Latest News

കൊളംബിയന്‍ ഡ്രഡ് മാഫിയയുടെ ഇടനാഴികളിലൂടെ; ആമസോണ്‍ ഉള്‍ക്കാടുകളിലൂടെ; ലിഫ്റ്റ് ചോദിച്ചും സൈക്കിള്‍ ചവിട്ടിയും ഒരു പെണ്‍കുട്ടി ഒറ്റക്ക് കണ്ടത് 70 രാജ്യങ്ങള്‍; പെപ്പര്‍സ്‌പ്രേയും മൊബൈലും ആയുധം; പീഡനശ്രമങ്ങള്‍ അതിജീവിച്ചു; ഇപ്പോള്‍ താലിബാന്റെ തോക്കിന്‍ മുനയില്‍ നിന്നും അതിജീവിതം; സാഹസികതയുടെ പെണ്‍വഴി; ബാക്ക്പാക്കര്‍ അരുണിമയുടെ അത്ഭുത യാത്രാജീവിതം! 

എം റിജു
 കൊളംബിയന്‍ ഡ്രഡ് മാഫിയയുടെ ഇടനാഴികളിലൂടെ; ആമസോണ്‍ ഉള്‍ക്കാടുകളിലൂടെ; ലിഫ്റ്റ് ചോദിച്ചും സൈക്കിള്‍ ചവിട്ടിയും ഒരു പെണ്‍കുട്ടി ഒറ്റക്ക് കണ്ടത് 70 രാജ്യങ്ങള്‍; പെപ്പര്‍സ്‌പ്രേയും മൊബൈലും ആയുധം; പീഡനശ്രമങ്ങള്‍ അതിജീവിച്ചു; ഇപ്പോള്‍ താലിബാന്റെ തോക്കിന്‍ മുനയില്‍ നിന്നും അതിജീവിതം; സാഹസികതയുടെ പെണ്‍വഴി; ബാക്ക്പാക്കര്‍ അരുണിമയുടെ അത്ഭുത യാത്രാജീവിതം! 

ഭയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്, തോളിലൊരു ബാക്ക്പാക്കും തൂക്കി ലോകത്തിന്റെ അതീവ അപകടകരമായ പാതകളിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടി! അതാണ് 'ബാക്ക്പാക്കര്‍ അരുണിമ' എന്ന സോഷ്യല്‍ മീഡിയാ നാമത്തില്‍ അറിയപ്പെടുന്ന ഒറ്റപ്പാലംകാരിയായ അരുണിമ ഐ പി. ലക്ഷ്വറി റിസോര്‍ട്ടുകള്‍ക്കും സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും പകരം, തോക്കേന്തിയ താലിബാന്‍ ഭരണകൂടത്തിന്റെ മണ്ണും, കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകളുടെ ഇടനാഴികളും, ആമസോണ്‍ കാടുകളിലെ വന്യതയുമാണ് ഈ ഇരുപത്തിയാറുകാരി തന്റെ യാത്രാവേദിയാക്കിയത്. വണ്ടിക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചും, സൈക്കിള്‍ ചവിട്ടിയും 70-ലധികം രാജ്യങ്ങള്‍ പിന്നിട്ട അരുണിമ, മലയാളിയുടെ യാത്രാ സങ്കല്‍പ്പങ്ങളെ ഒന്നടങ്കം തിരുത്തിക്കുറിച്ച അതിസാഹസികയായ യാത്രികയാണ്. 

അരുണിമയുടെ യാത്രാജീവിതത്തിലെ ഏറ്റവും അപകടം നിറഞ്ഞ അധ്യായം കുറിക്കപ്പെട്ടത് 2026 ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയ അഫ്ഗാനിസ്ഥാന്‍ യാത്രയിലാണ്. താലിബാന്‍ ഭരണകൂടത്തിന്റെ കീഴിലുള്ള അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് പുരുഷതുണയോ ഔദ്യോഗിക ഗൈഡോ ഇല്ലാതെ യാത്ര ചെയ്യാന്‍ കടുത്ത വിലക്കുണ്ട്. സെപ്റ്റംബര്‍ 14-ന് രാത്രി അഫ്ഗാനിലെ ബാമിയാന്‍ പ്രവിശ്യയില്‍ എത്തിയ അരുണിമയെ, കൃത്യമായ യാത്രാ പെര്‍മിറ്റുകള്‍ ഇല്ലാത്തതിനാലും നിയമലംഘനം നടത്തിയതിനാലും താലിബാന്‍ അധികൃതര്‍ തടഞ്ഞുവെച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിയില്‍ അരുണിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച അടിയന്തര സന്ദേശം കേരളക്കരയെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി. ഒടുവില്‍ പ്രാദേശിക വ്യക്തികളുടെയും വിവര്‍ത്തകന്റെയും ഇടപെടലിലൂടെയും, ഇന്ത്യന്‍ എംബസിയുടെ കൃത്യമായ സഹായത്തോടെയും വലിയൊരു തുക പിഴയൊടുക്കിയാണ് താലിബാന്റെ തടങ്കലില്‍ നിന്നും അവര്‍ സുരക്ഷിതമായി മോചിതയായത്. തുടര്‍ന്ന് കാബൂള്‍ വഴി അവര്‍ ഉസ്‌ബെക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കടന്നു. 

അതോടെയാണ് ലോകമെമ്പാടുമുള്ള സഞ്ചാരപ്രിയര്‍ക്കും ആശ്വാസമായത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനി അരുണിമ സഞ്ചാരം നിര്‍ത്തുമൊന്നൊന്നും ആരും ചിന്തിക്കപോലും വേണ്ട. കാരണം അവളുടെ ജീവിതവീക്ഷണം തന്നെ 'സഞ്ചാരമേ ഉലകം' എന്നതാണ്്.

ചെറുപ്പത്തിലേ യാത്രാപ്രിയ 

പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അരുണിമ ഒരു സാധാരണ മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമായിരുന്നു അവള്‍ക്ക്. ''നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി ലിഫ്റ്റ് ചോദിക്കുന്നത്. വാനിലായിരുന്നു ഞാന്‍ സ്‌കൂളില്‍ പോയ്‌ക്കൊണ്ടിരുന്നത്. ഒരു ദിവസം സ്‌കൂളിലേക്കുള്ള വണ്ടി കിട്ടിയില്ല. എങ്ങനെയെങ്കിലും സ്‌കൂളില്‍ എത്തണമെന്നു മാത്രമാണ് എനിക്ക് ഉണ്ടായിരുന്നത്. അങ്ങനെ ഒരു ബൈക്കിന് കൈ കാണിച്ചു. അയാള്‍ക്ക് എന്നെ അറിയാമായിരുന്നെങ്കിലും എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. അയാള്‍ എന്നെ സ്‌കൂളില്‍ കൊണ്ടുപോയിവിട്ട കാര്യം അപ്പോള്‍ത്തന്നെ വീട്ടില്‍ വിളിച്ച് പറയുകയും ചെയ്തു.

പിന്നീട് എട്ടിലോ മറ്റോ പഠിക്കുമ്പോഴാണ് അതുപോലെ ലിഫ്റ്റ് ചോദിച്ച് സ്‌കൂളില്‍ പോകുന്നത്. അന്ന് സ്‌കൂള്‍ ബസിലായിരുന്നു പോയിരുന്നത്. എന്റെ വീട് ഗ്രാമ പ്രദേശത്താണ്. ബസ് മിസാകുമ്പോഴൊക്കെ ലിഫ്റ്റ് ചോദിക്കല്‍ പതിവാക്കി. പശുവിനെയൊക്കെ കൊണ്ടുപോകുന്ന തുറന്ന പിക്ക്അപ്പ് വാനിലൊക്കെ സ്‌കൂളില്‍ പോയിട്ടുണ്ട്. കൂട്ടുകാരെയും കൂടെ കൂട്ടുമായിരുന്നു. അന്ന് ഹിച്ച് ഹൈക്കിങ് എന്നു പറയുന്നത് വളരെ രസകരമായ കാര്യമായിരുന്നു.''- ആ ഹിച്ച് ഹൈക്കിങിലുടെ അനുപമ പിന്നീട് ലോകം മൊത്തം കറങ്ങി. 

അച്ഛന്‍ യാത്രയെ ഇഷ്ടപ്പെടുന്ന ആളായിരുന്നുവെന്നാണ് അനുപമ പറയാറുള്ളത്. അദ്ദേഹഒ ഓരോ സ്ഥലങ്ങളിലൊക്കെ പോയിട്ട് വരുമ്പോള്‍ അതിന്റെ ഫോട്ടോയൊക്കെ കാണിച്ചു തരുമായിരുന്നു. അച്ഛന് ഒരു ചെറിയ കാമറയുണ്ടായിരുന്നു. ചിത്രങ്ങളൊക്കെ കാണുമ്പോള്‍ അവിടെയൊക്കെ പോയി നേരില്‍ കാണണമെന്ന് അരുണിമക്കും തോന്നുമായിരുന്നു. അവള്‍ ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ തായ്‌ലന്റിലൊക്കെ പോയിട്ടുണ്ട്. അതിന്റെയൊക്കെ ചിത്രം കാണുമ്പോള്‍ യാത്ര ചെയ്യണമെന്ന് അവള്‍ക്കും ആഗ്രഹം തോന്നിത്തുടങ്ങി. 

''ഓരോ സ്ഥലങ്ങളില്‍ യാത്ര പോയി വന്നിട്ട് ഞങ്ങള്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ ഡാഡി അനുഭവങ്ങള്‍ പങ്കുവെയ്ക്കും. ആവശ്യമായ സാധനങ്ങളൊക്കെ പാക്ക് ചെയ്തായിരുന്നു ഡാഡി യാത്ര പോയിരുന്നത്. രാജ്യം വിട്ടുള്ള യാത്രയ്ക്ക് ഡാഡി എന്നെ കൂടെ കൂട്ടുമായിരുന്നില്ല. പക്ഷേ ഇന്ത്യയ്ക്കകത്ത് സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഊട്ടിപോലുള്ള സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. എന്റെ സഹോദരനും അങ്ങനെ തന്നെയായിരുന്നു. എനിക്ക് ബെംഗളുരു അടക്കമുള്ള സ്ഥലങ്ങളില്‍ ബന്ധുക്കളുണ്ട്. അവിടെയൊക്കെ പോകുമ്പോള്‍ തിരിച്ച് ഞാന്‍ ഒറ്റയ്ക്കാണ് മടങ്ങിയിരുന്നത്. അതൊക്കെ യാത്രയോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിച്ചു''- അരുണിമ ഒരു അഭിമുഖത്തില്‍ പറയുന്നു. 

പ്ലസ് ടു കഴിഞ്ഞപ്പോഴാണ് അരുണിമ ഗോവയ്ക്ക് ആദ്യമായി പോകുന്നത്. എറണാകുളത്ത് പബികോം വിത്ത് അയാട്ട പഠിക്കുന്ന കാലമായിരുന്നു അത്. ചുമ്മാ ഇരുന്നപ്പോള്‍ പോകണമെന്ന് തോന്നി. ആരോടും പറയാതെയായിരുന്നു യാത്ര. എറണാകുളത്തു നിന്നും തിരുവനന്തപുരം, അവിടെ നിന്നും ചെന്നൈ, ഹൂബ്ലി, ഗോവ അങ്ങനെയായിരുന്നു യാത്ര. ഗോവയെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ കൈയിലുണ്ടായിരുന്ന പൈസയൊക്കെ തീര്‍ന്നു. അവസാനം അവിടെയുണ്ടായിരുന്ന മലയാളിയായ ഒരു പോലീസുകാരനാണ് സഹായിച്ചത്. 

സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങി 

ഇതിനുശേഷമാണ് ലോറികളിലും ട്രക്കുകളിലും ലിഫ്റ്റ് ചോദിച്ചുള്ള ഹിച്ച് ഹൈക്കിങ് യാത്ര അവര്‍ ഇന്ത്യയൊട്ടാകെ നടത്തിയത്. ''തുടക്കത്തില്‍ ചെലവ് ചുരുക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് അത് പാഷനായി മാറി. എനിക്ക് ഹിച്ച് ഹൈക്കിങ്ങിലൂടെ കിട്ടിയത് വളരെ നല്ല അനുഭവങ്ങളാണ്. യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന ആളുകള്‍ അവരുടെ വീടുകളിലേക്ക് ക്ഷണിക്കും. ചില വീടുകളില്‍ ഒരാഴ്ചയോളം താമസിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെ അവിടെ താമസിക്കും. പിന്നീട് പൈസയായപ്പോഴും ഈ രീതി തന്നെയാണ് പിന്തുടര്‍ന്നത്. ഇടയ്ക്ക് മാത്രമാണ് ഫ്‌ലൈറ്റിലോ ട്രെയിനിലോ യാത്ര ചെയ്തിട്ടുള്ളത്.''- അരുണിമ പറയുന്നു. 

പിന്നീടാണ് സൈക്കളില്‍ ലോകം ചുറ്റുക എന്ന പരിപാടി അരുണിമ പദ്ധതിയിട്ടത്. അപ്പോഴേക്കും സോഷ്യല്‍ മീഡിയിലുടെ ഒറ്റക്ക് ഇന്ത്യ കറങ്ങിയ പെണ്‍കുട്ടി എന്ന നിലയില്‍ അവര്‍ വളരെ പ്രശസ്തയായിരുന്നു. അതുകൊണ്ടുതന്നെ യാത്രയുടെ ചെലവ് ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്തു. സൈക്കിള്‍ അയല്‍പക്കത്തുള്ള ഒരു ഷോപ്പില്‍ നിന്നാണ് തന്നത്. അത് മോഡിഫൈ ചെയ്തിട്ടാണ് ഇറക്കിയത്. സംഭവം വാര്‍ത്തയാതോടെ സര്‍ക്കാറും ഇടപെടന്നു. 2022-ലെ കേരള കായിക മന്ത്രി വി അബ്ദുറഹിമാന്‍ സൈക്കിളില്‍ ലോകം ചുറ്റല്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. മുംബൈ വരെ സൈക്ലിങ് ചെയ്യ്താണ് പോയത്. അവിടെ നിന്നും സൈക്കിള്‍ പാഴ്‌സല്‍ ചെയ്യും. ആദ്യം ഒമാനിലേക്കാണ് പോയത്. 22 രാജ്യങ്ങള്‍ കാണണമെന്നായിരുന്നു ലക്ഷ്യം. ഇത്തരമൊരു പ്ലാന്‍ കേട്ടപ്പോള്‍ വീട്ടുകാര്‍ ആദ്യം ഭയന്നു. പക്ഷേ പിന്നീട് അവര്‍ മകളുടെ പാഷന് ഒപ്പംകൂടി.

2022 ഡിസംബര്‍ 14-നാണ് അവര്‍ ഒമാനില്‍ എത്തി തന്റെ ആദ്യ അന്താരാഷ്ട്ര സോളോ സൈക്കിള്‍ യാത്രയ്ക്ക് തുടക്കം കുറിച്ചത്. 'സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും യാത്ര ചെയ്യാം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്, ഒമാനിലെ മസ്‌കറ്റ് ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളും മലയോര മേഖലകളും അവര്‍ സൈക്കിളില്‍ ചുറ്റിക്കണ്ടു. പിന്നീട് അങ്ങോട്ട് യാത്രക്കാലം തന്നെയായിരുന്നു. യൂട്യൂബിലെ വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ 4വര്‍ഷത്തെ യാത്രാജീവിതത്തിനിടയില്‍ അരുണിമ 70-ലധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഞ്ചാരികള്‍ പൊതുവെ പോകാത്തതും കഠിനമായതുമായ പാതകളിലൂടെ ടെന്റുകളില്‍ താമസിച്ച്, കുറഞ്ഞ ചിലവിലാണ് അരുണിമ ഈ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്തത്. 

