തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ശ്രദ്ധേയയായ ഗായിക കെനിഷ ഫ്രാന്‍സിസ് തന്റെ ആദ്യ ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. നടന്‍ ജയം രവിയുടെ (രവി മോഹന്‍) വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കെനിഷ ഇരയായിരുന്നു. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയായിരുന്ന താരം, 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭയപ്പെടുത്തുന്ന തന്റെ മുന്‍കാല ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
പതിനെട്ടാം വയസ്സിലായിരുന്നു കെനിഷയുടെ വിവാഹം. മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭര്‍ത്താവ് തന്നെ പല രീതിയില്‍ ഉപദ്രവിക്കുമായിരുന്നുവെന്ന് കെനിഷ പറയുന്നു. 'ഗര്‍ഭകാലത്ത് ഡംബല്‍ വെച്ച് അവന്‍ എന്റെ വയറ്റിലിടിച്ചു. എനിക്കന്ന് 19 വയസ്സ് മാത്രമാണ് പ്രായം. വേദനകൊണ്ട് നിലവിളിച്ച എന്നെ നേരം വെളുക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ബെംഗളൂരുവിലെ തെരുവിലേക്ക് വലിച്ചെറിഞ്ഞു.
ചോരയൊഴുകി അവശയായ എന്നെ സഹായിക്കാന്‍ അന്ന് ആരും മുന്നോട്ടുവന്നില്ല. ഒടുവില്‍ പ്രായമായ എന്റെ മാതാപിതാക്കള്‍ എത്തിയാണ് എന്നെ ആശുപത്രിയിലേക്ക് മാറ്റിയത്,' കെനിഷ തന്റെ കഠിനമായ ഭൂതകാലം ഓര്‍ത്തെടുത്തു. 23-ാം വയസ്സില്‍ അമ്മയെയും 27-ാം വയസ്സില്‍ അച്ഛനെയും നഷ്ടപ്പെട്ട തനിക്ക് പ്രതിസന്ധികളില്‍ ആരും സഹായിക്കാന്‍ വരില്ലെന്ന തിരിച്ചറിവാണ് കരുത്തായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ദുരനുഭവങ്ങള്‍ നേരിടുന്ന മറ്റ് സ്ത്രീകളോട് പ്രതിസന്ധികളില്‍ നിലവിളിക്കുകയോ ഓടിയൊളിക്കുകയോ ചെയ്യരുതെന്നും, അനുഭവങ്ങളെ ധൈര്യത്തോടെ നേരിട്ട് സ്വയം സ്നേഹിച്ച് മുന്നോട്ട് പോകാനുമാണ് കെനിഷയ്ക്ക് പറയാനുള്ളത്. വെളിച്ചം പകരാന്‍ തന്നെപ്പോലെയുള്ളവര്‍ ഒപ്പമുണ്ടെന്ന ചിന്ത എപ്പോഴും വേണമെന്നും താരം ഓര്‍മ്മിപ്പിക്കുന്നു.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് കെനിഷ ഇപ്പോള്‍ മലയാള സിനിമയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന 'മഡ് ഹൗസ്' എന്ന ചിത്രത്തിലൂടെയാണ് കെനിഷയുടെ മലയാള സിനിമയിലെ അരങ്ങേറ്റം. തനിക്ക് ഏറെ പ്രിയപ്പെട്ട മലയാള സിനിമയിലേക്കുള്ള ഈ കടന്നുവരവിന്റെ സന്തോഷവും അഭിമുഖത്തില്‍ താരം പങ്കുവെച്ചു.