ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടിയ സ്വത്ത് തന്റേതല്ലെന്ന് വ്യക്തമാക്കി നടി ധന്യ മേരി വര്‍ഗീസ്. സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി തന്റെ പേര് അനാവശ്യമായി ബന്ധപ്പെടുത്തിയിരിക്കു കയാണ് എന്ന് ധന്യ പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തിയോ അല്ല താനെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുളള 1.56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക അറിയിപ്പ് എന്ന വരികളോടെ ധന്യ പ്രതികരിച്ചിരിക്കുന്നത്.
സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുളള വ്യക്തി അല്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് മറുപടി നല്‍കുന്നതിനായി, ഞാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താന്‍ ആവശ്യപ്പെടുന്നു എന്നും പ്രസ്താവനയില്‍ ധന്യ വ്യക്തമാക്കിയിട്ടുണ്ട്.
ധന്യ മേരി വര്‍ഗീസിന്റെ പ്രസ്താവന:
ഔദ്യോഗിക അറിയിപ്പ്
സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സംബന്ധിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയുടെ 29-11-2024 പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, എന്റെ പേര് അനാവശ്യമായി ഈ വിഷയത്തില്‍ ചേര്‍ത്തിരിക്കുകയാണെന്ന് വ്യക്തമാക്കേണ്ട സമയമാണിത്.
ആ പ്രസ്താവനയില്‍ വ്യക്തതയുടെ അഭാവം കാരണം, എന്റെ പേര് തെറ്റായി കമ്പനിയുമായി ബന്ധപ്പെട്ടതാണെന്ന് പ്രചരിക്കുകയുണ്ടായി. ഞാന്‍ സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാര്‍ഥ്യം.
പ്രസ്തുത പ്രസ്താവനയില്‍ 180 ദിവസത്തേക്ക് കമ്പനിയുമായി ബന്ധപ്പെട്ട മൂന്നു സ്വത്തുക്കള്‍ താത്കാലികമായി സീല്‍ ചെയ്തിരിക്കുന്നുവെന്ന് പ്രസ്താവിക്കപ്പെടുന്നു. ഇതിനെ കുറിച്ചുള്ള യഥാര്‍ത്ഥ സ്ഥിതി ചുവടെ വ്യക്തമാക്കുന്നു.
1. സാംസണ്‍ സണ്‍സ് ബില്‍ഡേഴ്‌സ് എന്ന കമ്പനി ഉടമസ്ഥതയിലുള്ള കരകുളത്തുള്ള വസ്തു.
2. സാംസണ്‍ സണ്‍സ് കമ്പനിയുടെ ഭൂമിയുടെ അവകാശം ഉന്നയിച്ചിട്ടുള്ള മോഹന്‍ കുമാര്‍ എന്ന വ്യക്തിയുടെ പേരില്‍ ഉള്ള വസ്തു.
3. എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ സാമുവല്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്‌ലാറ്റ്.ഈ മൂന്നു സ്വത്തുക്കളും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. എനിക്കതില്‍ യാതൊരു അവകാശവുമില്ലാത്തതാകുന്നു.
സീല്‍ ചെയ്ത സ്വത്തുക്കളുടെ വിശദമായ പട്ടിക കമ്പനിയ്ക്ക് നല്‍കിയ നോട്ടീസില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, പൊതുപ്രസ്താവനയില്‍ അല്ല. ആയതിനാല്‍, ചില മാധ്യമങ്ങള്‍ ഇതിനെ തെറ്റായി മനസിലാക്കി എന്റെ സ്വത്തുക്കള്‍ സീല്‍ ചെയ്തുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ഇത് മുന്‍നിരയിലുള്ള വാര്‍ത്താ ഏജന്‍സികള്‍ എന്തുകൊണ്ട് സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിച്ചുവെന്ന് ഞാന്‍ ചിന്തിക്കുന്നു. ഈ തെറ്റായ പ്രചരണം എന്റെ പേരില്‍ അനാവശ്യമായി കുറ്റം ചുമത്താനും എനിക്ക് എന്റെ സത്യസന്ധത തെളിയിക്കാന്‍ തടസ്സം സൃഷ്ടിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസിലാക്കുന്നു.
ഇതിന് മറുപടി നല്‍കുന്നതിനായി, ഞാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതുകൂടാതെ, ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതയോടെ വിശദമായ പുനഃപ്രസിദ്ധീകരണം നല്‍കാന്‍ ഋഉയോട് അപേക്ഷിക്കുന്നതുമാണ്.
ഈ അവസ്ഥയില്‍ എന്റെ പക്കല്‍ വന്നുനിന്ന് സത്യാവസ്ഥ അറിയാന്‍ ശ്രമിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു.