സോഷ്യല്‍ മീഡിയ വഴിയുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ നടന്‍ വിനായകന് വീണ്ടും നിയമക്കുരുക്കില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ വിനായകനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് നടപടി. ഐടി നിയമത്തിലെ വിവിധ വകുപ്പുകളും നടനെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന മാവേലിക്കര തഴക്കര സ്വദേശിയായ വ്യക്തിയുടെ പരാതിയിലാണ് ഇപ്പോള്‍ വിനായകനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിനാസ്പദമായ സംഭവം വിനായകന്റെ മുന്‍കാല നിലപാടുകളെയോ പോസ്റ്റുകളെയോ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പരാതിക്കാരന്‍ നടന്റെ വാട്സാപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതില്‍ പ്രകോപിതനായ വിനായകന്‍ കടുത്ത പ്രതികാര നടപടിയാണ് സ്വീകരിച്ചത്. പരാതിക്കാരന്റെ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമായിരുന്ന അദ്ദേഹത്തിന്റെ എട്ടുവയസ്സുകാരിയായ മകളുടെ ഫോട്ടോയും പരാതിക്കാരന്റെ ഫോണ്‍ നമ്പറും അശ്ലീലച്ചുവയുള്ള കുറിപ്പോടെ വിനായകന്‍ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പരസ്യമായി പങ്കുവെക്കുകയായിരുന്നു.
നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ നിരവധി പേര്‍ ഈ നമ്പറിലേക്ക് വിളിച്ച് കുട്ടിയുടെ അച്ഛനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. ഇത് കുടുംബത്തിന് വലിയ മാനസിക വിഷമമുണ്ടാക്കി. ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ സ്വന്തം മകളുടെ ചിത്രം ദുരുപയോഗം ചെയ്തതിനും തങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ചതിനുമെതിരെ പെണ്‍കുട്ടിയുടെ പിതാവ് സംസ്ഥാന ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴയില്‍ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ ഈ പരാതി വിശദമായി പരിശോധിച്ചു. കുട്ടിയുടെ ചിത്രവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തി സൈബര്‍ ആക്രമണത്തിന് വഴിയൊരുക്കിയ നടന്‍ വിനായകനെതിരെ അടിയന്തരമായി കേസെടുക്കാന്‍ കമ്മീഷന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര പൊലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മോശമായ പെരുമാറ്റത്തിന്റെയും പൊതുസ്ഥലങ്ങളിലും സോഷ്യല്‍ മീഡിയയിലും ആളുകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളുടെയും പേരില്‍ നടന്‍ വിനായകന്‍ മുന്‍പും നിരവധി തവണ വിവാദങ്ങളില്‍ പെടുകയും നിയമനടപടികള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.
വിനായകന്റെ ഓട്ടോ?ഗ്രാഫിനെ ട്രോളി സോഷ്യല്‍ മീഡിയ
സിനിമയിലെന്ന പോലെ തന്നെ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടന്‍ വിനായകന്‍. മുമ്പ് പല വിവാദങ്ങളിലൂടെയും നടന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം ആയിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നടനെതിരെ ട്രോളുകളും ഒപ്പം വിമര്‍ശനങ്ങളും നിറയുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ മകനും ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ ഫുട്‌ബോള്‍ വീഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനുമായ ആരോമല്‍ വിജയന്‍ വിവാഹിതനായത്.
വിവാഹച്ചടങ്ങിനിടെ നടന്ന ഒരു ചെറിയ സംഭവമാണ് വിനായകന്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വാരിക്കൂട്ടാന്‍ ഇടയാക്കിയത്. വിനായകനോട് ഒരു കുട്ടി ആരാധകന്‍ ഓട്ടോഗ്രാഫ് ചോദിക്കുന്നതും താരം നല്‍കിയ ഓട്ടോഗ്രാഫും ആണ് ചര്‍ച്ചയായി മാറുന്നത്. വിനായകന്‍ എഴുതിയത് എന്താണെന്ന് പലര്‍ക്കും മനസിലായിട്ടില്ല എന്നതാണ് സംഭവം. ഓട്ടോഗ്രാഫ് നല്‍കിയ ശേഷം താരം തമാശയോടെ കണ്ണിറുക്കി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
ഈ രംഗമാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി രസകരമായ പ്രതികരണങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 'ഓട്ടോഗ്രാഫിന് പകരം മരുന്നിന്റെ പ്രിസ്‌ക്രിപ്ഷന്‍ എഴുതിക്കൊടുത്തതാണോ?', 'മേലാല്‍ ഓട്ടോഗ്രാഫ് ചോദിക്കരുത്', 'മെഡിക്കല്‍ സ്റ്റോറില്‍ കാണിച്ചാല്‍ മരുന്നു കിട്ടും', 'എഴുതാന്‍ വേണ്ടി പേന എടുക്കുമ്പോള്‍ തെളിയാതെ വന്നാല്‍ ഞാനും ഇങ്ങനെ ചെയ്യാറുണ്ട്' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി പേര്‍ വിനായകനെ വിമര്‍ശിച്ചുകൊണ്ടും രംഗത്തെത്തി.