സര്‍പ്പാട്ട' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ പാ രഞ്ജിത്തുമായി വീണ്ടും ഒന്നിക്കുന്ന 'വെട്ടുവം' എന്ന സിനിമയിലേക്ക് കഥ പോലും കേള്‍ക്കാതെയാണ് താന്‍ അഭിനയിക്കാനെത്തിയതെന്ന് നടന്‍ ആര്യ. ആദ്യം തനിക്ക് വേഷമില്ലാതിരുന്ന ചിത്രം പിന്നീട് 75 കോടി ബജറ്റിലെ വലിയ സിനിമയായി മാറിയതും അതിലേക്ക് എത്തിപ്പെട്ടതിന്റെ രസകരമായ അനുഭവങ്ങളും താരം വെളിപ്പെടുത്തി.
''സര്‍പ്പാട്ട 2' എപ്പോള്‍ ചെയ്യാമെന്നു ചോദിച്ചപ്പോള്‍ അതിനു മുന്‍പ് ഒരു ചെറിയ പടം ചെയ്യാനുണ്ട്, അത് കഴിഞ്ഞിട്ട് 'സര്‍പ്പാട്ട 2' ചെയ്യാം എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ആ സിനിമയാണ് 'വെട്ടുവം'. 25 കോടി ബജറ്റില്‍ തുടങ്ങിയ ഒരു ചെറിയ ചിത്രമായിരുന്നു അത്. പിന്നീട് അത് 75 കോടി ബജറ്റുള്ള ഒരു വലിയ ചിത്രമായി മാറി. തുടക്കത്തില്‍ ഞാന്‍ ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. 'വെട്ടുവം' അറുപത് ദിവസം കൊണ്ട് ചെയ്യാന്‍ പോകുന്ന സിനിമയാണെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഞാന്‍ ആ സിനിമയില്‍ ഉണ്ടോ? പക്ഷേ അദ്ദേഹം പറഞ്ഞു, 'ഇല്ലെടാ, നീയൊന്നും അതിലില്ല'.
പിന്നീട് ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു, 'വെട്ടുവത്തില്‍ ഒരു കഥാപാത്രമുണ്ട്, നീ ചെയ്യണം.' ഞാന്‍ അദ്ദേഹത്തോട് കഥ എന്താണെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, 'കഥയൊന്നും നിന്നോട് പറയാന്‍ കഴിയില്ല. കഥ പറഞ്ഞാല്‍ നീ ചെയ്യില്ല. നീ ഷൂട്ടിങ്ങിന് വന്നാല്‍ മതി.' അങ്ങനെയാണ് ഞാന്‍ 'വെട്ടുവ'ത്തിന്റെ ഭാഗമാകുന്നത്.' 'തങ്കലാന്' ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെട്ടുവം'. വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പ്രമേയമാക്കുന്നത്. ഭൂതകാലത്തിലെ മനുഷ്യരുടെ ജീവിതരീതികളും ആചാരങ്ങളും വര്‍ത്തമാനകാലത്തെ എങ്ങനെ സ്വാധീനിക്കുകയും അതുവഴി ഭാവിയെ രൂപപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് ചിത്രം വരച്ചുകാട്ടുന്നത്.
'വെട്ടുവം' എന്ന ആയോധനകലയെ പശ്ചാത്തലമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. ആര്യയ്ക്ക് പുറമെ വി.ആര്‍. ദിനേശ്, ശോഭിത ധുലിപാല, കലൈയരസന്‍, ഷബീര്‍ കല്ലറയ്ക്കല്‍, മിം ഗോപി, ഗുരു സോമസുന്ദരം, ജോണ്‍ വിജയ്, സായ് ധീന, ആനന്ദ് സാമി, ഹരീഷ് ഉത്തമന്‍, മനിഷ, നിമ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജി.വി. പ്രകാശ് സംഗീതസംവിധാനവും രൂപേഷ് ഷാജി ഛായാഗ്രഹണവും നിര്‍വഹിക്കുമ്പോള്‍ എസ്.എസ്. മൂര്‍ത്തിയാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍.