നൃത്തം രക്തത്തില്‍ അലിഞ്ഞ പെണ്ണ്. ശാസ്ത്രീയ നൃത്തവും വെസ്റ്റേണും ഒരുപോലെ അനായാസം വഴങ്ങുന്ന കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍. പറഞ്ഞുവരുന്നത് മലപ്പുറത്തെ അരുണിമ ജെ ആര്‍ അഥവാ അരുണിമ ദേവാശിഷ് എന്ന ടീച്ചറെ കുറിച്ചാണ്. എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായ അരുണിമ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴയിലെ ഇലാഹിയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ എത്തിയത്. അവിടുത്തെ കലാമേള ഉദ്ഘാടന വേദിയില്‍ ടീച്ചര്‍ സാരിയുടുത്ത് ചുവടു വച്ചപ്പോള്‍ ആ വീഡിയോ അതിവേഗമാണ് വൈറലായത്. ഇതുവരെ 18 മില്യണ്‍ പേര്‍ കണ്ട ഡാന്‍സ് വീഡിയോയ്ക്ക് പിന്നിലെ ടീച്ചര്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ആരാധകര്‍ മുഴുവന്‍. ഒരു വര്‍ഷം മുമ്പും അരുണിമ ഇതുപോലെ വൈറലായിരുന്നു. അന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ടാലന്റ് ഷോയ്ക്കിടെയുള്ള ഡാന്‍സ് ആണ് വൈറല്‍ ആയത്. ഇപ്പോഴിതാ, ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും ശ്രദ്ധ നേടുകയാണ്.
വിദ്യാര്‍ഥികളടങ്ങുന്ന സംഘത്തിനൊപ്പം നൃത്തം ചെയ്ത അരുണിമ അക്ഷരാര്‍ത്ഥത്തില്‍ കാണികളെ ആവേശത്തിലാഴ്ത്തുകയായിരുന്നു. ഇളം നീല സാരിയണിഞ്ഞ്, ഒപ്പമുണ്ടായിരുന്നവരെയൊക്കെ നിഷ്പ്രഭമാക്കുന്ന എനര്‍ജിയോടെയായിരുന്നു അരുണിമയുടെ ഡാന്‍സ്. എ.ആര്‍ റഹ്മാന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നായ 'മുക്കാല മുക്കാബല' എന്ന ഗാനത്തിനൊപ്പമായിരുന്നു അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സ്. ഡാന്‍സ് ഐക്കണ്‍ പ്രഭുദേവ അനശ്വരമാക്കിയ ചുവടുകള്‍ അരുണിമ അതിമനോഹരമായിട്ടാണ് പുനരവതരിപ്പിച്ചത്. വലിയ കയ്യടികളോടെയും ആര്‍പ്പു വിളികളോടെയുമാണ് ഈ അധ്യാപികയുടെ നൃത്തത്തെ കുട്ടികള്‍ വരവേറ്റതും. സാരി ധരിച്ചുകൊണ്ട് ഇത്ര മനോഹരമായി എങ്ങനെ ചുവടുവയ്ക്കാനാകുന്നു എന്നും ആസ്വാദകര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു.
എന്നാല്‍, പാട്ട് ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ വസ്ത്രം തനിക്കൊരു പ്രശ്നമല്ലെന്ന് അരുണിമ പറയുന്നു. ഭരതനാട്യം അഭ്യസിക്കുമ്പോള്‍ സാരിയില്‍ ആണ് റിഹേഴ്സല്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ, ഈ ശീലം കാരണം സാരിയിലായാലും അനായാസമായി ചുവടുവയ്ക്കാന്‍ കഴിയും. മനോരമ ഓണ്‍ലൈനിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ അരുണിമ പറയുന്നത് ഇങ്ങനെയാണ്: 'സാരിയില്‍ നൃത്തം ചെയ്തതാണ് ആളുകളെ ഏറ്റവും അദ്ഭുതപ്പെടുത്തിയത് എന്ന് തോന്നുന്നു. ഒരുപാട്ട് പ്ലേ ചെയ്തുകഴിഞ്ഞാല്‍ എനിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. അവിടെ വസ്ത്രം പ്രശ്നമല്ല - ഞാന്‍ ആ താളത്തിനൊത്ത് പോകും. ഭരതനാട്യം അഭ്യസിക്കുമ്പോള്‍ ഞാന്‍ സാരിയാണ് കൂടുതലും ധരിച്ചിരുന്നത്. സാരി എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍, അധ്യാപികയായപ്പോഴും അത് തന്നെയാണ് ധരിക്കുന്നത്. അതുകൊണ്ട് സാരിയില്‍ ഡാന്‍സ് ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. '
മൂവാറ്റുപുഴയിലെ ഇലാഹിയ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ കലാമേളയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അരുണിമ. പരിപാടിക്ക് ഒരു ദിവസം മുന്‍പാണ് സംഘാടകര്‍ വിദ്യാര്‍ഥികളോടൊപ്പം നൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 'ആ പാട്ടിന്റെ ചെറിയൊരു ഭാഗത്തിന്റെ കൊറിയോഗ്രാഫി അരുണിമ അവര്‍ക്ക് അയച്ചുകൊടുക്കുകയും ആ വിഡിയോ നോക്കി വിദ്യാര്‍ത്ഥികള്‍ സ്റ്റെപ്പ് പഠിച്ചെടുക്കുകയും ആയിരുന്നു. സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് രണ്ട് തവണ റിഹേഴ്സല്‍ ചെയ്തുനോക്കി. അങ്ങനെയാണ് ആ ഡാന്‍സ് സംഭവിച്ചത്. 'ഇതേ വേദിയില്‍ വച്ച് അരുണിമ 'കാലാ ചശ്മ'യ്ക്ക് ചുവടുവച്ചതും വൈറലായിരുന്നു. മൂന്ന് ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് ഈ വിഡിയോയ്ക്ക് ലഭിച്ചത്.
മൂന്നര വയസ്സു മുതല്‍ അരുണിമ നൃത്തം അഭ്യസിക്കുന്നുണ്ട്. ഭരതനാട്യത്തിനൊപ്പം കലോത്സവ വേദിയില്‍ ഒപ്പന, മാര്‍ഗംകളി, നാടോടി നൃത്തം എന്നിവയിലും അരുണിമ തിളങ്ങിയിട്ടുണ്ട്. സ്‌കൂള്‍ പഠനം കഴിഞ്ഞ്, ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്ന് ഭരതനാട്യത്തില്‍ ഡിപ്ലോമ നേടി. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എം.എ പാസായി. ചെന്നൈയിലെ വെല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്നോളജി ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പിഎച്ച്ഡി ചെയ്യുകയാണ് അരുണിമയിപ്പോള്‍.