ആമസോണ്‍ കാടുകള്‍ മുതല്‍ 

സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത അത്ര സാഹസികമാണ് അരുണിമയുടെ യാത്രകള്‍. ആമസോണ്‍ കാടുകളിലും, കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രങ്ങളിലുമെല്ലാം അതീവ സാഹസികമായി സോളോ യാത്രകള്‍ നടത്തിയിട്ടുണ്ട്. ആമസോണ്‍ മഴക്കാടുകളുടെ ഉള്‍പ്രദേശങ്ങളിലുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളിലാണ് അവര്‍ ദിവസങ്ങളോളം ചിലവഴിച്ചത്. ആമസോണ്‍ കാട്ടിലെ ജനങ്ങളുടെ വിചിത്രമായ ഭക്ഷണരീതികളും ജീവിതരീതികളും അവര്‍ വ്‌ളോഗിലൂടെ കാണിച്ചുതന്നു. വിഷമുള്ള ജീവികളെയും ആമസോണ്‍ നദിയിലെ പിരാന മത്സ്യങ്ങളെയും പിടിച്ചു ചുട്ടുതിന്നുന്ന അവരുടെ രീതികള്‍ നരിട്ട് അനുഭവിച്ചറിഞ്ഞു. 

കാട്ടിലെ ഗോത്രവര്‍ഗ്ഗക്കാരുടെ വിചിത്രമായ ആചാരങ്ങളെക്കുറിച്ചും അരുണിമ പങ്കുവെച്ചിട്ടുണ്ട്. ആമസോണ്‍ കാടുകളിലെ ചില തദ്ദേശീയ ഗോത്രങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈ ദിവസങ്ങളില്‍ അവര്‍ പുരുഷന്മാര്‍ താമസിക്കുന്ന പ്രധാന വീടുകളില്‍ നിന്നും മാറി കാടിന്റെ മറ്റ് ഭാഗങ്ങളിലുള്ള പ്രത്യേക കുടിലുകളിലേക്ക് മാറേണ്ടി വരാറുണ്ട്. ആര്‍ത്തവമുള്ള സ്ത്രീകള്‍ പുരുഷന്മാരുടെ വേട്ടയാടല്‍ ഉപകരണങ്ങളില്‍ തൊടാനോ അവര്‍ക്കൊപ്പം വനത്തിലേക്ക് പോകാനോ പാടില്ല എന്ന വിചിത്രമായ ആചാരം ചില ഗോത്രങ്ങളിലുണ്ട്. ആര്‍ത്തവ രക്തത്തിന്റെ ഗന്ധം വന്യമൃഗങ്ങളെ ആകര്‍ഷിക്കുമെന്ന ഭയവും വേട്ടയാടലിന്റെ ഐശ്വര്യം കെടുത്തുമെന്ന അവരുടെ അന്ധവിശ്വാസവുമാണ് ഇതിന് പിന്നിലെന്ന് അരുണിമ പറയുന്നു. 

ആധുനിക സാനിറ്ററി ഉല്‍പ്പന്നങ്ങളൊന്നും ലഭ്യമല്ലാത്ത കാട്ടിനുള്ളില്‍, ആര്‍ത്തവ ശുചിത്വത്തിനായി ഇലകളും പ്രത്യേക സസ്യങ്ങളുടെ നാരുകളുമൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വേട്ടയാടി കിട്ടുന്ന വിചിത്ര ജീവികളെയും നദിയിലെ പിരാന മത്സ്യങ്ങളെയും ഒപ്പം കാട്ടുപുഴുക്കളെയും പാകം ചെയ്ത് കഴിക്കുന്ന ഇവരുടെ ഭക്ഷണശൈലി അരുണിമ പങ്കുവെച്ചിട്ടുണ്ട്. ആധുനിക ചികിത്സാ സൗകര്യങ്ങളില്ലാത്ത ഇവര്‍ക്ക് പനി മുതല്‍ വലിയ രോഗങ്ങള്‍ക്ക് വരെ കാട്ടിലെ സസ്യങ്ങളുടെ ഇലകളും വേരുകളും ഉപയോഗിച്ചുള്ള തനത് പച്ചമരുന്നുകളാണ് ഏക ആശ്രയം. മുന്‍കാലങ്ങളില്‍ അക്രമകാരികളായിരുന്ന പല ആമസോണ്‍ ഗോത്രങ്ങളും ഇപ്പോള്‍ സഞ്ചാരികളോട് സൗഹൃദപരമായാണ് പെരുമാറുന്നതെന്നും അരുണിമ പറയുന്നു. 

ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് മാഫിയ തലവനായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ ജന്മനാടായ കൊളംബിയയിലെ മെദെജിന്‍ അതുപോലെ കഞ്ചാവ് മാഫിയകള്‍ സജീവമായ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ എന്നിവടങ്ങളിലൂടെ അരുണിമ ഒറ്റയ്ക്ക് ബാക്ക്പാക്കിങ് നടത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ലോക്കല്‍ കഞ്ചാവ് കൃഷിക്കാര്‍ക്കൊപ്പവും മയക്കുമരുന്ന് മാഫിയകളുടെ സാന്നിധ്യമുള്ള പാതകളിലെ ട്രക്കുകളിലും മറ്റും ലിഫ്റ്റ് ചോദിച്ചാണ് അവര്‍ സഞ്ചരിച്ചത്. തോക്കുകളും മയക്കുമരുന്നും സര്‍വ്വസാധാരണമായ ഇടങ്ങളില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ടെന്റടിച്ച് താമസിച്ച് യാത്ര ചെയ്തത് വലിയ സാഹസികതയായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ സൈക്കിളിലും ഹിച്ച്‌ഹൈക്കിങ് വഴിയും അരുണിമ നടത്തിയ യാത്രകള്‍ കഠിനമായിരുന്നു. ഘാന പോലുള്ള രാജ്യങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ താമസിച്ച് അവിടുത്തെ പ്രാദേശിക സംസ്‌കാരങ്ങള്‍ അവര്‍ പകര്‍ത്തി. 

