാള്‍ കൂടുതല്‍ ആരാധകരെ നേടിയത്. എന്നാല്‍ ധന്യയെ കൂടുതല്‍ അടുത്തറിയാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിച്ചത് ബിഗ് ബോസ് ഹൗസിലൂടെയാണ്. ക്യാമറകളുടെ മുന്നില്‍ മറവുകളില്ലാതെ ജീവിക്കേണ്ട ആ വീടിനുള്ളിലെ ദിവസങ്ങള്‍ എത്രത്തോളം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് ഇപ്പോള്‍ തുറന്ന് പറയുകയാണ് താരം.
ബിഗ് ബോസില്‍ പരിചയമുള്ളവര്‍ സഹമത്സരാര്‍ത്ഥികളായി വരാതിരിക്കുന്നതാണ് നല്ലതെന്നും ഹൗസിനുള്ളിലെ വ്യക്തിബന്ധങ്ങള്‍ ഗെയിമിനെ പ്രതികൂലമായി ബാധിക്കുമെന്നും അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കും മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വഴിവെക്കുമെന്നും ധന്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. പരിചയമുള്ളവര്‍ ഒപ്പമുണ്ടാകുമ്പോള്‍ അവര്‍ എന്ത് തെറ്റ് ചെയ്താലും കുറ്റം പറയാന്‍ പ്രയാസമാണ്. എന്നാല്‍, പറയാതിരുന്നാല്‍ പുറത്തുനിന്ന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുമെന്നും ധന്യ പറയുന്നു.
ഇത് മത്സരാര്‍ത്ഥികളില്‍ മാനസികമായി വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അവിടെ ഇമോഷന്‍സ് വര്‍ക്ക് ആവും, അഭിനയിച്ചൊന്നും നില്‍ക്കാന്‍ പറ്റില്ല. എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തും,' ധന്യ അഭിപ്രായപ്പെട്ടു. എന്നാല്‍, എല്ലാവരും ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യത്തെ ഗെയിം സ്ട്രാറ്റജിയായി കാണുകയാണെങ്കില്‍ അത് ഗുണകരമാണ്. അങ്ങനെയെങ്കില്‍ ആരുടെയും സന്തോഷമോ സങ്കടമോ നമ്മളെ ബാധിക്കില്ലെന്നും, കളിക്കളത്തിലെ തന്ത്രങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ബിഗ് ബോസ് ഹൗസില്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസിന് ശേഷം നല്ല കഥാപാത്രങ്ങള്‍ നഷ്ടപ്പെട്ട് തുടങ്ങി. അതുവരെ എന്നെ പാവമായി കണ്ടവരെല്ലാം ബിഗ് ബോസിന് ശേഷം നെഗറ്റീവ് റോളുകളിലേക്ക് വിളിക്കാന്‍ തുടങ്ങി. വില്ലത്തി വേഷങ്ങള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ബിഗ് ബോസിന് ശേഷമാണ് ചോദ്യങ്ങള്‍ വന്നത്,' ധന്യ മേരി വര്‍ഗീസ് പറഞ്ഞു.