ഖലീഫയിലെ പ്രതിനായക വേഷം, പുറത്തിറങ്ങാനിരിക്കുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ സിനിമയിലെ നായക തുല്യമായ വേഷം.. രാജന്‍ പി ദേവിന്റെ കൊച്ചുമകന്‍ ഡോണ്‍ മൈക്കിള്‍ മലയാള സിനിമയില്‍ സജീവമാവുകയാണ്.മലയാള സിനിമയില്‍ വില്ലനായും സ്വഭാവനടനായും ചിരിപ്പിച്ചും വിസ്മയിപ്പിച്ചും അനശ്വരമായ ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച രാജന്‍ പി. ദേവിന്റെ അഭിനയപാരമ്പര്യം കാത്തുസൂക്ഷിക്കുന്നെ് ഉറപ്പാക്കുന്നതാണ് ഡോണിന്റെ പ്രകടനങ്ങളും
തന്റെ ചലച്ചിത്ര അരങ്ങേറ്റത്തിന് മുന്നോടിയായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഡോണ്‍. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ഡോണ്‍ കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുകാലത്ത് മമ്മൂട്ടിക്കൊപ്പം ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച് വിസ്മയിപ്പിച്ച രാജന്‍ പി. ദേവിനെ സ്മരിച്ചുകൊണ്ടാണ് ഈ കുറിപ്പ്.
'ഒരുപാട് കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പിന് മുന്‍പ് എനിക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ച ചുരുക്കം ചില അനുഗ്രഹങ്ങളുണ്ട്. അതിലൊന്നാണ് മമ്മൂക്ക. എന്തിനേക്കാളുമുപരി, ഈ നിമിഷം സ്വര്‍ഗ്ഗത്തിലിരുന്ന് എന്റെ ഡാഡിച്ചനെ പുഞ്ചിരിപ്പിക്കും എന്ന് എനിക്കറിയാം. ആ ഒരു ചിന്ത എനിക്ക് തരുന്ന സന്തോഷം വാക്കുകള്‍ക്കും അപ്പുറമാണ്. സിനിമാ ലോകത്തേക്കുള്ള എന്റെ ഈ തുടക്കത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഒപ്പം നിങ്ങളോരോരുത്തരും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' ഡോണ്‍ മൈക്കിള്‍ കുറിച്ചു.