ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രേക്ഷകശ്രദ്ധ നേടി, പിന്നീട് രാഷ്ട്രീയ പ്രവേശനത്തിലൂടെയും വിവാദങ്ങളിലൂടെയും ചര്‍ച്ചകളില്‍ നിറഞ്ഞ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ സോഷ്യല്‍മീഡിയ ഇടവേള എടുക്കുന്നതായി അറിയിച്ച് കുറിപ്പ് പങ്ക് വച്ചു.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായും, അത് തിരുത്താനായി തെറാപ്പി ആരംഭിച്ചതായും റോബിന്‍ വ്യക്തമാക്കിയത്. കൂടാതെ, കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായും റോബിന്‍ കൂട്ടിച്ചേര്‍ത്തു.
റോബിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
'എന്നില്‍ നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. അത് തിരുത്തിയെടുക്കേണ്ടതുണ്ടെന്നും, ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്നും അറിയിക്കുന്നു. ഞാന്‍ ഇതിനകം തന്നെ തെറാപ്പി ആരംഭിച്ചിട്ടുണ്ട്. സ്വയം വിലയിരുത്തലിന്റെയും, മാറ്റങ്ങളുടെയും, ഒരു മികച്ച വ്യക്തിയായി മാറാനുള്ള ഈ യാത്ര തുടരാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്.
എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാരോഗ്യത്തിനും, എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് സമയം മാറ്റിവെക്കുന്നതിനുമായി കുറച്ചു നാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണ്. മാറ്റത്തിന് സമയമെടുക്കുമെന്ന് എനിക്കറിയാം, എങ്കിലും അതിനായി അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് സ്‌നേഹവും പിന്തുണയും ക്ഷമയും നല്‍കിയ, എന്നെ മനസ്സിലാക്കിയ എല്ലാവര്‍ക്കും നന്ദി. കൂടുതല്‍ കരുത്തോടെയും, ശാന്തതയോടെയും, എന്നത്തേക്കാളും മികച്ചൊരു വ്യക്തിത്വത്തോടെയും ഞാന്‍ തിരികെ വരും.'