Latest News

അഴകേറും പുരവഞ്ചിയില്‍ സൗജന്യയാത്ര നടത്തിയാലോ

ജിനോ സി. മൈക്കിൾ
അഴകേറും പുരവഞ്ചിയില്‍ സൗജന്യയാത്ര നടത്തിയാലോ

ലപ്പുഴയ്ക്ക് അഴകാണ് പുരവഞ്ചികള്‍. എന്നാല്‍, പ്രളയം ആ അഴകിനെ പിളര്‍ത്തി. പ്രളയത്തില്‍ ആലപ്പുഴയിലെ ടൂറിസം മേഖലയാകെ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 100 കോടിയുടെ നഷ്ടമാണ് പുരവഞ്ചിമേഖലയ്ക്ക് സംഭവിച്ചത്. മറ്റ് അനുബന്ധ ടൂറിസം മേഖലയുടെ കണക്കുകള്‍ കൂടിയാകുമ്പോള്‍ നഷ്ടം ഇരട്ടിയിലധികമാകും.

അന്താരാഷ്ട്ര ടൂര്‍ കമ്പനികള്‍ വരെ ആലപ്പുഴയോട് ഗുഡ്ബൈ പറഞ്ഞു. ബുക്കിങ്ങുകള്‍ കുട്ടത്തോടെ സ്തംഭിച്ചു. കുട്ടനാട്ടില്‍ പ്രളയം കനത്തനാശനഷ്ടം വിതച്ചത് ലോകരാജ്യങ്ങളില്‍ വരെ പരന്നു. കുട്ടനാടന്‍ സൗന്ദര്യം ആസ്വദിക്കാനായി ആലപ്പുഴയിലേക്ക് വരാന്‍ ആഗ്രഹിച്ചവരും യാത്രമാറ്റിവച്ചു. പ്രളയത്തില്‍ നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചതും വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ആലപ്പുഴയില്‍ നിന്ന് അകറ്റി.

ഇവിടം സ്വര്‍ഗമാണെന്ന് 'ബാക്ക് ടു ബാക്ക് വാട്ടേഴ്സ്' പദ്ധതിയിലൂടെ ലോകത്തോട് ആലപ്പുഴ ഉറക്ക വിളിച്ചുപറയുകയാണ്. സഞ്ചാരികള്‍ക്ക് സൗജന്യ പുരവഞ്ചി യാത്ര ഉള്‍പ്പെടെ സമ്മാനിച്ചാണ് ആലപ്പുഴയിലേക്ക് മാടിവിളിക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ആലപ്പുഴയില്‍ അനക്കം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ടൂറിസം സംരംഭകരെയും ആലപ്പുഴയിലേക്ക് ആകര്‍ഷിക്കാന്‍ വിപുമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. കായലോരസഞ്ചാരത്തിന് കരുത്തു പകരാന്‍ 'ബാക്ക് ടു ബാക്ക് വാട്ടേഴ്സ്' പദ്ധതി പ്രകാരം പുരവഞ്ചി റാലിയാണ് ആദ്യഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. ഈ പുരവഞ്ചി റാലി പങ്കെടുക്കുന്നവര്‍ക്കാണ് സൗജന്യയാത്ര ഒരുക്കുന്നത്.

നവംബര്‍ രണ്ടിനാണ് റാലി സംഘടിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചില്‍ നിന്ന് പുന്നമട ഫിനിഷിങ് പോയിന്റിലേക്ക് ബൈക്ക് റാലിയോടെ പദ്ധതിക്ക് തുടക്കം കുറിക്കും. 225-ല്‍പ്പരം പുരവഞ്ചികള്‍, 100-ല്‍പ്പരം ശിക്കാര ബോട്ടുകള്‍ എന്നിവ അണിനിരക്കുന്നതായിരിക്കും മഹാറാലിയെന്ന് ഡി.ടി.പി.സി. സെക്രട്ടറി എം. മാലിന്‍ പറയുന്നു. വേമ്പനാട് കായലില്‍ നടക്കുന്ന റാലി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്.

പുരവഞ്ചി റാലിയില്‍ പങ്കെടുക്കണമെങ്കില്‍ ആലപ്പുഴ ഡി.ടി.പി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മൂന്നു മണിക്കൂര്‍ സൗജന്യ യാത്ര നല്‍കുന്നത്. കുട്ടനാടന്‍ ശൈലിയിലുള്ള സൗജന്യ ഭക്ഷണമുള്‍പ്പെടെ റാലിയില്‍ പങ്കെടുക്കുന്ന സഞ്ചാരികള്‍ക്കായി നല്‍കുന്നുണ്ട്. പുരവഞ്ചി ഉടമകളുടെ കുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റാലിയിലൂടെ ഇരുപത് ലക്ഷം പേരിലേക്ക് ആലപ്പുഴ സുരക്ഷിതമാണെന്ന സന്ദേശം നല്‍കുവാന്‍ സാധിക്കുമെന്നാണ് ഡി.ടി.പി.സി. കണക്കുക്കുട്ടുന്നത്. 

പുരവഞ്ചികള്‍ക്കും ഇനി സ്റ്റാര്‍ പദവി

പുരവഞ്ചികളെയും ഹോട്ടല്‍ മാതൃകയില്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണ്. സൗകര്യങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സ്റ്റാര്‍ പദവി നിശ്ചിയിക്കുന്നത്. നിലവില്‍ പുരവഞ്ചികള്‍ക്ക് നിശ്ചിത നിരക്ക് ഇല്ല. ഓരോ സീസണിലും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. സ്റ്റാര്‍ പദവി നിശ്ചയിച്ച് നിരക്കില്‍ ഏകീകരണമുണ്ടായാല്‍ കുടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ സാധിക്കുമെന്നാണ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പ്രതീക്ഷിക്കുന്നത്.

Read more topics: # travelouge,# aleppy,# houseboat
travelouge,aleppy,houseboat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES