Latest News

കോടമഞ്ഞു പൂക്കുന്ന കൊളുക്കുമലയും സൂര്യോദയവും

Malayalilife
കോടമഞ്ഞു പൂക്കുന്ന കൊളുക്കുമലയും സൂര്യോദയവും

കോടമഞ്ഞു പൂക്കുന്ന കൊളുക്കുമലയും സൂര്യോദയവും മനസ്സില്‍ സ്വപ്നം കണ്ട് രാത്രിയില്‍ സൂര്യനെല്ലിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരുപിടി ചങ്ങാതിമാരും ഒപ്പമുണ്ടായിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിലും കോടമഞ്ഞും തണുപ്പും മൂന്നാറിനെ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. രാത്രിയാത്രയിലെ ഒഴിച്ചുകൂട്ടാനാവാത്ത കട്ടന്‍ചായ ഇവിടെയും ഇടയ്ക്കിടയ്ക്ക് അതിഥിയായി എത്തിയിരുന്നു. നാടും കാടും ഗാഢനിദ്രയില്‍ അലിഞ്ഞു ചേര്‍ന്നപ്പോഴും തണുപ്പ് വകവെയ്ക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.
മൂന്നാറില്‍ നിന്നും സൂര്യനെല്ലിക്കുള്ള യാത്രയുടെ ആദ്യ നിമിഷങ്ങളില്‍ മുഖംമിനുക്കിയ മലമ്പാതകളും പിന്നീട് റോഡില്ലാത്ത അവസ്ഥയിലും ആയിരുന്നു. കണ്ണുമൂടുന്ന കോടമഞ്ഞ് വല്ലാതെ ബുദ്ധിമുട്ടിച്ചു.
4 മണിയോടെ സൂര്യനെല്ലിയില്‍ എത്തി ഡ്രൈവര്‍ മുനിയാണ്ടിയോടെപ്പം ജീപ്പില്‍ ഓഫ് റോഡ് യാത്ര തുടങ്ങുമ്പോള്‍ എല്ലാവരും കൊളുക്കുമലയെ കീഴടക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.ആകാശമാകെ നക്ഷത്രങ്ങളെ കൊണ്ടു നിറഞ്ഞിരുന്നു.വളരെകാലത്തിനു ശേഷമാണ് ഇത്രയും വലിയ നക്ഷത്രകൂട്ടം കാണുന്നത്. കുലുങ്ങിയും കുഴികള്‍ ചാടിയും തേയിലത്തോട്ടങ്ങള്‍ക്കിടയിലുള്ള ചെറിയ പാതയിലൂടെ കൊളുക്കുമലയില്‍ എത്തുമ്പോള്‍ കിഴക്ക് അരുണ വര്‍ണ്ണം തൂകിത്തുടങ്ങിയിരുന്നു.
ഉദയസൂര്യന്റെ വരവിനായി ഞങ്ങള്‍ കാത്തിരുന്നു.തണുപ്പ് അപ്പോഴും വിട്ടുപോകാനുള്ള ഭാവം കാണിക്കുന്നില്ല.അങ്ങനെ ആകാംക്ഷകള്‍ക്ക് വിരാമമിട്ടു പുലരി വിരിഞ്ഞിറങ്ങി. മലനിരകള്‍ക്ക് മുകളിലേക്ക് ഉയര്‍ന്ന സൂര്യന്‍ നിമിഷ നേരത്തിനുള്ളില്‍ ചെഞ്ചായം തൂകി സൂര്യപ്രഭ ഞങ്ങളിലേക്ക് ചൊരിഞ്ഞു.ഇളംപച്ച പട്ടുചാര്‍ത്തിയ തേയിലചെടികളില്‍ അരുണവര്‍ണം ചിന്നിച്ചിതറി വീണുകൊണ്ടിരുന്നു.