പീഡനശ്രമങ്ങള്‍ അതിജീവിക്കുന്നു 

ഒറ്റക്ക് യാത്രചെയ്യുന്നതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ അവള്‍ വിട്ടുവീഴ്ച ചെയ്യാറില്ല. കുരുമുളക് സ്‌പ്രേ, ചെറിയ കത്തി തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കരുതുക, ആളുകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാല്‍ പെട്ടെന്ന് തന്നെ അവിടെനിന്നും മാറുക, കൃത്യമായ യാത്രാ പ്ലാനുകള്‍ വിശ്വസ്തരായ സുഹൃത്തുക്കളെ അറിയിക്കുക തുടങ്ങിയ രീതികളാണ് അരുണിമ പിന്തുടരുന്നത്. എല്ലാം ക്യാമറയില്‍ പകര്‍ത്തുന്ന രീതിയും സത്യത്തില്‍ സുരക്ഷകൂടിയാണ്. തന്റെ യാത്രകളില്‍ ഗുരുതരമായ ലൈംഗിക പീഡന ശ്രമങ്ങള്‍ നേരിട്ടില്ലെങ്കിലും ചില മോശം അനുഭവങ്ങളും ശല്യപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ടെന്ന് അരുണിമ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 

അപരിചിതരായ ആളുകള്‍ക്കൊപ്പം വണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ ചിലര്‍ മോശമായി സംസാരിക്കാനോ ശല്യം ചെയ്യാനോ മുതിരാറുണ്ട്. പ്രത്യേകിച്ച്, സ്ത്രീകള്‍ പൊതുവിടങ്ങളില്‍ അധികം വരാത്ത ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും ചില ഉള്‍ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ കടുത്ത തുറിച്ചുനോട്ടങ്ങളും അനാവശ്യ ചോദ്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയും മറ്റും യാത്ര ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കവെ, 'നല്ല അനുഭവങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, മോശം അനുഭവങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ യാത്ര ചെയ്യുന്നത്' എന്ന് അരുണിമ പറഞ്ഞിട്ടുണ്ട്. യാത്രകളില്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായിരിക്കില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ മുന്‍കൂട്ടി കാണുന്നു. 

എന്തിന് കേരളത്തില്‍വെച്ചും അരുണിമക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ അവള്‍ പറയുന്നതിങ്ങനെ-''ഒരു ദിവസം പാലക്കാടു നിന്നും ഞാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. രാത്രിയായിരുന്നു. കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയില്‍ വെച്ച് ഒരു ലോറിക്കാരന്‍ എനിക്ക് ലിഫ്റ്റ് തന്നു. കയറിയപ്പോള്‍ വളരെ നല്ല പെരുമാറ്റമായിരുന്നു. എനിക്ക് സംശയമൊന്നും തോന്നിയില്ല. യാത്രയുടെ ഉദ്ദേശത്തെക്കുറിച്ചും പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ചു. ഇതൊക്കെ ചോദിച്ചിട്ട് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അയാള്‍ ലൈംഗിക ചുവയോടെ സംസാരിക്കാന്‍ തുടങ്ങി. മലയാളത്തില്‍ പറഞ്ഞാല്‍ 'തരുവോ' എന്നാണ് ചോദിച്ചത്. 

അപ്പോള്‍ത്തന്നെ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അപ്പോള്‍ ചൂടാവല്ലേയെന്ന് അയാള്‍ വൃത്തികെട്ട ടോണില്‍ പറഞ്ഞു. അതോടെ അയാളെക്കൊണ്ട് വണ്ടി നിര്‍ത്തിച്ച് ഞാന്‍ പുറത്തിറങ്ങി. ഇറങ്ങിയ ശേഷം ഞാന്‍ ബാഗ് ഒരിടത്ത് കൊണ്ടുവെച്ചിട്ട് തിരിച്ചു വന്ന് അയാളുടെ സൈഡിലെ ഡോര്‍ തുറന്ന് അയാളുടെ കണ്ണിലേക്ക് പെപ്പര്‍ സ്‌പ്രേയടിച്ചു. അതടിച്ചു കഴിഞ്ഞാല്‍ കാല്‍ മണിക്കൂറത്തേക്ക് ഒന്നും കാണാന്‍ സാധിക്കില്ല. രണ്ട് മണിക്കൂറത്തേക്ക് വല്ലാത്ത പുകച്ചിലുണ്ടായിരിക്കും. പിന്നെ ഞാന്‍ അയാളെ നോക്കിയില്ല. ഞാന്‍ മുന്നോട്ടു തന്നെ നടന്നു. ഏകദേശം രാത്രി രണ്ട് മണിയൊക്കെയായി കാണും. വണ്ടികള്‍ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് കൊറോണയുടെ സമയവും. നിയന്ത്രണങ്ങളുള്ള സമയമാണ്. 

