സ്വാര്‍ത്ഥതയുടെ ഈ ആധുനിക കാലത്ത്, മനുഷ്യത്വത്തിന്റെ വറ്റാത്ത ഉറവയായി മാറിയ ഒരു വലിയ നന്മയുടെ കഥ സിനിമാ ലോകത്തെയും മലയാളി മനസ്സാക്ഷിയെയും ഈറനണിയിക്കുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഹാസ്യനടന്‍ സാജന്‍ നവോദയ (പാഷാണം ഷാജി) യും ഭാര്യ രശ്മിയും ചേര്‍ന്ന് ചെയ്ത, വാക്കുകള്‍ക്ക് അതീതമായ ഒരു കാരുണ്യപ്രവര്‍ത്തിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആലപ്പി അഷ്‌റഫ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് സിനിമാ മേഖലയിലുള്ളവര്‍ പോലും അധികം അറിയാതിരുന്ന ഈ വലിയ ത്യാഗത്തിന്റെ കഥ വെളിപ്പെടുത്തിയത്.
നീണ്ട 15 വര്‍ഷക്കാലം വാടകവീടുകളില്‍ മാറിമാറി താമസിച്ച്, ഏറെ കഷ്ടപ്പെട്ടാണ് ഒരുപാട് സ്വപ്നങ്ങളോടെ സാജനും ഭാര്യയും സ്വന്തമായി ഒരു വീട് വാങ്ങുന്നത്. എന്നാല്‍ ആ സ്വപ്നക്കൂടാരത്തില്‍ അവര്‍ക്ക് അധികനാള്‍ കഴിയേണ്ടി വന്നില്ല. സ്വന്തം സുഖങ്ങളേക്കാള്‍ മറ്റുള്ളവരുടെ കണ്ണീരിന് വില കല്‍പ്പിച്ച ആ ദമ്പതികളുടെ ജീവിതം മാറ്റിമറിച്ചത് ഒരു ക്യാന്‍സര്‍ രോഗിയുടെ യാചനയായിരുന്നു.
ചികിത്സാ ധനസഹായം തേടി ഒരു ക്യാന്‍സര്‍ രോഗി സമീപിച്ചതിനെത്തുടര്‍ന്ന്, ആ കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിയാന്‍ സാജനും ഭാര്യയും അവരുടെ താമസസ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച്ചകളായിരുന്നു. ചോര്‍ന്നൊലിക്കുന്ന ഒരു ചെറിയ ഫ്‌ലക്‌സ് കുടിലില്‍, നിലത്ത് ഒരു ഫ്‌ലക്‌സ് ഷീറ്റ് മാത്രം വിരിച്ച് അതിലായിരുന്നു ആ ക്യാന്‍സര്‍ രോഗി കിടന്നിരുന്നത്. പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന രണ്ട് പെണ്‍മക്കളും ആ കുടുംബത്തിലുണ്ടായിരുന്നു.
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ശുചിമുറി പോലും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. തന്മൂലം പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് അടുത്തുള്ള പറമ്പുകളെ ആശ്രയിക്കേണ്ടി വരുന്ന ആ പെണ്‍കുട്ടികളുടെ ഗതികേട് സാജന്റെ ഭാര്യയെ ഏറെ സങ്കടപ്പെടുത്തി. തുടക്കത്തില്‍ രോഗിക്ക് കിടക്കാന്‍ ഒരു കട്ടില്‍ വാങ്ങി നല്‍കാനാണ് അവര്‍ തീരുമാനിച്ചിരുന്നതെങ്കില്‍, ആ കുട്ടികളുടെ സുരക്ഷിതത്വമില്ലായ്മ കണ്ടതോടെ അവര്‍ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കാം എന്ന് ഭാര്യ രശ്മി നിര്‍ദ്ദേശിക്കുകയായിരുന്നു. സാജന്‍ ഒട്ടും മടിക്കാതെ തന്നെ ആ തീരുമാനം നെഞ്ചോട് ചേര്‍ത്തു.
'മറ്റൊരു കുടുംബത്തിന് തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടമൊരുക്കിയ ശേഷം, ആ നന്മനിറഞ്ഞ മനുഷ്യര്‍ തങ്ങള്‍ ഏറെ കൊതിച്ചു വാങ്ങിയ സ്വന്തം വീട് വിറ്റ് സന്തോഷത്തോടെ പഴയ വാടക ജീവിതത്തിലേക്ക് തന്നെ മടങ്ങിപ്പോയി.' എന്ന് ആലപ്പി അഷ്‌റഫ് വ്യക്തമാക്കി. രണ്ട് അറ്റാച്ച്ഡ് ബാത്ത്‌റൂമുകളും ഹാളും അടുക്കളയും അടങ്ങുന്ന സുരക്ഷിതമായ ഒരു മനോഹര വീടാണ് ആ കുടുംബത്തിനായി ഇരുവരും പണിതു നല്‍കിയത്. എന്നാല്‍ ആ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാജന് തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വന്തം വീട് വില്‍ക്കേണ്ടി വന്നു എന്നതാണ് ഈ കഥയിലെ ഏറ്റവും വലിയ ത്യാഗം.
കാപട്യങ്ങളില്ലാത്ത ഈ വലിയ മനുഷ്യസ്‌നേഹത്തെ എത്ര പ്രശംസിച്ചാലും അത് കുറഞ്ഞുപോകുമെന്നും, സിനിമയിലെ വലിയ കോടീശ്വരന്മാര്‍ പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് ഈ സാധാരണക്കാരനായ കലാകാരന്‍ ചെയ്തതെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ കുറിപ്പ് ഇതിനകം തന്നെ പതിനായിരങ്ങളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.