ലോകത്തിലെ ഏറ്റവും മനോഹരമായ നിമിഷം പ്രഭാതമാണ്.ഒരു ദിവസത്തിന്റെ ഉണര്‍വ് ആ പുലരിയുടെ വെളിച്ചത്തിലാണ്.
കണ്ടത് മനോഹരം കാണാനുള്ളത് അതി മനോഹരം എന്ന ചിന്തയോടെമലമുകളിലേക്ക് നടക്കുമ്പോള്‍ തളിരിട്ടു തുടങ്ങിയ കാട്ടുപുല്ലുകള്‍ പുതിയ വസന്തത്തിന്റെ വരവറിയിച്ചു കഴിഞ്ഞിരുന്നു. അവിടവിടെയായി വിരിഞ്ഞു നില്ക്കുന്ന ഊട്ടി പൂക്കള്‍ എന്നു ഓമനപ്പേരിലറിയപ്പെടുന്ന വാടാപുഷ്പങ്ങള്‍ ചിരിച്ചു കൊണ്ടു നിന്നപ്പോള്‍ പറിച്ചെടുക്കാതിരിനായില്ല. മഴയില്‍ ഇളകിയടര്‍ന്ന കല്ലുകള്‍ക്കിടയിലൂടെ കയറ്റം കയറുവാന്‍ വല്ലാത്ത ആയാസം തോന്നി. മുകളിലെത്തിയതോടെ കണ്ട കാഴ്ചകള്‍ ഒരിക്കലും വര്‍ണ്ണിക്കാന്‍ പറ്റാത്ത ഒന്നായി മാറി.ദൂരെ പുലരിയുമായി നില്ക്കുന്ന കൊല്ക്കുമലയും മറുവശത്ത് മലകള്‍ക്കപ്പുറം മീശപ്പുലിമലയും.

പച്ചപ്പിന്റെ മേലങ്കിയണിഞ്ഞ് ഒരു വഴിത്താര മാത്രമായി തീര്‍ത്ത ഗിരി ശിഖരം. താഴെ സൂര്യനെല്ലിയും തേയിലത്തോട്ടവും ഹരിതശോഭയോടെ പ്രകൃതി വിസ്മയമായി നിലകൊള്ളുകയാണ്. മറുവശം തമിഴ്‌നാട്ടിലെ കൊരങ്ങണിയുടെ താഴ്വാരവും ശരിക്കും സ്വപ്നതുല്യമായ യാത്ര. തമിഴ്‌നാട് വഴിയുള്ള മീശപ്പുലിമല യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. അനധികൃതമായി കാട് കയറിയാല്‍ 7 വര്‍ഷം വരെ തടവും 5000 രൂപ പിഴയും ആണ് ശിക്ഷ.അതിനാല്‍ ദൂരെ നിന്ന് കാണാനേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.അല്പസമയത്തിനുള്ളില്‍ മലനിരകളെല്ലാം മഞ്ഞുമൂടി കഴിഞ്ഞിരുന്നു. മേഘസമുദ്രം പോലെ പാല്‍ക്കടല്‍ തീര്‍ത്ത് ഞങ്ങളെ വിസ്മയിച്ചു കളഞ്ഞു. സന്തോഷത്തിന്റെ ഉച്ചസ്ഥായിയില്‍ ഞങ്ങള്‍ ഉറക്കെ കൂകിവിളിച്ചു.എത്ര നേരം അവിടെ ചിലവഴിച്ചെന്നറിയില്ല. മടങ്ങിപ്പോകാന്‍ സമയമായിട്ടും മനസ്സു മാത്രം സമ്മതിച്ചില്ല. എങ്കിലും മനസ്സില്ലാമനസ്സോടേ താഴേക്കിറങ്ങി.