ഞാന്‍ രണ്ട് കിലോമീറ്ററോളം നടന്നു. അപ്പോള്‍ ഒരു പയ്യന്‍ ബൈക്ക് അടുപ്പിച്ച് പോരുന്നോയെന്ന് ചോദിച്ചു. എന്താ ഒറ്റയ്ക്ക് നടക്കുന്നേ? കുറച്ച് മുന്നേക്ക് ആക്കാമെന്നു പറഞ്ഞാണ് ലിഫ്റ്റ് തന്നത്. അയാളും എന്നോട് മോശമായി അപ്രോച്ച് ചെയ്തു. അങ്ങനെ അയാളുടെ കണ്ണിലും ഞാന്‍ പെപ്പര്‍ സ്‌പ്രേയടിച്ചു. അത് മാത്രമാണ് കേരളത്തില്‍ നിന്നും ഉണ്ടായ മോശപ്പെട്ട അനുഭവം. പിന്നീട് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് അത്ര മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല.''- അരുണിമ പറയുന്നു. 

കഞ്ചാവും മദ്യവും പ്രോല്‍സാഹിപ്പിക്കുന്നു? 

2025 ഏപ്രിലില്‍ അമേരിക്കന്‍ യാത്രയ്ക്കിടെ ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് അരുണിമ പൊട്ടിക്കരഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചിരുന്നു. ന്യൂയോര്‍ക്കിനടുത്തുള്ള ഒരു വീട്ടില്‍ നിന്നും പാതിരാത്രിയില്‍ ഇറക്കിവിട്ടതായി പറയുന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.അരുണിമയ്ക്ക് മുന്‍പ് നാല് വര്‍ഷമായി അറിയാവുന്ന, ന്യൂയോര്‍ക്കിലെല്ലാം അവരുടെ കൂടെ കറങ്ങാന്‍ വന്ന ജോര്‍ജ് എന്ന 70 വയസ്സുകാരനായ ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം തന്റെ മകളുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അമേരിക്കന്‍ യാത്രയ്ക്കിടയില്‍ അരുണിമ ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാനായി എത്തി. എന്നാല്‍ അവള്‍ അവിടെ എത്തുന്ന കാര്യം ജോര്‍ജ്ജ് തന്റെ മക്കളെയോ കൊച്ചുമക്കളെയോ അറിയിച്ചിട്ടുണ്ടായിരുന്നില്ല. താന്‍ ചെന്നതിനു പിന്നാലെ ജോര്‍ജ്ജിന്റെ കൊച്ചുമകള്‍ വന്ന് അര്‍ദ്ധരാത്രി 12 മണിയോടെ, കനത്ത മഴയും 6 ഡിഗ്രി തണുപ്പുമുള്ള സമയത്ത് തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നാണ് അരുണിമ വീഡിയോയില്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്. തന്റെ യാത്രാ കരിയറിലെ തന്നെ ഏറ്റവും മോശം അനുഭവങ്ങളില്‍ ഒന്നായാണ് അരുണിമ ഇതിനെക്കുറിച്ച് ഇന്‍സ്റ്റാഗ്രാം റീലിലും യൂട്യൂബിലും വീഡിയോ പങ്കുവെച്ചിരുന്നത്. 

അരുണിമയ്ക്ക് തന്റെ കാര്യം നോക്കാന്‍ നന്നായി അറിയുമെങ്കിലും, സദാചാര മലയാളി വെറുതെ വിടില്ല. അവര്‍ വസ്ത്രത്തിലും കുടെ യാത്രചെയ്യുന്ന ആളിലുമൊക്കെ നോക്കി മോശം കമന്റിടും. ഘാനയിലെ ഒരു വെള്ളച്ചാട്ടത്തിന് സമീപമുള്ള ഗ്രാമീണരുടെ പരമ്പരാഗത മസാജ് രീതി താന്‍ പരീക്ഷിച്ച വീഡിയോ അവള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഒരു ആഫ്രിക്കക്കാരന്‍ നദീതീരത്ത് കിടത്തി അരുണിമയെ മസാജ് ചെയ്യുന്നതായിരുന്നു അത്. ഇതുകണ്ടതോടെ മലയാളി പുരുഷുകള്‍ക്ക് കുരുപൊട്ടി. അവര്‍ കടുത്ത വിമര്‍ശനങ്ങളാണ് കമന്റായിട്ടത്. എന്നാല്‍ അരുണിമ ഇതൊന്നും ശ്രദ്ധിച്ചതുപോലുമില്ല. 

യാത്രയ്ക്കിടയില്‍ ചാരായം കുടിക്കുന്നതിന്റെയും കഞ്ചാവ് തോട്ടത്തില്‍ നില്‍ക്കുന്നതിന്റെയുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെപേരിലും അവള്‍ വലിയതോതില്‍ വിമര്‍ശനത്തിനിരയായി. പക്ഷേ ഇതിലൊക്കെ മറ്റുള്ളവര്‍ക്ക് എന്താണ് കാര്യമെന്നാണ് അരുണിമ ചോദിക്കുന്നത്-''ഞാന്‍ മദ്യപിക്കാറുണ്ട്. വീട്ടിലിരുന്ന് കുടിക്കാറുണ്ട്. അതിലൊന്നും ഞാന്‍ തെറ്റു കാണുന്നില്ല. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അതൊക്കെ ചെയ്യുന്നതില്‍ എന്താണ് കുഴപ്പം. ഞാന്‍ അച്ഛന്റെ കൂടെയിരുന്ന് മദ്യപിച്ചിട്ടുണ്ട്. ഞാന്‍ തായ്‌ലന്റില്‍ പോയപ്പോള്‍ കഞ്ചാവ് വലിച്ചു നോക്കിയിട്ടുണ്ട്. അത് അവിടെ ലീഗലാണ്''- ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു. 

ശുചിമുറിയില്ലാത്തിടത്തൊക്കെ എന്തുചെയ്യുമെന്നാണ് മലയാളി കെയറേട്ടന്‍മ്മാരുടെ ചോദ്യം. അതിനും അരുണിമ ഇങ്ങനെ മറുപടി പറയുന്നു.-'' ഒരു നാട്ടില്‍ ചെന്നാല്‍ ആ നാട്ടിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മളും പ്രവര്‍ത്തിക്കേണ്ടത്. അതിലൊന്നും നാണം തോന്നേണ്ട കാര്യമില്ല. ഉത്തരേന്ത്യയിലൊക്കെ പുലര്‍ക്കാലത്ത് ഹൈവേയിലൂടെ നടക്കുമ്പോള്‍ എന്നെക്കാള്‍ വയസുള്ള സ്ത്രീകള്‍ വഴിയരികിലിരുന്ന് 'കാര്യം സാധിക്കുന്നത്' കാണാം. അതുകൊണ്ട് അത്തരം കാര്യങ്ങളിലൊന്നും നാണം തോന്നിയിട്ടില്ല. കേരളത്തില്‍ മാത്രം അത് ചെയ്യുന്നില്ല എന്നേയുള്ളൂ. പണ്ട് ആര്‍ത്തവ സമയത്ത് ഞാന്‍ പാഡ് ആണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ലോറിയുടെ അടിയില്‍ നിന്ന് ഞാന്‍ പാഡ് മാറ്റിയിട്ടുണ്ട്. അതൊന്നും ആരും ശ്രദ്ധിക്കുന്നതായി കണ്ടിട്ടില്ല. ഇപ്പോള്‍ മെനുസ്ട്രല്‍ കപ്പാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അത്തരം ബുദ്ധിമുട്ടുകളും ഇല്ലാതായി. പിന്നെ ആര്‍ത്തവ സമയത്ത് മറ്റ് സ്ത്രീകള്‍ക്കുള്ളപോലെ വേദനയൊന്നും എനിക്കില്ല. അതിനാല്‍ ആ സമയത്ത് വിശ്രമം എടുക്കാറുമില്ല''- അരുണിമ പറയുന്നു. 

തന്റെ യാത്രാനുഭവത്തിന്റെ വെളിച്ചത്തില്‍ അരുണിമക്ക് സ്ത്രുശാക്തീകരണത്തെക്കുറിച്ചാണ് ഏറെ പറയാനുള്ളത്-'' പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. മേഘാലയില്‍ പോയാല്‍ അറിയാം. അവിടെ പെണ്‍കുട്ടികളാണ് എല്ലാം ചെയ്യുന്നത്. മദ്യക്കടയിലായാലും ഇറച്ചിവെട്ടുന്ന കടയിലായാലും പെണ്‍കുട്ടികളെയാണ് നമുക്ക് കാണാന്‍ സാധിക്കുക. പുരുഷാധിപത്യമുള്ള സ്ഥലമല്ല അത്. ഇവിടെ ആണുങ്ങള്‍ ഭരിക്കുന്നതുപോലെ അവിടെ സകല കാര്യങ്ങളും ചെയ്യുന്നത് സ്ത്രീകളാണ്. കമ്പോഡിയ, വിയറ്റ്‌നാം, തായ്‌ലന്റ് എന്നിവിടങ്ങളിലൊക്കെ പോയപ്പോഴും എനിക്ക് അതാണ് തോന്നിയത്. അവിടെ നാല് വയസുള്ള കുട്ടി പോലും ധൈര്യപൂര്‍വം നമ്മുടെയൊപ്പം വരും. ഇവിടുത്തെ പേരന്റിങ് മാറേണ്ടതുണ്ട്. ഇവിടെ കുട്ടികള്‍ അടി കിട്ടുമോയെന്ന് പേടിച്ചാണ് വളരുന്നത്. പേരന്റിങ്ങും വിദ്യാഭ്യാസ രീതിയിലും മാറ്റം വന്നാല്‍ നമ്മുടെ കേരളത്തെ മാറ്റാന്‍ സാധിക്കും. 18 വയസുവരെയുള്ള കാലയളവിലാണ് നമ്മുടെ വ്യക്തിത്വം രൂപപ്പെടുന്നത്. നമ്മുടെ കുട്ടികള്‍ ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് സ്‌കൂളിലും വീട്ടിലുമാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുന്നതിന് സഹായിക്കുന്ന രീതിയിലായിരിക്കണം പേരന്റിങ്ങും വിദ്യാഭ്യാസവും.''- അരുണിമ ചൂണ്ടിക്കാട്ടുന്നു. 

തുടരും, ഈ യാത്രകള്‍... 

അനുപമയേപ്പോലുള്ള ഒരു പെണ്‍കുട്ടി, താലിബാന്‍ ഭരിക്കുന്ന അഫ്ഗാനില്‍ പോയതുതന്നെ വലിയ അബദ്ധമാണെന്നാണ്, സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. കാരണം തന്റെ വീഡിയോകളിലൂടെ അരുണിമ, അഫ്ഗാന്‍ ഭരണകൂടത്തെ നന്നായി വിമര്‍ശിക്കുന്നുണ്ട്. അവര്‍ അഫ്ഗാനിലെത്തിയ ആദ്യം ദിവസംതന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത് ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ അപമാനിക്കപ്പെട്ട ദിവസമാണ് ഇതെന്നാണ്. സ്ത്രീകള്‍ക്ക് പുരുഷ തുണയില്ലാതെ പുറത്തിറങ്ങാന്‍ കഴിയില്ല എന്നതിനെ അവര്‍ പരസ്യമായി പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്യുന്നു. താലിബാന് മലയാളം അറിയാമായിരുന്നെങ്കില്‍ അരുണിമയുടെ സ്ഥിതി അപകടകരമായേനെ എന്നും പലരും ചുണ്ടിക്കാട്ടുന്നു. 

അഫ്ഗാനിസ്ഥാനില്‍ ഓരോ പ്രവിശ്യയും കടക്കാന്‍ പ്രത്യേക പെര്‍മിറ്റ് ആവശ്യമാണ്. സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനാല്‍ ജലാലാബാദില്‍ നിന്നും അരുണിമയ്ക്ക് ഈ പെര്‍മിറ്റ് നിഷേധിക്കപ്പെട്ടിരുന്നു. മുന്‍പുള്ള ചെക്ക്‌പോസ്റ്റുകളില്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഒരു യാത്രാസുഹൃത്ത് കൂടെയുണ്ടെന്ന് കള്ളം പറഞ്ഞാണ് അരുണിമ കടന്നുകൂടിയിരുന്നത്. ഇതും പിടിക്കപ്പെട്ടാന്‍ കളിമാറുമായിരുന്നു. ബാമിയാനില്‍ വെച്ച് രേഖകള്‍ പരിശോധിച്ച താലിബാന്‍ ഉദ്യോഗസ്ഥരാണ് നിയമലംഘനത്തിന് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞത്. 

താലിബാന്റെ പിടിയിലായ ഉടന്‍ അരുണിമ തന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലൂടെ താന്‍ മുജാഹിദീന്റെ പിടിയിലാണെന്നും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ ആരെങ്കിലും സഹായിക്കണമെന്നും കാണിച്ച് ഭീതിയോടെ ഒരു എസ്ഒഎസ് അടിയന്തര സന്ദേശം പങ്കുവെച്ചു. ഇത് കേരളത്തിലും സോഷ്യല്‍ മീഡിയയിലും വലിയ ആശങ്കയ്ക്ക് കാരണമായി. അരുണിമ ബാമിയാനില്‍ എത്താന്‍ സഹായിച്ച ഒരു പ്രാദേശിക വ്യക്തിയും ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു വിവര്‍ത്തകനും ഇടപെട്ട് താലിബാന്‍ അധികൃതരുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തി. 

ഒടുവില്‍ പിഴ ഈടാക്കിയ ശേഷമാണ് താലിബാന്‍ ഇവരെ വിട്ടയക്കാന്‍ തയ്യാറായത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതരും അഫ്ഗാന്‍ ഭരണകൂടവുമായി ബന്ധപ്പെടുകയും അരുണിമയ്ക്ക് സുരക്ഷിതമായി മടങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്യുകയും ചെയ്തു.താന്‍ സുരക്ഷിതയാണെന്നും ഇന്ത്യന്‍ എംബസിക്ക് നന്ദി പറയുന്നുവെന്നും വ്യക്തമാക്കി അരുണിമ പിന്നീട് പുതിയ വീഡിയോ പങ്കുവെക്കുകയുണ്ടായി. ഈ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ അരുണിമ യാത്ര നിര്‍ത്തുമെന്ന് ആരും കരുതുന്നില്ല. കാരണം യാത്രക്കും അനുഭവങ്ങള്‍ക്കും വേണ്ടി എന്ത് ദുരിതം സഹിക്കാനും അവര്‍ തയ്യാറാണ്. ''എനിക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ് പല രാജ്യങ്ങളിലും കാണുന്നത്. നമ്മള്‍ കണ്ടതുമാത്രമല്ല ലോകം എന്ന് മനസ്സിലാക്കാനാണ് ഞാന്‍ യാത്ര ചെയ്യുന്നത്. യാത്ര തന്നെയാണ് എന്റെ പ്രൊഫഷന്‍. മരിക്കുന്നതുവരെ എനിക്ക് യാത്ര ചെയ്യണമെന്നാണ് ആഗ്രഹം. അതിപ്പോ സൈക്കിളില്‍ അല്ലെങ്കില്‍ ലിഫ്റ്റ് ചോദിച്ച് ഞാന്‍ യാത്ര ചെയ്യും''- മുമ്പ് ഒരു അഭിമുഖത്തില്‍ അരുണിമ പറഞ്ഞത്, ഇതാണ്. അതാണ് സത്യവും. യാത്രകള്‍ ഇനിയും തുടരും. ആര്‍ക്കും അവളെ തടയാന്‍ കഴിയില്ല. 
 

Read more topics: # അരുണിമ
back packer arunima life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES