ദൂരദര്‍ശന്‍ കാലഘട്ടം മുതല്‍ക്കേ ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടംനേടിയ താരമാണ് ഇന്ദുലേഖ.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അന്തരിച്ച ഭര്‍ത്താവും സംവിധായകനുമായിരുന്ന ശങ്കര്‍ കൃഷ്ണയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് പങ്ക് വച്ച കുറിപ്പ് അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. .
ആരോഗ്യപരമായ കാരണങ്ങളാല്‍ 12 വര്‍ഷം മുന്‍പാണ് ശങ്കര്‍ കൃഷ്ണ മരണപ്പെടുന്നത്. അടുത്തിടെ ഇവരുടെ 25-ാം വിവാഹ വാര്‍ഷികമായിരുന്നു. ഈയൊരു പ്രത്യേക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ ഇന്ദുലേഖ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോയും കുറപ്പും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ആ ഓര്‍മ്മകളെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും താരം മനസ്സുതുറക്കുകയാണ്.
നടി ഇന്ദുലേഖയുടെ വാക്കുകള്‍... ''12 വര്‍ഷമായി അദ്ദേഹം മരിച്ചിട്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 25 വര്‍ഷമായത് കഴിഞ്ഞ ദിവസമായിരുന്നു. ഞങ്ങളൊന്നിച്ചുള്ള കുറച്ച് ചിത്രങ്ങളുണ്ടായിരുന്നു. അതുവെച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വണ്‍ മില്യണ്‍ വരെ റീച്ച് കിട്ടിയിരുന്നു ആ പോസ്റ്റിന്. ഇപ്പോളത്തെ കാലഘട്ടത്തില്‍ ആരും ഇങ്ങനെ ഓര്‍ത്തിരിക്കാറില്ല എന്നൊക്കെയായിരുന്നു പ്രതികരണം. അദ്ദേഹം മരിക്കുമ്പോള്‍ എനിക്ക് 32 വയസായിരുന്നു. മോള്‍ക്ക് 7 വയസും. അവള്‍ ഇപ്പോള്‍ എംബിബിഎസിന് പഠിക്കുകയാണ്. ഞാനും മോളും സംസാരിക്കുമ്പോള്‍ പുള്ളിയുടെ കാര്യങ്ങളും പറയാറുണ്ട്. ഫിസിക്കലി ഞങ്ങളുടെ കൂടെയില്ല എന്നേയുള്ളൂ. എപ്പോഴും ഒപ്പമുണ്ട്. ഭര്‍ത്താവ് മരിച്ച സമയത്ത് എന്റെ പേഴ്സ് കാലിയായിരുന്നു. ചടങ്ങുകളൊക്കെ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ജോലിക്ക് പോയി. വിഷമിച്ചിരിക്കാനൊരു സമയം കിട്ടിയിരുന്നില്ല. എങ്ങനെ വരുന്നു, അതുപോലെ എടുക്കുക എന്നായിരുന്നു എന്റെ രീതി.
നന്നായി തിരക്ക് പിടിച്ച് പോയിരുന്ന കാലത്തായിരുന്നു അദ്ദേഹം എന്നോട് ഇഷ്ടം പറഞ്ഞത്. ഇത് എന്റെ മാതാപിതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ഞാന്‍ പറഞ്ഞത്. പുള്ളി വിട്ട് കളയാന്‍ തയ്യാറല്ലായിരുന്നു. കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു പറഞ്ഞത്. അത് എനിക്ക് സ്ട്രൈക്ക് ചെയ്തിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ ബോള്‍ഡാണെന്ന് മനസിലാക്കുന്നത്. തീരുമാനമെടുക്കാന്‍ വല്ലാതെ പ്രയാസപ്പെടുന്നൊരാളായിരുന്നു ഞാന്‍. എന്നോട് ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചാല്‍ പറയാന്‍ അറിയില്ലായിരുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് ആള്‍ കൊള്ളാം എന്ന് തോന്നിയത്. അങ്ങനെയാണ് ഒന്നിച്ചത്'', എന്ന് ഇന്ദുലേഖ വ്യക്തമാക്കി
വിദ്യാഭ്യാസം ഉണ്ടെന്നുള്ളത് ഒരു കോണ്‍ഫിഡന്‍സായിരുന്നു. മോളെ നോക്കണം. പേരന്‍സും കൂടെയുണ്ട്. അവരുടെ കാര്യങ്ങളും ചെയ്യണം. അങ്ങനെ സ്ട്രസ് താങ്ങാനാവാതെ വന്നപ്പോഴാണ് ഡോക്ടര്‍ എന്നോട് ജോലി വേണോ, ജീവിതം വേണോ എന്ന് തീരുമാനിക്കാന്‍ ഡോക്ടര്‍ പറഞ്ഞത്. അത്രയും സ്ട്രസ് എടുത്ത് ജോലി ചെയ്യാന്‍ പറ്റുമായിരുന്നില്ല. അങ്ങനെയാണ് ബാങ്കിലെ ജോലി രാജി വെച്ചത്. അടുത്തത് എന്താണെന്ന ചോദ്യം ഇങ്ങനെ കറങ്ങുന്നുണ്ടായിരുന്നു. അടുത്തത് വരട്ടെ, അപ്പോള്‍ ആലോചിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് ട്രാന്‍സലേഷന്‍ വര്‍ക്കുകള്‍ വരുന്നത്. ഹിന്ദി സീരിയല്‍ മൊഴി മാറ്റി മലയാളത്തിലേക്ക് ആക്കാനായിരുന്നു പറഞ്ഞത്. സ്‌ക്രിപ്്റ്റ് എഴുതാന്‍ അറിയില്ലെങ്കിലും ചെയ്ത് നോക്കാമെന്നായിരുന്നു പറഞ്ഞത്. അത് ആയിരം എപ്പിസോഡ് വരെ എഴുതിയിരുന്നു. മകള്‍ എന്ന ഫാക്ടര്‍ തന്നെയാണ് എന്നെ പിടിച്ച് നിര്‍ത്തിയത്. ഇനി എന്ത് എന്നറിയാത്ത അവസരത്തില്‍ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ച നിമിഷങ്ങളുണ്ടായിരുന്നു. സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഇല്ലായിരുന്നു അന്ന്. ആള്‍ക്കാരെന്ത് വിചാരിക്കും എന്നൊക്കെ ചിന്തിച്ചിരുന്ന കാലമായിരുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും അതായിരുന്നു ചിന്ത. അതിലൊന്നും കാര്യമില്ലെന്ന് പിന്നീട് മനസിലാക്കി. മകള്‍ക്ക് വേണ്ടി ജീവിച്ചേ മതിയാവൂ എന്ന് തീരുമാനിച്ചു. അമ്മ എന്ത് ചെയ്യുന്നു എന്നത് ഞാന്‍ മനസിലാക്കിയാല്‍ മതി, ആളുകളെയെല്ലാം ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്ന് മോളും പറഞ്ഞിരുന്നു.