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ കുളിര്‍കാറ്റും കൊണ്ടു മലയിറങ്ങുമ്പോള്‍ താഴെയായി ലോകത്തിലെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ഗാനിക് തേയില ഫാക്ടറി കണ്ടുതുടങ്ങിയിരുന്നു. തേയിലത്തോട്ടത്തിനു നടുവില്‍ ഉള്ള കെട്ടിട സമുച്ചയം കൊളുക്കുമലയെപ്പോലെ തലയുയര്‍ത്തി നില്ക്കുകയാണ്. ഉയരം കൂടുമ്പോറും ചായയ്ക്ക് രുചിയും കൂടും അതു ശരി തന്നെയാണ്. തണുപ്പുകാലാവസ്ഥയും തേയിലത്തോട്ടവും ചങ്ങായിമാരും കൂടെ കട്ടനും ആഹാ എന്താ അന്തസ്സ്.കട്ടന്‍ അടിച്ചു എല്ലാവരും ഉഷാറായതോടെ ഇനി സിംങ്കപ്പാറ പോകാം എന്നായി ഡ്രൈവര്‍ മുനിയാണ്ടി. പിന്നെ ഞങ്ങള്‍ക്ക് രണ്ടഭിപ്രായമില്ലാത്തതിനാല്‍ സിംങ്കപ്പാറ എന്ന പുലിപ്പാറയിലേക്ക് മലഞ്ചരിവിലൂടെ മുനിയാണ്ടിക്ക് പിന്നാലെ നടന്നു. വല്യ ദൂരം നടക്കേണ്ടി വന്നില്ല കൊളുക്കുമല എന്ന പശ്ചിമഘട്ടത്തിന്റെ ഓമന പുത്രന്‍, കരിവീരനെപ്പോലെ വാനില്‍ തലയുര്‍ത്തി ഉയര്‍ന്ന് നില്ക്കുകയാണ്. പുലരിയുടെ കാവല്‍ക്കാരന് ഉദയ രശ്മികള്‍ ആദ്യ ചുംബനം നല്കി തഴുകിയുണര്‍ത്തുന്നതു കൊണ്ടാകാം ചിലപ്പോള്‍ കൊളുക്കുമലയ്ക്ക് ഇത്ര പ്രസരിപ്പും കാന്തിയും.ചില കാഴ്ചകള്‍ അങ്ങനെയാണ് ദൂരെ നിന്നു കാണുമ്പോഴേ നമ്മുടെ മനസ്സില്‍ ചേക്കേറിക്കഴിയും.അവിടെ നിന്നും താഴേക്കിറങ്ങിയാല്‍ പുലിപ്പാറയായി. ഒറ്റനോട്ടത്തില്‍ ഒന്നും തോന്നില്ല എങ്കിലും ചിത്രത്തില്‍ ഇവന്‍ പുലി തന്നെയാണ്. 

ഏഴടിയോളം മാത്രമുള്ള ഈ പാറയില്‍ പുലിയുടെ മുഖം കൃത്യമായി വന്നതു പ്രകൃതിയുടെ കരവിരുത് അല്ലാതെന്തു പറയാന്‍. വായും പിളര്‍ന്ന് തന്റെ ഇരയെ കാത്തിരിക്കുന്ന പുലിമുഖം ആരേയും ആകര്‍ഷിക്കും. അടിക്കാടുകള്‍ വളര്‍ന്നു ഇടതൂര്‍ന്ന വനപ്രദേശമായതിനാല്‍ കാടും പുലിപ്പാറയും തേടി ആരും വന്നു പോകും. ഇനി ജീപ്പില്‍ മടക്കയാത്രയാണ്.ഗേറ്റും കടന്ന് മലയിറങ്ങിത്തുടങ്ങിയപ്പോഴേ തേയിലത്തോട്ടം കോടമൂടിത്തുടങ്ങിയിരുന്നു.വലിയ ഉരുളന്‍ കല്ലുകള്‍ മാത്രം നിറഞ്ഞ ഓഫ് റോഡ്.ഇരുവശവും തേയിലത്തോട്ടങ്ങളാല്‍ സമ്പന്നമാണ്, ഇരുട്ടില്‍ മല കയറിയതിനാല്‍ ഈ പ്രകൃതി ഭംഗി അറിയാതെ പോയി.തേയിലയുടെ പുതുനാമ്പുകളില്‍ മഞ്ഞുതുള്ളികള്‍ കുളിരു കോരിയിടുകയാണ്. ഇടയ്ക്ക് ചില ജീപ്പുകള്‍ കൊളുക്കുമല ലഷ്യമാക്കി ഞങ്ങളുടെ വാഹനത്തെ കടന്നു പോയിരുന്നു.ഓരോ വാഹനവും കടന്നു പോകുമ്പോഴും ഞങ്ങളുടെ ഡ്രൈവര്‍ വഴിയില്‍ പ്രശ്‌നങ്ങളില്ല കടന്നു പോകാം എന്നു പറയുന്നുണ്ടായിരുന്നു. മലയിറക്കത്തിനിടയില്‍ ബോടിമെട്ട് എന്ന തമിഴ് പട്ടണത്തിന്റെ വിദൂര ദൃശ്യം കാണാന്‍ സാധിക്കുണ്ടായിരുന്നു. കൂട്ടത്തിലുള്ളവര്‍ ഉറക്കത്തിലേക്ക് പതിയേ തെന്നി വീണിരുന്നു. ഒരുപക്ഷേ ഈ ഓഫ് റോഡാണ് പല സഞ്ചാരികളും ഇങ്ങോട്ടുള്ള യാത്ര മടിക്കുന്നത്.

തേയിലത്തോട്ടങ്ങളും കോട പുതച്ച മലനിരകളും പിന്നിട്ട് സൂര്യനെല്ലിയിലേക്ക് എത്തുമ്പോഴേക്കും സമയം 11 മണി കഴിഞ്ഞിരുന്നു. ഇനി തിരികെ മൂന്നാറിനാണ് യാത്ര.രാത്രിയില്‍ മല കയറിയതിനാല്‍ കാഴ്ച്ചകള്‍ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. റോഡ് പണി നടക്കുകയാണ് ഗ്യാപ്പ് റോഡില്‍,ആകെ ചെളിക്കുളമായ അവസ്ഥ. ചില സ്ഥലങ്ങളില്‍ വളരെ അപകടകരമായ വിധത്തിലാണ് വഴിയുടെ കിടപ്പ്. എങ്കിലും ഇതൊന്നും കൂസാതെ ബൈക്ക് റൈഡേയ്‌സ് നിരനിരയായി സൂര്യനെല്ലിക്ക് പോവുകയാണ്.ചരിത്രത്തിന്റെ അവശേഷിപ്പായ കള്ളന്‍ ഗുഹയും അപ്രത്യക്ഷമായിരിക്കുന്നു. ഇനി അതും ഓര്‍മ്മ മാത്രം. എന്നാല്‍ റോഡു നല്ല രീതിയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.താഴ്വാരം മുഴുവന്‍ തേയില പുതച്ച മലനിരകള്‍ മാത്രം.ഇടയ്ക്ക് വീശിയടിക്കുന്ന കോടമഞ്ഞും സൂര്യനെത്തി നോക്കാത്ത നീലാകാശവും തന്നെയായിരുന്നു പ്രധാന കാഴ്ചകള്‍. ഒരു കൂസലുമില്ലാതെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ഓടിക്കുന്ന ചേട്ടന്മാരുടെ റോഡിലെ പാച്ചിലില്‍ ജീവന്‍ പോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു.മൂന്നാറിനോട് അടുത്തു തുടങ്ങിപ്പോഴേ റോഡുകള്‍ നന്നായിത്തുടങ്ങിയിരുന്നു.

മൂന്നാര്‍ പട്ടണം തിരക്കിലമര്‍ന്നിരിക്കുകയാണ് ഒരുവിധം പഴയ മൂന്നാറിലെത്തി ഓരോ ബിരിയാണിയും കഴിച്ച് അടിമാലിയിലേക്ക് യാത്രയായി.വാളറക്കുത്തും ചീയപ്പാറയും പതിവു തെറ്റിക്കാതെ മലമുകളില്‍ നിന്നും ധാരധാരയായി താഴേക്ക് പതിക്കുകയാണ്. വീണ്ടും ഓരോ കട്ടനും കുടിച്ച് ഞങ്ങള്‍ വിട പറയുമ്പോള്‍ ഒരുപാട് കാലം മനസ്സില്‍ സൂക്ഷിക്കാനുള്ള ഓര്‍മ്മകള്‍ കിട്ടിയിരുന്നു.

(സഞ്ചാരത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്നും എടുത്തത്)
 

 

Read more topics: # travelouge,# kolukkumala
travelouge about kolukkumala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES