മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പ്രശസ്ത നടി ലെനയുടെ പുതിയ വെളിപ്പെടുത്തല്‍ സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകുന്നു. തന്റെ മാതൃഭാഷ മലയാളമല്ലെന്നും ഇംഗ്ലീഷാണെന്നുമാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്. തന്റെ അമ്മ ആംഗ്ലോ-ഇന്ത്യന്‍ വംശജയാണെന്നും താന്‍ പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാളം സംസാരിച്ച് തുടങ്ങിയതെന്നും ലെന വ്യക്തമാക്കി. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചില്‍.
തനിക്ക് മലയാളം എഴുതാനും വായിക്കാനും വളരെ ബുദ്ധിമുട്ടാണെന്ന് ലെന പറയുന്നു. അച്ഛന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലായിരുന്നു ജോലി. തന്മൂലം നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ഗുവാഹത്തി, കൊച്ചി, തൃശൂര്‍, ബോംബെ, ബാംഗ്ലൂര്‍ തുടങ്ങിയ വിവിധ നഗരങ്ങളിലായാണ് താന്‍ വളര്‍ന്നത്. ഇതാണ് മലയാളവുമായുള്ള അകല്‍ച്ചയ്ക്ക് കാരണം. ഐ.സി.എസ്.ഇ (ICSE) സിലബസില്‍ പഠിച്ചതു കൊണ്ടും, ഹിന്ദി രണ്ടാം ഭാഷയായി എടുത്തതു കൊണ്ടും മലയാളത്തില്‍ തനിക്ക് വലിയ കമാന്‍ഡില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഇപ്പോള്‍ നന്നായി സംസാരിക്കാന്‍ അറിയാമെന്നും ലെന വ്യക്തമാക്കി.
'ഞങ്ങള്‍ വീട്ടില്‍ ഇംഗ്ലീഷാണ് സംസാരിക്കുന്നത്. എന്റെ മാതൃഭാഷ ഇംഗ്ലീഷാണ്. ഞാന്‍ പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാളം സംസാരിച്ച് തുടങ്ങിയത്. എനിക്ക് ഒരു നിര്‍ബന്ധമുണ്ട്; ഞാന്‍ ഹിന്ദി പറയുന്ന കേട്ടാല്‍ ഒരു മലയാളി ഹിന്ദി പറയുന്നതു പോലെ ആയിരിക്കരുത്. തമിഴ് പറയുമ്പോഴും മറ്റ് ഭാഷകള്‍ കലര്‍ന്ന് സംസാരിക്കുന്നതു പോലെ ആകരുത്. ഇംഗ്ലീഷ് പറയുമ്പോള്‍ മലയാളത്തിന്റെ ചുവ വരരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്.'
1998-ല്‍ ജയരാജ് സംവിധാനം ചെയ്ത 'സ്‌നേഹം' എന്ന ചിത്രത്തിലൂടെയാണ് ലെന ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദേവദൂതന്‍, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, രണ്ടാം ഭാവം, സ്‌നേഹവീട്, ട്രാഫിക്, സ്പിരിറ്റ്, എന്നു നിന്റെ മൊയ്തീന്‍, വെള്ളിമൂങ്ങ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. സിനിമയ്ക്ക് പുറമെ ആത്മീയതയോടും ജീവിതത്തോടുമുള്ള തന്റെ വേറിട്ട കാഴ്ചപ്പാടുകള്‍ മുന്‍പും തുറന്നുപറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള താരമാണ് ലെന. ഭാഷയെക്കുറിച്ചുള്ള താരത്തിന്റെ പുതിയ അഭിമുഖവും ഇപ്പോള്‍ സിനിമാ ആസ്വാദകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്